ബാര്‍ കോഴക്കേസ് അന്വേഷണത്തില്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം; മാണിക്ക് മുഖ്യമന്ത്രി ക്ലീന്‍ചിറ്റ് നല്‍കി; സിബിഐ അന്വേഷണമാണ് ഉചിതമെന്നും ഹൈക്കോടതി

കൊച്ചി: ബാര്‍കോഴക്കേസ് അന്വേഷണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ഇടപെടലിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി. ബാര്‍ കോഴക്കേസിന്റെ അന്വേഷണത്തില്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്ന് ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ നിരീക്ഷിച്ചു. കെഎം മാണി നിരപരാധിയാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന പാടില്ലായിരുന്നു. കേസില്‍ ഇടപെടല്‍ തന്നെയാണ് മുഖ്യമന്ത്രി നടത്തിയതെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പ്രതിയായ മന്ത്രിക്കു മുഖ്യമന്ത്രിതന്നെ ക്ലീന്‍ ചിറ്റ് നല്‍കി. ആ മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്ത് എങ്ങനെ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഏജന്‍സി നടത്തുന്ന അന്വേഷണം നീതി പൂര്‍വമാകും എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

കേസ് കോടതിയുടെ പരിഗണനയിലിരിക്കെ നടത്തിയ പൊതുപ്രസ്താവന ശരിയല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഉത്തരവാദിത്തപ്പെട്ടവര്‍ പ്രസ്താവന നടത്തരുതെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹൈക്കോടതി നേരിട്ട് പരിശോധിക്കും. എല്ലാ രേഖകളും ഉടന്‍ ഹാജരാക്കാന്‍ ഹൈക്കോടതി വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കി.

ബാര്‍കോഴക്കേസ് സിബിഐ അന്വേഷിക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിജിലന്‍സ് അന്വേഷണം നീതിപൂര്‍വമാകില്ലെന്നും കോടതി വിലയിരുത്തി. വിജിലന്‍സ് കോടതി ഉത്തരവിനെതിരേ വിജിലന്‍സ് നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഗുരുതര നിരീക്ഷണം.

കേസ് പരിഗണിച്ച കോടതി അടിയന്തര വിശദീകരണം നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ഉച്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുമ്പോള്‍ വിശദീകരിക്കാനായിരുന്നു അഡ്വക്കറ്റ് ജനറലിന് നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ സര്‍ക്കാരിന് ഒരാഴ്ച സമയം നല്‍കണമെന്ന് എജി അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഡിസംബര്‍ രണ്ടിലേക്ക് മാറ്റി.

ഇത്രയും പ്രമാദമായ കേസില്‍ എന്തുകൊണ്ട് സിബിഐ അന്വഷണത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് ഹൈക്കോടതി ആരാഞ്ഞു. അതല്ലേ വേണ്ടതെന്നും ഹൈക്കോടതി ചോദിച്ചു. കാര്യക്ഷമമായ അന്വേഷണമാണ് വേണ്ടതെങ്കില്‍ സര്‍ക്കാര്‍ അത്തരം കാര്യങ്ങള്‍ ചിന്തിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

എന്നാല്‍ ബാര്‍ കോഴക്കേസില്‍ സിബിഐ അന്വഷണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കെപി ദണ്ഡപാണി ഹൈക്കോടതിയെ അറിയിച്ചു.

കേസിലെ എല്ലാ കക്ഷികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. വിജിലന്‍സ് കോടതിയില്‍ കെ എം മാണിക്ക് അനുകൂലമായി കക്ഷി ചേര്‍ന്ന അറക്കുളം സ്വദേശി സണ്ണിയുടെ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News