സ്വീഡനിലെ സൂര്യനെല്ലി; ബലാത്‌സംഗത്തിന്റെ മനുഷ്യവിരുദ്ധതയെക്കുറിച്ചുള്ള സ്വീഡിഷ് ചിത്രം ഫ്‌ളോക്കിംഗിനെക്കുറിച്ച് ഗോവ ചലച്ചിത്രോത്സവ റിപ്പോര്‍ട്ട്

ബീറ്റ ഗാര്‍ഡ്‌ലര്‍ എന്ന സംവിധായികയുടെ ഫ്‌ളോക്കിംഗ് എന്ന സ്വീഡിഷ് ചിത്രത്തിനു മുന്നിലായിരുന്നു ഗോവയിലെത്തിയ ആദ്യത്തെ ദിവസം തുടങ്ങിയത്. ബലാത്‌സംഗത്തിന്റെ മനുഷ്യവിരുദ്ധതയെക്കുറിച്ചും സമൂഹത്തില്‍ ഇരകള്‍ ആവര്‍ത്തിച്ച് പഴിക്കപ്പെടുന്നതിനെക്കുറിച്ചും, തെളിവ് തേടുന്ന നീതിന്യായ സംവിധാനം തന്നെ എങ്ങിനെ മറ്റൊരു പീഡനപ്രവൃത്തിയാകുന്നു എന്നും സ്വീഡിഷ് ഭാഷയുടെയും ഭൂമിശാസത്രത്തിന്റെയും ഭാഷയില്‍ ചിത്രം മനോഹരമായി ആഖ്യാനം ചെയ്യുന്നു.

ജെന്നിഫര്‍ എന്ന പതിനാലുകാരി താന്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി വെളിപ്പെടുത്തുന്നതാണ് സിനിമ. പീഡകന്‍ സഹപാഠി തന്നെയായ അലക്‌സ്. പക്ഷേ നാട്ടുകാര്‍ വിശ്വസിക്കുന്നില്ല. അലക്‌സിനെ കണ്ടാലും ആരും അതു പറയില്ല, അതീവ മാന്യന്‍, നിഷ്‌ക്കളങ്കന്‍. ജെന്നിഫര്‍ പറയുന്നതിനൊന്നും തെളിവില്ല. അതുകൊണ്ട് നീതിന്യായ സംവിധാനവും വിശ്വസിക്കുന്നില്ല. സമൂഹം പെണ്‍കുട്ടിക്കു ഭ്രാന്തെന്ന് വിധിക്കുന്നു. കുടുംബത്തെ ഒറ്റപ്പെടുത്തുന്നു, ആക്രമിക്കുന്നു. ജെന്നിഫര്‍ ഒറ്റപ്പെടലിന്റെ കൊടും വേദനകളിലേക്ക് കൂപ്പു കുത്തുന്നു. അവളുടെ സ്‌ഹോദരിയെ ഫുട്‌ബോള്‍ ടീമില്‍ നിന്ന് ഒഴിവാക്കുന്നു. കുടുംബത്തിന് ഏക താങ്ങായിരുന്ന അമ്മയുടെ ബോയ്ഫ്രണ്ടും ജെന്നിഫറിനെ പഴിച്ചു സലാം പറയുന്നു. പിഴച്ചു പൊയതിനാല്‍ ജെന്നിഫറിനു പള്ളിയിലുണ്ടായിരുന്ന തൂപ്പ്് ജോലിയും നഷ്ടമാവുന്നു കുടുംബം തകരുന്നു. സിനിമ അങ്ങിനെ വേദനയുടെ ആഴങ്ങളിലേക്ക്  ഒരു 110 മിനുറ്റ് സഞ്ചാരമാകുന്നു.

