മലപ്പുറത്ത് ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം; 20-ല്‍ അധികം പേര്‍ക്ക് പരുക്ക്; മരണസംഖ്യ ഉയര്‍ന്നേക്കും

മലപ്പുറം: മലപ്പുറം ഐക്കരപ്പടിയില്‍ ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു.  20-ല്‍ അധികം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 17 പേരുടെ നിലഗുരുതരമാണ്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഐക്കരപ്പടിക്കടുത്ത് കൈതക്കുണ്ടിലാണ് അപകടമുണ്ടായത്. കണ്ണൂര്‍ മട്ടന്നൂര്‍ എടയന്നൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സാണ് അപകടത്തില്‍ പെട്ടത്. സേലത്ത് വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു സംഘം. പരുക്കേറ്റ നിരവധി പേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യത. ബന്ധുക്കളായ രവീന്ദ്രന്‍ (52), ഓമന (42), ദേവി (67), സൂര്യ (13), ആകാശ് (13) എന്നിവരാണ് മരിച്ചത്. നാലുപേര്‍ സംഭവസ്ഥലത്തും ആകാശ് കോഴിക്കോട് മെഡിക്കല്‍ കോളജിലുമാണ് മരിച്ചത്.

പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. അമിതവേഗതയിലായിരുന്ന ബസ് ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ലോറിയുടെ പുറകില്‍ ഇടിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് 35 പേരടങ്ങുന്ന സംഘം വിവാഹചടങ്ങില്‍ പങ്കെടുക്കാനായി സേലത്തേക്ക് പോയത്. മരിച്ച ദേവിയുടെ കൊച്ചുമകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ഇവിടെ നിന്ന് വരുന്ന വഴിയാണ് അപകടമുണ്ടായത്. ഡ്രൈവറും 31 പേരും ബസ്സിലുണ്ടായിരുന്നു. എല്ലാവരും ബന്ധുക്കളാണ്. പൊലീസ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 9497987163, 9497980659, 0483 2734993 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News