ജോഷി പെണ്‍കുട്ടികളെ എത്തിച്ചുനല്‍കിയത് പറവൂര്‍ പെണ്‍വാണിഭക്കേസില്‍ വിചാരണയില്‍ ഇരിക്കുമ്പോള്‍; ജയില്‍വാസം കഴിഞ്ഞു പുറത്തിറങ്ങിയിട്ടും പെണ്‍വാണിഭം നിര്‍ത്തിയില്ല

കൊച്ചി: കൊച്ചിയില്‍ പിടിയിലായ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന് പെണ്‍കുട്ടികളെ ജോഷി എത്തിച്ചു നല്‍കിയത് പറവൂരിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ വിചാരണയില്‍ ഇരിക്കേ. ആലുവയില്‍ കാര്‍ തടഞ്ഞ പൊലീസുകാരെ അപായപ്പെടുത്താന്‍ ശ്രമിച്ചതും ജോഷിയായിരുന്നു. കേസില്‍ അറസ്റ്റിലായ ആഷിക്കിന്റെ ഭാര്യ മുബീന, കൂട്ടുകാരി വന്ദന എന്നിവരാണ് ജോഷിയുടെ ഒപ്പം കാറിലുണ്ടായിരുന്നത്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

അച്ചായന്‍ എന്നറിയപ്പെടുന്ന ജോഷി കീഴടങ്ങിയതോടെ ഇവരെയും കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പറവൂര്‍ അടക്കം പന്ത്രണ്ടു പെണ്‍വാണിഭക്കേസുകളില്‍ പ്രതിയാണ് ജോഷി. ചേര്‍ത്തല എഴുപുന്ന സ്വദേശിയായ ഇയാള്‍ക്കെതിരേ എറണാകുളം റൂറല്‍, കൊച്ചി സിറ്റി പൊലീസ് പരിധികളിലായി ഇരുപതിലേറെ കേസുകളുമുണ്ട്. എറണാകുളത്തു പാലാരിവട്ടം, ആലുവ, പറവൂര്‍, ഫോര്‍ട്ട്‌കൊച്ചി സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ ഒന്നിലേറെ കേസുകളുണ്ട്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളിലും കേസുണ്ട്.

വീടുകളും ഫഌറ്റുകളും വാടകയ്‌ക്കെടുത്തു പ്രായപൂര്‍ത്തിയാകാത്തവര്‍ അടക്കമുള്ള പെണ്‍കുട്ടികളെയും യുവതികളെയും കൂടെത്താമസിപ്പിച്ചു കാഴ്ചവയ്ക്കുന്നതാണ് ജോഷിയുടെ രീതി. ഇതുവഴി ലഭിക്കുന്ന പണം ആഡംബരജീവിതത്തിന് ഉപയോഗിക്കുകയായിരുന്നു. ബംഗളുരു, മൂംബൈ, ഗോവ എന്നിവിടങ്ങളില്‍നിന്നും ജോഷി പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ചിരുന്നതായി പൊലീസ് പറയുന്നു. സമൂഹത്തിലെ ഉന്നതര്‍ താമസിക്കുന്ന കോളനികളിലും ഫഌറ്റുകളിലും ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ എന്ന നിലയില്‍ മുതിര്‍ന്ന ഒരൂ സ്ത്രീയോടൊപ്പം താമസിച്ചായിരുന്നു ജോഷിയുടെ ഇടപാടുകള്‍.

പറവൂര്‍ കേസില്‍ പെട്ടതോടെ പെണ്‍വാണിഭത്തില്‍നിന്നു ജോഷി വിട്ടുനില്‍ക്കുകയാണെന്നാണ് പൊലീസ് കരുതിയിരുന്നത്. കൊച്ചിയില്‍ അറസ്റ്റിലായ അബ്ദുള്‍ഖാദറുമായുള്ള അടുപ്പമാണ് ഓണ്‍ലൈന്‍ ഇടപാടുകളിലേക്കു ജോഷി മാറുന്നതിന് വഴിയൊരുക്കിയതെന്നാണ് പൊലീസ് ഇപ്പോള്‍ കണ്ടെത്തുന്നത്. തിരുവനന്തപുരം സിറ്റി പൊലീസ് ജോഷിക്കായി നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലെ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ മുഖ്യ കണ്ണിയാണ് ഇയാളെന്നു വ്യക്തമായത്.

കഴിഞ്ഞദിവസം എഴുപുന്നയിലെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയെങ്കിലും ജോഷി എവിടെയാണെന്നു കണ്ടെത്താനായില്ല. അതേസമയം, ചില സൂചനകളുടെ അടിസ്ഥാനത്തില്‍പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ജോഷി കീഴടങ്ങിയത്. കഴിഞ്ഞദിവസം പൊലീസ് ഓപ്പറേഷന്‍ നടക്കുന്നതിനിടെയാണ് ജോഷി പൊലീസുകാരെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. പൊലീസ് ഒരുക്കിയ വലയില്‍ ജോഷി അന്നു കുടുങ്ങേണ്ടതായിരുന്നു. മുബീനയും വന്ദനയുമായി ആലുവയിലെ റിസോര്‍ട്ടില്‍ എത്തിയപ്പോള്‍ എസ്‌ഐ കാര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ പൊലീസുകാരെ ഇടിച്ചുവീഴ്ത്തി ജോഷി കടക്കുകയായിരുന്നു.

നേരത്തേ, പറവൂര്‍ കേസില്‍ 90 ദിവസം ജയിലില്‍ കഴിഞ്ഞിരുന്നു. തൊട്ടുപിന്നാലെ എറണാകുളം നോര്‍ത്ത് പൊലിസ് സ്റ്റേഷനിലെ പീഡനക്കേസില്‍ പ്രതിയായി. ജാമ്യത്തിലിരിക്കുമ്പോള്‍ മറ്റുകേസുകളില്‍ പ്രതിയാകരുതെന്നാണ് നിയമം. ഡല്‍ഹി, ബംഗളുരു എന്നിവിടങ്ങളിലെ പെണ്‍വാണിഭ സംഘങ്ങളുമാണ് അടുത്തബന്ധമുള്ളയാളാണ് ജോഷിയെന്നാണ് പൊലീസ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News