പോലീസും കോടതിയും ജെന്നിഫറിനെ ആവര്‍ത്തിച്ച് ചോദ്യം ചെയ്യുന്ന ഭാഗമുണ്ട് സിനിമയില്‍. അവള്‍ എല്ലാം വേദനയോടെ വിശദമായി പറയുന്നു. പെനിട്രേഷന്‍ നടന്നില്ലെന്ന് കോടതി കണ്ടെത്തുന്നു. അപ്പോള്‍ എങ്ങിനെ നിയമത്തിന്റെ കണ്ണില്‍ ബലാത്സംഗമാവും എന്നതാണ് കുഴപ്പിക്കുന്ന ചോദ്യം. ജെന്നിഫര്‍ താന്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് കരുതുകയും ചെയ്യുന്നു. അവള്‍ താന്‍ ഇരയാക്കപ്പെട്ടു എന്ന് തന്നെ ഉറച്ച് വിശ്വസിക്കുന്നു. നിയമത്തിന്റെ വ്യാഖ്യാനത്തിലൂടെ എങ്ങിനെ ഏറ്റവും വലിയൊരു ഹീനപ്രവര്‍ത്തി ന്യായീകരിക്കപ്പെടുന്നു, നിയമ സംവിധാനങ്ങള്‍ തന്നെ എങ്ങിനെ പീഡകന്റെ മറപറ്റി നില്‍ക്കുന്നു എന്ന് സിനിമ നല്ല ഭാഷയില്‍ കാണിച്ചു തരുന്നു.

സൂര്യനെല്ലി കേസില്‍ സുപ്രീം കോടതി നടത്തിയ പരാമര്‍ശം മലയാളി പ്രേക്ഷകര്‍ക്ക് പെട്ടെന്ന് മറക്കാനാവില്ലല്ലോ. ജെന്നിഫറും ഒരര്‍ത്ഥത്തില്‍ സ്വീഡനിലെ സൂര്യനെല്ലി പെണ്‍കുട്ടിയാകുന്നു. എന്നാല്‍ സ്വീഡനിലെ കോടതി നിനക്ക് രക്ഷപ്പെടാമായിരുന്നില്ലേ എന്ന് ചോദിക്കുന്നില്ല എന്ന് മാത്രം. സൂര്യനെല്ലി പെണ്‍കുട്ടി അനുഭവിച്ച മാനസീകാഘാതം എത്രവലുതായിരിക്കുമെന്ന്  ജെന്നിഫറെ അവതരിപ്പിച്ച ഫാത്തിമ ആസ്മി എന്ന നടിയുടെ പ്രകടനത്തിലൂടെ നമുക്ക്് അനുഭവിക്കാനാവുന്നു. അത്ര ഉജ്ജ്വലമായിരിക്കുന്നു ആ കഥാപാത്രം.

സാധാരണ നമ്മുടെയൊക്കെ സിനിമ കൈകാര്യം ചെയ്യുന്ന തരത്തിലുള്ള ബലാത്സംഗ പ്രമേയമല്ല ഫ്‌ളോക്കിംഗ് എന്ന ഈ സ്വീഡിഷ് ചിത്രത്തില്‍ കാണുക. ബലാത്സംഗത്തിന്റെ വിശദപ്രതിപാദ്യം നടത്തി ആവിഷ്ക്കാരം തന്നെ ഇവിടെ സ്ത്രീ വിരുദ്ധമാകുന്നില്ല. ബലാത്സംഗത്തിന് എതിരെ നിലപാടെടുക്കുന്നു എന്ന വ്യാജേന മുദ്രാവാക്യത്തിന്റെ പ്രകടനപരതയിലേക്കും സിനിമ നിപതിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ആഴത്തിലാണ് വിമര്‍ശനം നടക്കുന്നത്.. പെണ്‍കുട്ടിയുടെ പീഡിത മാനസീകവ്യാപാരത്തിലൂടെയാണ് സിനിമയുടെ ഒഴുക്ക്. ദുരന്തത്തിലും അവള്‍ ഒരു വിലാപ പ്രതീകമോ കണ്ണീര്‍ നായികയോ ആവുന്നില്ല എന്നാണ് സംവിധാനത്തിന്റെ കൃതഹസ്തത.

