മാലി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി; ബന്ദികളാക്കിയ 20 ഇന്ത്യക്കാരെയും മോചിപ്പിച്ചു; ആക്രമണം നടത്തിയത് അല്‍ഖായിദ അനുകൂല സംഘടന

ബമാകോ: മാലിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തില്‍ കൊലപ്പെട്ടവരുടെ എണ്ണം 27 ആയി. ഇവരുടെ മൃതദേഹം ഐക്യരാഷ്ട്രസഭാ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തിട്ടുണ്ട്. 20 ഇന്ത്യക്കാരടക്കം ഭീകരര്‍ ബന്ദിയാക്കിയിരുന്ന എല്ലാവരെയും മോചിപ്പിച്ചെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊല്ലപ്പെട്ടവരില്‍ ബെല്‍ജിയത്തിന്റെ ഒരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നതായും വിവരങ്ങളുണ്ട്. യുഎന്‍ മാലി ഫ്രഞ്ച് സൈനികരുടെ സംയുക്ത നീക്കത്തിലൂടെയാണു ബന്ദികളെ മോചിപ്പിച്ചത്. ഇന്ത്യക്കാരെ മോചിപ്പിച്ച വിവരം ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. 124 അതിഥികളും 13 സ്റ്റാഫുകളുമായിരുന്നു ഹോട്ടലിലുണ്ടായിരുന്നത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ഖായിദയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആഫ്രിക്കന്‍ ഭീകരസംഘടന ഏറ്റെടുത്തു. വടക്കേ മാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍മൗറാബിട്ടോണ്‍ എന്ന സംഘടനയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയത്. ഹോട്ടലിനകത്തു നിന്നും കനത്ത ശബ്ദത്തിലുള്ള വെടിയൊച്ചകള്‍ കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. 190 മുറികളുള്ള ഹോട്ടലിന്റെ ഏഴാം നിലയിലാണ് ആക്രമണം ഉണ്ടായത്.

പ്രാദേശികസമയം രാവിലെ 7 മണിയോടെയാണ് ആക്രമണം ഉണ്ടായത്. തോക്കുധാരികളായ തീവ്രവാദികള്‍ 170 പേരെ ബന്ദികളാക്കുകയായിരുന്നു. അള്ളാഹു അക്ബര്‍ എന്ന് അറബിയില്‍ ഉച്ഛത്തില്‍ ഉരുവിട്ടു കൊണ്ടാണ് ഭീകരര്‍ ആക്രമണം ആരംഭിച്ചത്. ഖുറാനിലെ സൂക്തങ്ങള്‍ പാരായണം ചെയ്തവരെ ഭീകരര്‍ പോകാന്‍ അനുവദിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പാശ്ചാത്യ രാഷ്ട്രങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ സ്ഥിരം വാസകേന്ദ്രമാണ് റാഡിസണ്‍ ബ്ലൂ ഹോട്ടല്‍. ഇതിനു പുറമേ എയര്‍ ഫ്രാന്‍സിലെ സ്റ്റാഫുകളും ഇവിടെ വന്നു താമസിക്കാറുണ്ട്. ഓഗസ്റ്റില്‍ സെവയര്‍ പട്ടണത്തിലെ ഒരു ഹോട്ടലില്‍ 24 മണിക്കൂര്‍ ബന്ദികളാക്കിയ ശേഷം മാലിയില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. അന്നത്തെ ആക്രമണത്തില്‍ നാല് ഭീകരരും നാല് പട്ടാളക്കാരും അഞ്ച് യുഎന്‍ പ്രവര്‍ത്തകരും കൊല്ലപ്പെട്ടിരുന്നു. ജൂണില്‍ തുവാരഗ് വിമതരും സര്‍ക്കാര്‍ അനുകൂല സായുധ സംഘനയും തമ്മിലുണ്ടാക്കിയ സമാധാന ഉടമ്പടിക്കു ശേഷം ഭീകരര്‍ തുടര്‍ച്ചയായി മാലിയില്‍ ആക്രമണം അഴിച്ചു വിടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News