കളി മറന്ന കേരളത്തെ കളി പഠിപ്പിച്ച് ചെന്നൈയിന്‍; ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് കേരളത്തെ ബ്ലാസ്റ്റാക്കി; സ്റ്റീഫന്‍ മെന്‍ഡോസയ്ക്ക് ഹാട്രിക്

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് നാണംകെട്ട തോല്‍വി. കളിക്കാന്‍ മറന്ന കേരളത്തിന്റെ വലയില്‍ ചെന്നൈയിന്‍ അടിച്ചു കയറ്റിയത് നാലു ഗോളുകള്‍. ഇതില്‍ മൂന്നും പിറന്നത് സ്റ്റീഫന്‍ മെന്‍ഡോസയുടെ ബൂട്ടുകളില്‍ നിന്നും. അവസാന നിമിഷം ഒരു ഗോള്‍ മടക്കിയില്ലായിരുന്നെങ്കില്‍ കേരളത്തിന്റെ നാണക്കേട് ഇരട്ടിയായേനെ. അന്റോണിയോ ജെറമെയ്‌നാണ് കേരളത്തിന്റെ ആശ്വാസഗോള്‍ നേടിയത്. ധനചന്ദ്രസിംഗ് ആണ് ചെന്നൈയുടെ മറ്റൊരു ഗോള്‍ നേടിയത്. ജയത്തോടെ ചെന്നൈ പ്ലേഓഫ് സാധ്യത സജീവമാക്കുകയും കേരളത്തിന്റെ സെമി സാധ്യതകള്‍ മങ്ങുകയും ചെയ്തു.

ചെന്നൈയുടെ ആക്രമണത്തോടെയാണ് കളി തുടങ്ങിയത്. കളിതുടങ്ങി മൂന്നാം മിനുട്ടില്‍ ചെന്നൈ പണി തുടങ്ങി. തോയ് സിംഗിന്റെ ക്രോസ് രാഹുല്‍ ബൊക്കെ ക്ലിയര്‍ ചെയ്‌തെങ്കിലും പന്ത് ലഭിച്ച ധനചന്ദ്ര തകര്‍പ്പനൊരു വോളിയിലൂടെ പന്ത് വലയിലാക്കി. 16-ാം മിനുട്ടില്‍ തന്നെ ചെന്നൈ ലീഡുയര്‍ത്തി. ഇത്തവണ നിറയൊഴിച്ചത് മെന്‍ഡോസയായിരുന്നു. മൈതാനത്തിന്റെ മധ്യത്തില്‍ നിന്ന് നീട്ടിക്കിട്ടിയ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ മെന്‍ഡോസ പോസ്റ്റിനു മുന്നില്‍ ഒന്നു വെട്ടിത്തിരിഞ്ഞ് പന്ത് നന്നായി ഫിനിഷ് ചെയ്തു. രണ്ടു ഗോളുകള്‍ വീണിട്ടും ഗോള്‍ മടക്കാനുള്ള യാതൊരു ശ്രമങ്ങളും കേരളത്തിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ഡേവിഡ് പുള്‍ഗയുടെ ഒറ്റയാള്‍ പോരാട്ടം ഒഴിച്ചു നിര്‍ത്തിയാല്‍ കേരളത്തിന്റെ പങ്കാളിത്തം വട്ടപ്പൂജ്യം.

രണ്ടാം പകുതിയില്‍ ചെന്നൈ വീണ്ടും പണി തുടങ്ങി. നിരവധി തവണ ഗോള്‍ മുഖത്തിന് തൊട്ടടുത്ത് വരെ എത്തിയ ചെന്നൈയുടെ ലീഡുയര്‍ത്തിയത് 80-ാം മിനുട്ടില്‍ മെന്‍ഡോസയായിരുന്നു. ജെജെ നല്‍കിയ പാസ് മെന്‍ഡോസ ഥോയ് സിംഗിന് കൈമാറി. ഥോയ് അത് മെന്‍ഡോസയ്ക്ക തിരിച്ചു നല്‍കി. മെന്‍ഡോസയുടെ ഷോട്ട് കൃത്യം വലയില്‍ പതിച്ചു. 81-ാം മിനുട്ടില്‍ മെന്‍ഡോസ ഹാട്രിക് തികച്ചു. ഫ്രീകിക്ക് അടിച്ച പന്ത് ലഭിച്ച മെന്‍ഡോസ സമയം കളയാതെ പന്ത് വലയിലെത്തിച്ചു. 90-ാം മിനുട്ടിലായിരുന്നു കേരളത്തിന്റെ ആശ്വാസഗോള്‍. മെഹ്താബ് എടുത്ത കോര്‍ണര്‍ കിക്ക് ഡഗ്നല്‍ ഹെഡ് ചെയ്ത് പുറകിലേക്ക് നല്‍കി. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന അന്റോണിയോ ജെറമെയ്‌ന്റെ വലംകാലന്‍ അടി ഗോളിയെയും കീഴടക്കി വലയില്‍ പതിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News