മാലിയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജയും; ഇന്തോ-അമേരിക്കന്‍ ആരോഗ്യപ്രവര്‍ത്തക അനിത ദാദര്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: മാലിയിലെ ഹോട്ടലില്‍ ഇസ്ലാമിക് തീവ്രവാദികള്‍ നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജയും. ഇന്ത്യന്‍ വംശജയായ ഇപ്പോള്‍ അമേരിക്കയില്‍ സ്ഥിരതാമസക്കാരിയായ അനിത അശോക് ദാദറാണ് കൊല്ലപ്പെട്ടത്. ഇക്കാര്യം അമേരിക്കന്‍ ഭരണകൂടവും സ്ഥിരീകരിച്ചു. ആരോഗ്യ സേവന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് അനിത ദാദര്‍ മാലിയിലെത്തിയത്. തന്റെ ജീവിതം ആരോഗ്യരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുകയായിരുന്നു അനിത. ദരിദ്ര രാഷ്ട്രങ്ങളിലായിരുന്നു അനിതയുടെ പ്രവര്‍ത്തനങ്ങളത്രയും. തന്റെ സേവനം ലോകത്ത് അക്രമത്തെയും ഭീകരവാദത്തെയും തടയുമെന്ന് അനിത വിശ്വസിച്ചു. ഒടുവില്‍ അതേ ഭീകരവാദം തന്നെ അവരുടെ ജീവനും എടുത്തു.

അന്താരാഷ്ട്ര സ്ഥാപനമായ പല്ലഡിയത്തിനു വേണ്ടിയാണ് അനിത പ്രവര്‍ത്തിച്ചിരുന്നത്. പല്ലഡിയത്തിലെ ഉദ്യോഗസ്ഥരോടൊപ്പമാണ് അനിത ബമാകോയിലെത്തിയത്. 18 വര്‍ഷമായി ഈ രംഗത്ത് സജീവമായിരുന്നു. 1990കളുടെ അവസാനമാണ് അമേരിക്കന്‍ സമാധാന സേനയുടെ ഭാഗമായി അവര്‍ സേവനം ആരംഭിക്കുന്നത്. എത്യോപ്യ, കെനിയ, നൈജീരിയ, ഫിലിപ്പൈന്‍സ്, സൗത്ത് സുഡാന്‍, ടാന്‍സാനിയ, സാംബിയ, ഗ്വാട്ടമാല, ഗയാന, ബംഗ്ലാദേശ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ എല്ലാം അനിത സേവനമനുഷ്ടിച്ചു. തന്റെ പ്രവര്‍ത്തനങ്ങളുമായി അവര്‍ ഇന്ത്യയിലും വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം മാലിയുടെ തലസ്ഥാനമായ ബമാകോയില്‍ ഹോട്ടലില്‍ ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ 27 പേരാണ് കൊല്ലപ്പെട്ടത്. ബമാകോയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് വെടിവയ്പ്പുണ്ടായത്. അക്രമം നടത്തിയ ഭീകരരെ പിന്നീട് ഫ്രഞ്ച്-ഐക്യരാഷ്ട്രസഭാ-മാലി സേനയുടെ സംയുക്ത സേന വെടിവച്ചു കൊന്നിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിന്നീട് ആഫ്രിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍-ഖായിദ അനുകൂല സംഘടന രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News