മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ക്ലാസിക് പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് തോല്‍വി. പരുക്ക് ഭേദമായിട്ടില്ലാത്ത മെസ്സി ഇല്ലാതെ ഇറങ്ങിയ ബാഴ്സലോണ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് റയലിനെ തകര്‍ത്തത്. ലൂയി സുവാരസ് ഇരട്ട ഗോളുകള്‍ അടിച്ച് തിളങ്ങിയപ്പോള്‍ നെയ്മറുടെയും ഇനിയേസ്റ്റയുടെയും ബൂട്ടുകളില്‍ നിന്നായിരുന്നു മറ്റു രണ്ടു ഗോളുകള്‍. അവസരങ്ങള്‍ നിരവധി പിറന്നിട്ടും ഭാഗ്യം മാത്രം കടാക്ഷിക്കാതിരുന്ന റയലിന്റെ ശവപ്പറമ്പാവുകയായിരുന്നു സാന്റിയാഗോ ബര്‍ണബ്യൂ. ജയത്തോടെ ആറു പോയിന്റ് വ്യത്യാസത്തില്‍ ബാഴ്സ ലാലിഗയുടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.
മെസ്സി ഇല്ലാതെ ആക്രമണത്തിന് മൂര്‍ച്ച കൂട്ടി എത്തിയ ബാഴ്സയുടെ ഗോള്‍വേട്ടയ്ക്ക് തുടക്കം കുറിച്ചത് സുവാരസായിരുന്നു. 11-ാം മിനുട്ടില്‍ കെയ്ലര് നവാസിനെ മാത്രം മുന്നിലായി കാലില്‍ കിട്ടിയ പന്ത് നവാസിന് പിന്നീടൊന്ന് ചിന്തിക്കാന്‍ അവസരം ലഭിക്കുന്നതിനു മുമ്പ് സുവാരസ് വലയിലെത്തിച്ചിരുന്നു. ആദ്യപകുതി അവസാനിക്കാന്‍ ഏതാനും മിനുട്ടുകള്‍ ശേഷിക്കെ നെയ്മര്‍ ബാഴ്സയുടെ ലീഡുയര്‍ത്തി. 39-ാം മിനുട്ടിലായിരുന്നു നെയ്മറുടെ ഗോള്‍. രണ്ടാംപകുതി ആരംഭിച്ച് അധികം കഴിയുന്നതിനു മുമ്പുതന്നെ ബാഴ്സ വീണ്ടും മുന്നിലെത്തി. 53-ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ആന്ദ്രേ ഇനിയേസ്റ്റയാണ് ഗോള്‍ നേടിയത്. 74-ാം മിനുട്ടില്‍ സുവാരസ് തന്റെ ഡബിള്‍ തികച്ചതോടെ റയലിന്റെ പതനം പൂര്‍ണമായി.
റയലിന്റെ പ്രതികരണങ്ങള്‍ എല്ലാം നിര്‍ഭാഗ്യത്തില്‍ തട്ടി മാത്രം അകന്നു പോയി. പലതവണ ഗോളിന് തൊട്ടടുത്ത് വരെ എത്തിയിട്ടും ഭാഗ്യദേവത റയലിനെ കടാക്ഷിച്ചില്ല. ഒരിക്കല്‍ പോസ്റ്റിനു തൊട്ടുമുന്നില്‍ ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച അവസരം ക്രിസ്റ്റ്യാനോയുടെ ഷോട്ട് ഗോളിയുടെ കയ്യില്‍ തട്ടി മടങ്ങി. മറ്റൊരിക്കല്‍ ബെന്‍സേമയുടെ ഹെഡറും ഗോളി തട്ടിയകറ്റി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here