തണുപ്പിന്റെ മാമലയില്‍ കാഴ്ചയുടെ കൊടികുത്താം… പെരിന്തല്‍മണ്ണയ്ക്കടുത്തുണ്ട് ഒരു ഊട്ടി

ചുട്ടുപൊള്ളുന്ന ചൂടില്‍നിന്ന് രക്ഷതേടി തണുപ്പുകാറ്റ് വീശുന്ന കുന്നിന്‍മുകളില്‍ കയറാന്‍ മോഹിക്കാത്തവരുണ്ടാവില്ല. അത്തരം സ്ഥലങ്ങള്‍ കണ്‍മുന്നില്‍ തെളിഞ്ഞുകിടന്നാലും നമ്മള്‍ മറുനാട് തേടി പോകുകയാണ് പതിവ്. അന്യസംസ്ഥാനങ്ങളിലെയും ജില്ല വിട്ടും തണുപ്പ് പെയ്യുന്ന നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും മലപ്പുറം ജില്ലയുടെ ഊട്ടി എന്ന് അപരനാമമുള്ള പെരിന്തല്‍മണ്ണയിലെ കൊടികുത്തിമലയെ പൂര്‍ണമായും ആസ്വദിക്കാന്‍ കഴിഞ്ഞത് കഴിഞ്ഞ ദിവസമാണ്.

രാവിലെ കൂട്ടുകാരന്‍ ഷഫീറിന്റെ ഫോണ്‍ വിളിയാണ് ഉറക്കമുണര്‍ത്തിയത്. അയല്‍ജില്ലയായ പാലക്കാട്ടേക്ക് ഒരു യാത്ര പോകാമെന്ന് അറിയിച്ചപ്പോള്‍ വേഗം തയാറായി. എങ്ങോട്ടാണ് യാത്രയെന്ന് മുന്‍ധാരണയില്ലാത്തതിനാല്‍ കാറിലിരുന്ന് പോകേണ്ട സ്ഥലത്തെ കുറിച്ച് ചര്‍ച്ച ചെയ്തു. തൊട്ടടുത്തുള്ള ചില വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ മനസ്സിലൂടെ പാഞ്ഞുപോയെങ്കിലും മനസ്സ് എവിടെയും ഉടക്കിയില്ല. അങ്ങനെയാണ് പെരിന്തല്‍മണ്ണയിലെ കൊടികുത്തിമല കയറാന്‍ തീരുമാനിച്ചത്. വള്ളുവനാടിന്റെ സിരാകേന്ദ്രമായ പെരിന്തല്‍മണ്ണയില്‍നിന്ന് പാലക്കാട് റോഡില്‍ അല്‍പം സഞ്ചരിച്ചാല്‍ കാണുന്ന അമ്മിനിക്കാട് കവലയില്‍നിന്നാണ് കൊടികുത്തിമലയിലേക്കുള്ള പോക്കറ്റ് റോഡ്.

കാര്‍ഷികവിളകള്‍ സമൃദ്ധമായ പാടം പിന്നിട്ട് ഗ്രാമീണ പാതയിലൂടെ കാര്‍ നീങ്ങിക്കൊണ്ടിരുന്നു. ദൂരെ അമ്മിനിക്കാടന്‍ മലനിരകള്‍ക്കിടയില്‍ പച്ചപുതച്ച കൊടികുത്തിമലയിലെ നിരീക്ഷണ ഗോപുരം കോടമഞ്ഞില്‍ മറഞ്ഞു കിടക്കുന്നു. റബര്‍തോട്ടങ്ങള്‍ക്കും തെങ്ങിന്‍തോപ്പുകള്‍ക്കും പുല്‍ക്കാടുകള്‍ക്കും ഇടയിലൂടെ പുതുതായി നിര്‍മിച്ച ടാര്‍ റോഡ് അവസാനിക്കുന്നത് വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ ഓരത്താണ്. റോഡിന് കുറുകെ ഒഴുകുന്ന കാട്ടുചോലയിലെ വെള്ളത്തില്‍ കാലുതൊട്ടപ്പോള്‍ ഐസ്വെള്ളത്തിന്റെ തണുപ്പ്.

ഇവിടുന്നങ്ങോട്ട് വാഹനങ്ങള്‍ പോകില്ല. കാര്‍ പാര്‍ക്ക് ചെയ്ത് തൊട്ടടുത്ത പെട്ടിക്കടയില്‍നിന്ന് ദാഹജലവും വാങ്ങി ഞങ്ങള്‍ മലകയറാന്‍ തുടങ്ങി. ചെറുകല്ലുകള്‍ മുഴച്ച് നില്‍ക്കുന്ന, മൂന്ന് കിലോമീറ്റര്‍ മണ്‍പാതയിലൂടെ സഞ്ചരിച്ച് വേണം മുകളിലത്തൊന്‍. മണ്‍പാത കൂടാതെ പുല്‍മേട്ടിലൂടെ ചവിട്ടുവഴികളുമുണ്ട്. കൂടുതല്‍ ആസ്വാദ്യകരമാകുമെന്നതിനാല്‍ ചവിട്ടുവഴിയാണ് യാത്രക്ക് തെരഞ്ഞെടുത്തത്.

