കണ്ണൂര്‍: സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ശശി തരൂര്‍ എംപിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ദില്ലി പൊലീസ്. പുതിയ ആന്തരികാവയവ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഈ മാസം അവസാനത്തോടെയാണ് ചോദ്യം ചെയ്യലുണ്ടാവുക.
സുനന്ദയുടെ മരണകാരണം പൊളോണിയമോ മറ്റു റേഡിയോ ആക്ടീവ് പദാര്‍ത്ഥമോയല്ലെന്നായിരുന്നു പരിശോധനാഫലം. അമേരിക്കയില്‍ നടത്തിയ ആന്തരികാവയവങ്ങളുടെ പരിശോധനാഫലത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. വിശദാംശങ്ങള്‍ എഫ്ബിഐ ദില്ലി പൊലീസിന് കൈമാറിയിട്ടുണ്ട്.
സുനന്ദയുടെ മരണകാരണം സംബന്ധിച്ച് ഇതുവരെ വ്യക്തതയില്‍ എത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. സുനന്ദയ്ക്ക് ഡോക്ടര്‍ അല്‍പ്രാക്‌സ് ഗുളിക നിര്‍ദ്ദേശിച്ച് നല്‍കിയതാണെന്ന് ശശി തരൂര്‍ നേരത്തെ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ ചോദിച്ചറിയാനാണ് പൊലീസിന്റെ തീരുമാനം. ഇരുവരും തമ്മിലുള്ള തര്‍ക്കത്തെ കുറിച്ചും ഐപിഎല്‍ ടീമുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ചും കൂടുതല്‍ ചോദിച്ചറിയും.
2014 ജനുവരിയിലാണ് ദില്ലിയിലെ ഹോട്ടല്‍ മുറിയില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു ആദ്യം നിഗമനമെങ്കിലും പിന്നീട് വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദില്ലി പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് കേസെടുക്കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here