അവളുടെ എതിര്‍പ്പും പ്രതിരോധവുമെല്ലാം വലിയ ആര്‍ജ്ജവത്തോടെ ഉയര്‍ന്ന് പൊങ്ങുന്ന എത്രയൊ രംഗങ്ങള്‍ സിനിമയിലുണ്ട്. പള്ളിമതത്തോട്ടും പുരുഷാധിപത്യത്തോടും അവള്‍ കലഹിക്കുന്നുണ്ട്. അതെല്ലാം ജീവിത നിസ്സാഹയതകളില്‍ നിന്നാണ്. ഒടുവില്‍ ഒരൊറ്റപ്പെട്ട വനാന്തരത്തിലെ ആത്മഹത്യയുടെ മുനമ്പിലേക്ക്അവള്‍ തോക്കുമായി സഞ്ചരിക്കുകയാണ്. അവളുടെ മാനസീകാവസ്ഥ കാണിക്കാനാണ് അങ്ങിനെയൊരു രംഗം. അല്ലാതെ അവളെ ആത്മഹത്യ ചെയ്യിച്ച് സിനിമ പരിഹാരം കാണുകയല്ല. അതിനു തുടര്‍ച്ചയായി അവസാനത്തെ രംഗത്തില്‍ സിനിമ സത്യം വിളിച്ചു പറയുകയാണ്- അലക്‌സ് മറ്റൊരു പെണ്‍കുട്ടിയെ ലൈംഗികമായി കീഴ്‌പ്പെടുത്തുന്നത്  കാണിച്ചുകൊണ്ട്. ജെന്നിഫര്‍മാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നാണ് സിനിമ ഒടുവില്‍ അടിവരയിടുന്ന സത്യം.

ബലാത്സംഗക്കേസില്‍ ഇരയുടെ മൊഴി തന്നെയാണ് തെളിവെന്ന നിയമം നമ്മുടെ നാട്ടിലുണ്ട്. പൊതു പുരുഷപക്ഷത്ത് നിന്ന് എന്നാല്‍ ഈ നിയമത്തോട് പല തരത്തില്‍ ഇപ്പോഴും അസഹിഷ്ണുക്കളാകുന്നവരുണ്ട്. തെളിവുകളും സാക്ഷികളുമാണ് പ്രധാനമെന്നാണ് അത്തരക്കാരുടെ വാദം. സ്വീഡനിലെ കോടതി വിചാരണയിലും അതാണ് കേള്‍ക്കുന്നത്. തെളിവുകളും സാക്ഷികളുമില്ലാത്ത സ്ത്രീ പീഡനത്തിന് ശിക്ഷ വേണ്ടേ എന്നാണ് ഫ്‌ളോക്കിംഗ് എന്ന സിനിമ ചോദിക്കുന്നത്. എന്നാല്‍ ഇവിടെ ഇരയുടെ വാക്കുകളെ വിശ്വസിക്കുന്നില്ലെന്ന്  മാത്രമല്ല അത്തരം കുറ്റാരോപണവുമായി അവള്‍ വരുമ്പോള്‍ സമൂഹം ഒന്നടങ്കം അവള്‍ക്കെതിരെ ചീറിയടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് സൂര്യനെല്ലി പെണ്‍കുട്ടിയുടെ സ്വീഡനിലെ പേരാണ് ജെന്നിഫര്‍ എന്ന് പറയേണ്ടിവരുന്നത്.

അതുകൊണ്ട് തീര്‍ത്തും ഒരു സ്്ത്രീപക്ഷ- മനുഷ്യപക്ഷ സിനിമയും ഇരയുടെ പക്ഷത്ത് ആത്മാര്‍ത്ഥമായി നിലയുറപ്പിക്കുന്ന സിനിമയുമാകുന്നു ഫ്‌ളോക്കിംഗ്. ദൃശ്യങ്ങളില്‍ മാജിക്കുകളൊന്നും കാണിക്കാതെ സാവധാനം ഒരു പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ ചോദ്യങ്ങള്‍ ചോദിക്കുന്നതിലീടെയാണ് ഈ സിനിമ ഇവിടെഗോവയില്‍ കയ്യടി നേടിയിരിക്കുന്നത്. സ്വീഡനില്‍ ടെലിവിഷന്‍ പ്രൊഡ്യൂസറായ ബീറ്റ ഗാര്‍ഡലറുടെ രണ്ടാമത്തെ സിനിമയാണ് ഫ്‌ളോക്കിംഗ്. പുതിയ തലമുറയില്‍ ലോകസിനിമയില്‍ ഏറ്റവും ശക്തമായൊരു സ്ത്രീ സാന്നിധ്യമായി പേരെടുക്കാന്‍ അവര്‍ക്ക്് ഈ ഒറ്റച്ചിത്രം മതിയാവും. ബീറ്റ ഗാര്‍ഡ്ലറും തന്റെ സിനിമയ്‌ക്കൊപ്പം ഗോവയിലെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News