പോയിന്റ് പട്ടികയില്‍ ഒന്നാമതായി കൊല്‍ക്കത്ത; ഗോവയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തു

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ എഫ്‌സി ഗോവയെ തകര്‍ത്ത് കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ഒന്നാമത്. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കൊ ഡി കൊല്‍ക്കത്ത ഗോവയെ ചുരുട്ടിക്കെട്ടിയത്. കളിയുടെ 20-ാം മിനുട്ടില്‍ ദൗത്തിയാണ് ആദ്യം വല കുലുക്കിയത്. 22-ാം മിനുട്ടില്‍ ഫെര്‍ണാണ്‍ഡസ് രണ്ടാം ഗോള്‍ നേടി കൊല്‍ക്കത്തയുടെ ലീഡുയര്‍ത്തി. രണ്ടാം പകുതിയില്‍ ആയിരുന്നു അടുത്ത രണ്ട് ഗോളുകള്‍. കളിയുടെ 68-ാം മിനുട്ടിലും 78-ാം മിനുട്ടിലും ആയിരുന്നു അടുത്ത ഗോളുകള്‍.

ഇയാന്‍ ഹ്യൂം ആണ് രണ്ടാം പകുതിയില്‍ ആദ്യ ഗോള്‍ നേടിയത്. 78-ാം മിനുട്ടില്‍ ദൗത്തി തന്റെ രണ്ടാം ഗോള്‍ നേടി. ഇതോടെ എഫ്‌സി ഗോവ പരാജയം മണത്തു തുടങ്ങിയിരുന്നു. കളി പൂര്‍ത്തിയാകുമ്പോള്‍ കൊല്‍ക്കത്തയുടെ ജയം തികച്ചും ആധികാരികവും ഏകപക്ഷീയവുമായിരുന്നു. ഹോം ഗ്രൗണ്ടായ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലെ സ്വന്തം കാണികള്‍ക്ക് സന്തോഷം പകരുന്നത് കൂടിയായിരുന്നു കൊല്‍ക്കത്തയുടെ കളി.

ജയത്തോടെ എഫ്‌സി ഗോവയെ മറികടന്ന് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. 12 കളികളില്‍നിന്ന് 20 പോയിന്റാണ് കൊല്‍ക്കത്തയുടെ സമ്പാദ്യം. 11 കളികളില്‍നിന്ന് 18 പോയിന്റോടെ എഫ്‌സി ഗോവ രണ്ടാമതാണ്. 11 കളികളില്‍നിന്നും 11 പോയിന്റ് മാത്രം സ്വന്തമായുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ വാലറ്റത്താണ്. മൂന്ന് കളികള്‍ മാത്രമാണ് ഇനി ബ്ലാസ്റ്റേഴ്‌സിന് ബാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News