സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയ നടത്തിയ ഉത്തരവ് പിന്‍വലിക്കണമെന്ന് വിഎസ്; നടപടി സാംസ്‌കാരിക ഫാസിസമെന്നും വിഎസ്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണവും സെന്‍സര്‍ഷിപ്പും ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി സാംസ്‌കാരിക ഫാസിസമാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഉത്തരവ് ഉടന്‍ പിന്‍വലിക്കണം. ഇല്ലെങ്കില്‍ ജനാധിപത്യവിശ്വാസികളെ യോജിപ്പിച്ച് വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വിഎസ് പറഞ്ഞു. അടിയന്തിരാവസ്ഥയുടെ പ്രേതം ഉമ്മന്‍ചാണ്ടിയെ ആവേശിച്ചിരിക്കുന്നതുകൊണ്ടാണോ, അതോ ആര്‍എസ്എസ് സംഘപരിവാര്‍ ചങ്ങാത്തത്തിന്റെ ഫലമായാണോ സര്‍ക്കാരിന്റെ തീരുമാനമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം. ഈ നീക്കം പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല. ഉമ്മന്‍ചാണ്ടി സാംസ്‌കാരിക ഫാസിസത്തിന്റെ ആള്‍രൂപമായ സംഘപരിവാറിന്റെ അനുചരനാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചുവെന്നും വിഎസ് പറഞ്ഞു.

ഉത്തരവു വഴി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മലയാള ഭാഷയെയും സംസ്‌കാരത്തിന്റെയും അന്തകരായി മാറുകയാണ്. എഴുത്തുകാരും കലാകാരന്മാരും ഭാഷാസ്‌നേഹികളുമൊക്കെ ഭാഷയെയും സാഹിത്യത്തെയും സമ്പന്നമാക്കാന്‍ ശ്രമിക്കുന്നു. സര്‍ക്കാര്‍ അതിനെയെല്ലാം കരിച്ചുകളയുന്ന സമീപനം സ്വീകരിച്ചിരിക്കുകയാണ്. രാജ്യത്തു മാത്രമല്ല, ലോകത്തെവിടെയും കലാകാരന്മാരെയും സാഹിത്യകാരന്മാരെയും ശ്വാസം മുട്ടിക്കുന്ന നടപടികളുണ്ടായാല്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നവരാണ് മലയാളികള്‍. അത്തരത്തിലുള്ള സര്‍ഗവ്യാപാരങ്ങളെ തടയാന്‍ ശ്രമിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍, കേരളത്തെ അന്ധകാരയുഗത്തിലേക്ക് തള്ളിവിടുകയാണ്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരും. ഭ്രാന്തന്‍ നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും വിഎസ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News