മുഖ്യമന്ത്രി സമസ്താപരാധം പറഞ്ഞ് ഇറങ്ങിപ്പോകണമെന്ന് വിഎസ്; നയിക്കേണ്ടത് ആരെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയും ജനങ്ങളും; സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്നും വിഎസ്

തിരുവനന്തപുരം: അഴിമതിക്കാരനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനങ്ങളോട് സമസ്താപരാധം പറഞ്ഞ് അധികാരത്തില്‍നിന്ന് ഇറങ്ങിപ്പോകണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. ബാര്‍ കോഴക്കേസില്‍ മാണിയോട് കാണിക്കുന്ന അതേ സമീപനമാണ് ബാബുവിനോടും സ്വീകരിക്കുന്നത്. ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം വേണം. ജനങ്ങള്‍ സര്‍ക്കാരിനോട് യുദ്ധം ചെയ്യേണ്ട അവസ്ഥയാണ് നിലവിലുളളത്. അഴിമതിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നും വിഎസ് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പാര്‍ട്ടിയുടേയും ജനങ്ങളുടെയും അഭിലാഷം അനുസരിച്ചായിരിക്കുമെന്ന് വിഎസ് പറഞ്ഞു. തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയും ജനങ്ങളുമാണ് എന്നും വിഎസ് പറഞ്ഞു.

വെള്ളാപ്പള്ളി നടേശനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് വിഎസ് ഉന്നയിച്ചത്. മുന്‍പ് ശ്രീനാരായണ ഗുരുവിന്റേതുപോലുളള ഒരു പുതപ്പാണ് വെള്ളാപ്പള്ളി ധരിച്ചിരുന്നത്. വെള്ളാപ്പള്ളിയുടെ തലയില്‍ ഇപ്പോള്‍ ആര്‍എസ്എസിന്റെ തൊപ്പിയാണ്. ഗുരുവിന്റെ ആദര്‍ശങ്ങള്‍ വെള്ളാപ്പള്ളി ഉപേക്ഷിച്ചു. ഇത് ശ്രീനാരായണീയര്‍ തന്നെ മനസിലാക്കിയിട്ടുണ്ട്. മൈക്രോഫിനാന്‍സ് വഴി സ്വന്തം സമുദായത്തിലെ സഹോദരിമാരെ വഞ്ചിച്ച് പണം പിടുങ്ങിയ ആളാണ് വെള്ളാപ്പള്ളിയെന്നും വിഎസ് പറഞ്ഞു.

സംസ്ഥാനത്ത് അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നുവെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അതിരൂക്ഷമായ വിലക്കയറ്റമാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ല. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് വിലക്കയറ്റത്തില്‍ ശ്രദ്ധിക്കാന്‍ സമയമില്ല. അഴിമതിയില്‍ ഗവേഷണം നടത്തുകയാണ് സര്‍ക്കാര്‍. അഴിമതിയില്‍ ഉണ്ണുകയും ഉറങ്ങുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിഎസ് അച്യുതാനന്ദന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel