ഏഴാം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചു; മൊത്തം ശമ്പളത്തില്‍ 23.55 ശതമാനം വര്‍ധനയ്ക്ക് ശുപാര്‍ശ

ദില്ലി: ജസ്റ്റിസ് എ.കെ മാത്തൂര്‍ അധ്യക്ഷനായ ഏഴാം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് ധനമമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് സമര്‍പ്പിച്ചു. മൊത്തം ശമ്പളത്തില്‍ 23.55 ശതമാനം വര്‍ധനയ്ക്കാണ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നത്. അലവന്‍സുകളും പെന്‍ഷന്‍ തുകയും വര്‍ധിപ്പിക്കണമെന്നും സൈനികര്‍ക്ക് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. 2016 ജനുവരി ഒന്നു മുതല്‍ ശുപാര്‍ശകള്‍ നടപ്പിലാകും. പുതിയ ശുപാര്‍ശകള്‍ നടപ്പിലാകുന്നതോടെ പ്രതിവര്‍ഷം സര്‍ക്കാരിന് 1,02,100 കോടി രൂപയുടെ അധികബാധ്യത ഉണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്.

900 പേജുള്ള റിപ്പോര്‍ട്ടാണ് കമ്മീഷന്‍ സമര്‍പ്പിച്ചത്. 47 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 52 ലക്ഷം പെന്‍ഷന്‍കാര്‍ക്കും റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഗുണം ചെയ്യും. കുറഞ്ഞ ശമ്പളം 18,000 രൂപയാക്കണമെന്നും കൂടിയ ശമ്പളം 2.5 ലക്ഷം രൂപയാക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. അടിസ്ഥാന ശമ്പളത്തില്‍ 16 ശതമാനം വര്‍ധനയ്ക്കാണ് ശുപാര്‍ശ ചെയ്യുന്നത്. അലവന്‍സുകള്‍ 6.3 ശതമാനവും വര്‍ധിപ്പിക്കണം. പെന്‍ഷനില്‍ 24 ശതമാനം വര്‍ധനയ്ക്കാണ് ശുപാര്‍ശ ചെയ്യുന്നത്.

പ്രതിവര്‍ഷം 3 ശതമാനം ശമ്പള വര്‍ധനയ്ക്കാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്. ശമ്പളം, പെന്‍ഷന്‍ എന്നീ വിഭാഗങ്ങളിലായി അടുത്ത സാമ്പത്തിക വര്‍ഷം മാത്രം സര്‍ക്കാരിന്റെ ചെലവ് 4.33 ലക്ഷം കോടിയില്‍ നിന്ന് 5.35 ലക്ഷം കോടിയിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്. റെയില്‍വേ ജീവനക്കാരുടെ അടക്കം കണക്കാണ് ഇത്. പുതിയ ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വേണ്ടി വരുന്ന അധിക തുകയായ 1,02,100 കോടി രൂപയില്‍ 73,650 കോടി രൂപ കേന്ദ്ര ബജറ്റില്‍ നിന്നും 28,450 റെയില്‍ ബജറ്റില്‍ നിന്നും കണ്ടെത്തണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News