ചെറുപാറകളില്‍ ചവിട്ടി, ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്‍ക്കാടുകളെ വകഞ്ഞുമാറ്റിയുള്ള യാത്ര അല്‍പം പ്രയാസം തന്നെയാണ്. ചെങ്ങണപ്പുല്ലിന്റെ നാമ്പുകളില്‍ ഉരസി കൈകള്‍ക്ക് നീറ്റല്‍ അനുഭവപ്പെട്ടുതുടങ്ങിയിരുന്നു. കിതപ്പും ദാഹവും കലശലായപ്പോള്‍ ചെറിയൊരു മരത്തിന്റെ തണല്‍ പറ്റി അല്‍പനേരം വിശ്രമിച്ചു. കൈയില്‍ കരുതിയ വെള്ളം കുടിച്ചപ്പോള്‍ അല്‍പം ആശ്വാസം തോന്നി. ഇടക്കിടെ ഇളംതണുപ്പുള്ള കാറ്റ് വന്നു വിയര്‍പ്പ് തുടച്ചുകൊണ്ടിരുന്നു. മുകളിലെത്താന്‍ ഒരു കിലോമീറ്റര്‍ കൂടി നടക്കണം. ഇടക്കിടെ മേഘങ്ങള്‍ വന്നു സൂര്യന്റെ ചൂടില്‍നിന്ന് ഞങ്ങള്‍ക്കു മറപിടിച്ചു. പുല്‍മേട്ടിനിടയില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന ചെറുമരങ്ങളും നെല്ലിമരങ്ങളും വഴിയോരങ്ങളില്‍ കാഴ്ചയൊരുക്കി കാത്തിരിക്കുന്നു. മുകളിലേക്ക് അടുക്കുംതോറും കാറ്റിന് ശക്തി കൂടിവന്നു. നിരീക്ഷണ ഗോപുരത്തിന് തൊട്ടുമുമ്പായി വനം വകുപ്പ് ജീവനക്കാര്‍ താമസിക്കുന്ന ഷെഡുണ്ട്. അവര്‍ സന്ദര്‍ശകരുടെ പേരും ഫോണ്‍ നമ്പറും എഴുതിയെടുക്കുന്നുണ്ട്. ചെമ്മണ്‍പാതയും ഞങ്ങള്‍ നടന്നത്തെിയ ചവിട്ടുവഴിയും ഇവിടെയാണ് അവസാനിക്കുന്നത്. ഇവിടുന്ന് അഞ്ഞൂറ് മീറ്റര്‍ ദൂരമേ നിരീക്ഷണഗോപുരത്തിലേക്കുള്ളൂ.

അനേകം ആകാശക്കാഴ്ചകള്‍ സമ്മാനിക്കുന്ന കൊടികുത്തിമലയുടെ മുനമ്പില്‍ ഞങ്ങള്‍ കാല്‍തൊട്ടിരിക്കുന്നു. കുറച്ചുപേര്‍ ഗോപുരത്തിന്റെ പല ഭാഗങ്ങളിലായി വിശ്രമിക്കുന്നുണ്ട്. ഗോപുരത്തിന് മുകളിലെ തണുത്ത കാറ്റില്‍ ക്ഷീണമെല്ലാം പമ്പ കടന്നു. ഒഴിവുദിവസങ്ങളില്‍ നഗരത്തിരക്കുകളില്‍ നിന്നൊഴിഞ്ഞ് മാനസികോല്ലാസത്തിന് അനവധി പേര്‍ മല കയറിവരാറുണ്ട്. കുളിര്‍കാഴ്ചയുടെ താവളമാണ് കൊടികുത്തിയെന്ന് ഇവിടെ വന്നവര്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ടാകുമെന്ന് തീര്‍ച്ചയാണ്. സമുദ്രനിരപ്പില്‍ നിന്ന് 1500 അടി ഉയരമുള്ള മലയില്‍ ഏതുനേരത്തും തണുത്ത കാറ്റ് തഴുകുന്ന കാലാവസ്ഥയാണ്. നട്ടുച്ചക്ക് പോലും പഞ്ഞിക്കെട്ടുകള്‍ പോലെ വെള്ളിമേഘങ്ങള്‍ തഴുകി കടന്നുപോയ്‌ക്കൊണ്ടിരുന്നു. കാറ്റിന്റെ ഈണങ്ങള്‍ക്ക് അകമ്പടിയായി പ്രകൃതി പച്ചയണിയിച്ച താഴ്വരകള്‍ കണ്ണുകള്‍ക്ക് കുളിര്‍കാഴ്ചയൊരുക്കുന്നു. വെള്ളിമേഘങ്ങള്‍ ഗോപുരത്തിന്റെ അനുപാതത്തില്‍ ഞങ്ങളുടെ കണ്‍മുന്നിലൂടെ പാറിനടക്കുന്നു. മലയുടെ കിഴക്കുഭാഗത്തായി 1000 അടി താഴ്ചയിലേക്ക് മുനമ്പുണ്ട്.

