ഐസിസ് എന്ന പേരു കേട്ടപ്പോള്‍ ഫേസ്ബുക്ക് ഞെട്ടി; ഭീകരവാദിയാണെന്ന മുന്‍വിധിയോടെ യുവതിയുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്തു

സാന്‍ഫ്രാന്‍സിസ്‌കോ: ഐസിസ് എന്നു പേരായതിന് ഈ യുവതി എന്തു പിഴച്ചു. ഫേസ്ബുക്ക് ചെയ്തതു കേട്ടാല്‍ ഇങ്ങനെ ചിന്തിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഐസിസ് എന്നു പേരായ യുവതിയെ ഫേസ്ബുക്കില്‍നിന്നു തുടച്ചുനീക്കി സുക്കര്‍ബര്‍ഗും കൂട്ടുകാരും.

ഐസിസ് അഞ്ചാലീ എന്ന യുവതിയാണ് തന്റെ പേരു മൂലം ഫേസ്ബുക്ക് അക്കൗണ്ട് നഷ്ടപ്പെട്ടെന്നു കാട്ടി ട്വീറ്റ് ചെയ്തത്. ഐസിസ് ഫേസ്ബുക്കില്‍ അയച്ച സന്ദേശങ്ങള്‍ സ്പാം ആയി മാര്‍ക്ക് ചെയ്തിട്ടുമുണ്ട്. തന്റെ പേര് ഐസിസ് എന്നാണെന്നു വ്യക്തമാക്കാന്‍ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് ഫേസ്ബുക്കിന് അയച്ചിട്ടും അക്കൗണ്ട് മടക്കിത്തന്നില്ലെന്നും അവര്‍ ട്വീറ്റ്‌ചെയ്തു. പേര് ഐസിസ് എന്നായതിനാല്‍ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് മതിയായ തെളിവല്ലെന്നായിരുന്നു ഫേസ്ബുക്കിന്റെ നിലപാട്.

പിന്നീട് കൂടുതല്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയപ്പോള്‍ ഇന്നലെ വൈകിട്ട് ഐസിസിന് ഫേസ്ബുക്കില്‍നിന്നു സന്ദേശം ലഭിച്ചു. ഫേസ്ബുക്ക് അക്കൗണ്ട് മടക്കി ലഭിക്കുകയും ചെയ്തു.നേരത്തേ യൂബര്‍ ടാക്‌സി വിളിച്ചപ്പോഴും പേര് ഐസിസിന് തടസമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here