1921ലെ മലബാര്‍ സര്‍വേയിലെ പ്രധാന സിഗ്‌നല്‍ സ്റ്റേഷനായിരുന്നു ഈ പ്രദേശം. കൊടികുത്തിമല എന്ന പേരിന് പിന്നിലുള്ള ചരിത്രവും ഇതുതന്നെയാണ്. മലമുകളില്‍നിന്ന് തെക്ക് ഭാഗത്തേക്ക് നോക്കിയാല്‍ താഴ്വാരത്തായി കോഴിക്കോട്-പാലക്കാട് ദേശീയ പാതയിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നത് കാണാം. അല്‍പം അകലെയായി പ്രകൃതിക്ക് അരഞ്ഞാണം ചാര്‍ത്തി കുന്തിപ്പുഴ ഒഴുകുന്നു. പ്രകൃതിയുടെ സൗന്ദര്യത്തില്‍ ഭ്രമിച്ച് പോകുന്ന കാഴ്ചകളും കാലാവസ്ഥയുമാണിവിടം.

വനംവകുപ്പ് ഏറ്റെടുക്കുന്നതിന് മുമ്പ് 55 ഏക്കര്‍ കൊടികുത്തിമല ഡി.ടി.പി.സിയുടെ അധീനതയിലായിരുന്നു. പുല്‍മേട്ടില്‍ ഉയര്‍ന്ന ഭാഗത്ത് 1998ല്‍ ഡി.ടി.പി.സിയാണ് മൂന്ന് നിലകളുള്ള നിരീക്ഷണ ഗോപുരം നിര്‍മിച്ചത്. ഇത് മനുഷ്യന്റെ ഇടപെടല്‍ മൂലം തകര്‍ച്ചയുടെ വക്കിലാണെങ്കിലും ഇതിനുമുകളില്‍ നിന്ന് നയനമനോഹര കാഴ്ചകള്‍ കാണാം.

ഒരു മണിക്കൂര്‍ മുകളില്‍ ചെലവഴിച്ച് മലയിറങ്ങാനാണ് പ്ലാനിട്ടിരുന്നത്. എന്നാല്‍, പ്രകൃതിയുടെ മനോഹാരിത കണ്ടും തണുപ്പിനെ പുല്‍കിയും സമയം പോയതറിഞ്ഞില്ല. ഇടക്കിടെ ശരീരത്തെ തഴുകുന്ന കോടമഞ്ഞില്‍ കുളിര്‍ത്ത് അവിടത്തെന്നെയിരുന്നു. പടിഞ്ഞാറ് സൂര്യന്‍ ഉറക്കത്തിലേക്ക് വഴുതിത്തുടങ്ങിയിട്ടുണ്ട്. കണ്ണെത്താദൂരം പരന്നുകിടക്കുന്ന ഭൂമിയുടെ മുകളില്‍ പതിയെ പതിയെ സൂര്യന്‍ അന്തിച്ചോപ്പ് വിതാനിച്ചു. പടിഞ്ഞാറ് രൂപപ്പെട്ട സിന്ദൂരവൃത്തം ഭൂമിക്കടിയിലേക്ക് താഴ്ന്നുപോകും വരെ ഞങ്ങള്‍ മലയുടെ മുകളില്‍ കാവലിരുന്നു. പെട്ടന്നാണ് ഇരുട്ടുവീണത്. ആകാശത്ത് നക്ഷത്രങ്ങള്‍ തിളങ്ങുന്നതുപോലെ താഴെ ചെറുവെളിച്ചങ്ങള്‍ കണ്ടുതുടങ്ങി. ഇടക്കെപ്പോഴോ കോടമഞ്ഞിന് കനം കൂടിവന്നു. മൊബൈലിന്റെ വെളിച്ചത്തില്‍, മണ്ണ് വിതാനിച്ച പാതയിലൂടെ മലയിറങ്ങുമ്പോഴും കൊടികുത്തിമലയെന്ന സൗന്ദര്യറാണിയെ കാണാന്‍ വീണ്ടും വരണമെന്നതായിരുന്നു മനസ്സു നിറയെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel