മനുഷ്യസ്‌നേഹത്തിന്റെ മധുര പലഹാരമായി ആന്‍ സ്വീറ്റ് റെഡ് ബീന്‍ പേസ്റ്റ്; ഗോവ ചലച്ചിത്രോത്സവത്തില്‍ കരഘോഷങ്ങളേറ്റുവാങ്ങിയ ജാപ്പനീസ് സിനിമാ കാവ്യം

നിറയെ ചെറിമരങ്ങള്‍പൂത്തു കിടക്കുന്ന പട്ടണം. പൂക്കള്‍ മഴ പോലെ പെയ്തു നിറഞ്ഞു പൂക്കളമിട്ട പാതകള്‍. പൂക്കളോടും മരങ്ങളോടും സംസാരിച്ചു വരുന്ന തോക്കു മുത്തശ്ശി. സെന്റാരോയുടെ പാന്‍ കേക്ക് കടയിലേക്കാണു മുത്തശ്ശിയുടെ വരവ്. ഒരു പാര്‍ടൈം പാചകക്കാരിയുടെ ജോലി അന്വേഷിച്ച്. എത്ര കുറഞ്ഞ കൂലിക്കും മുത്തശ്ശി ജോലി ചെയ്യാന്‍ തയ്യാറാണ്. പക്ഷേ തോക്കു മുത്തശ്ശിയെ സെന്റാരോ ഒഴിവില്ലെന്നു പറഞ്ഞു മടക്കിവിടുകയാണ്. പിന്നീട്് പൂക്കളെല്ലാം കൊഴിഞ്ഞ മരത്തില്‍ പച്ചിലകള്‍ നിറഞ്ഞ ഒരു ഋതുവില്‍ തോക്കു വീണ്ടും വരുന്നു. സന്റാരോ അപ്പോഴും വഴങ്ങുന്നില്ല. സാരമില്ല, താന്‍ വീട്ടില്‍ വെച്ചുണ്ടാക്കിയ ബീന്‍ പേസ്റ്റ് അഥവാ സോയാകുഴമ്പ് നല്‍കി മുത്തശ്ശി സെന്റാരോയോട് യാത്ര പറയുന്നു.

തോക്കു മുത്തശ്ശിയുടെ ബീന്‍ പേസ്റ്റ് സന്റാരോ രുചിച്ചു നോക്കി. അയാള്‍ക്ക് അത്യധികമായി കുറ്റബോധം തോന്നുകയാണ്. അത്രയും രുചിയുള്ള ബീന്‍ പേസ്റ്റ് അതിനു മുമ്പ് അയാള്‍ കഴിച്ചിരുന്നില്ല. ദൂരെ എങ്ങു നിന്നോ വന്ന മുത്തശ്ശിയെ ഇനി എങ്ങോട്ട് അന്വേഷിച്ചു പോവാനാണ്. വേണ്ടിവന്നില്ല, ഒരു നാള്‍ വീണ്ടും മുത്തശ്ശി വന്നു. ചെറിമരങ്ങളില്‍ പക്ഷികള്‍ ചിലച്ചു തുടങ്ങിയ ഒരു ദിനം. സെന്റാരോ അവരെ സഹര്‍ഷം കടയിലേക്കു സ്വാഗതം ചെയ്തു. സെന്‍ാരോയക്ക് വേണ്ടി ബീന്‍ പേസ്റ്റുണ്ടാക്കാന്‍ മുത്തശ്ശിക്കു സമ്മതം.

മുത്തശ്ശിയുടെ ബീന്‍ പേസ്റ്റിനും പാന്‍കേക്കിനും കടയില്‍ ആളുകള്‍ കൂടി. സെന്റാരോയുടെ കച്ചവടം അഭിവൃദ്ധിപ്പെട്ടു. സെന്റാരോയും തോക്കു മുത്തശ്ശിയും തമ്മില്‍ മുതലാളി – തൊഴിലാളി ബന്ധത്തിനപ്പുറത്തേക്കു സ്‌നേഹ ബന്ധം വളര്‍ന്നു. സിനിമ പിന്നീടു മനുഷ്യ സ്‌നേഹത്തിന്റെ ഒരു മഹാകാവ്യമായി ചെറിമരങ്ങള്‍ തണല്‍ വിരിച്ച പാന്‍ കേക്ക് കടയില്‍ നിന്നു ചുറ്റിലേക്കും പ്രസരിക്കുമ്പോള്‍ നമ്മള്‍ നവോമി കവാസെ എന്ന ജപ്പാനീസ് സംവിധായികയെ നമിച്ചിച്ചു പോവുന്നു. ആന്‍ സ്വീറ്റ് റെഡ് ബീന്‍ പേസ്റ്റ് (An Sweat Red Bean Paste) എന്ന ചിത്രം അക്ഷരാര്‍ത്ഥത്തില്‍ ഗോവയുടെ തിരശ്ശീലയില്‍ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വ്യാഖ്യാനങ്ങള്‍ക്കപ്പുറത്തുള്ള ബന്ധത്തിന്റെ സ്‌നേഹരൂപമായി നമ്മെ സ്പര്‍ശിക്കുന്നു.

Displaying An-Sweet-Red-Bean-Paste1-e1428088035519.jpgDisplaying An-Sweet-Red-Bean-Paste1-e1428088035519.jpgsweet

തീര്‍ത്തും ഒരു കഥാചിത്രമാണ് റെഡ് ബീന്‍ പേസ്റ്റ് . അതായതു കഥയുള്ള ചിത്രം. പുകള്‍പെറ്റ ജാപ്പനീസ് കഥാകൃതികള്‍ പോലെ തന്നെ ഒരു സിനിമാകാവ്യം. തോക്കു മുത്തശ്ശി കടയില്‍ വന്നപ്പോഴാണ് സെന്റാരോ എന്ന കച്ചവടക്കാരന്‍ ശരിക്കും തന്റെ ചുറ്റിലുമുള്ള ചെറിമരങ്ങള്‍ കാണുന്നത്. അതിലെ പൂക്കളും ഋതുമാറ്റങ്ങളും അറിയുന്നത്. പാരമ്പര്യ രീതിയില്‍ മുത്തശ്ശി പയര്‍ വര്‍ഗങ്ങളെ ലാളിച്ചും കഥ പറഞ്ഞുമാണ് ബീന്‍ പേസ്റ്റുണ്ടാക്കുന്നത്. അതു തന്നെ സെന്റാരോയ്ക്ക് കൗതുകമാണ്. ഭൂമിയിലെ പല വെയിലും മഴയും മഞ്ഞും കൊണ്ട് വളര്‍ന്ന ഓരോ പയര്‍മണിയിലും ആത്മാവുണ്ടെന്ന് തോക്കു മുത്തശ്ശി കരുതുന്നു. കടയിലേക്കു കടന്നു വരുന്ന ഒറ്റപ്പെട്ട പെണ്‍കുട്ടികള്‍ക്കും തോക്കു മുത്തശ്ശിയുടെ സ്‌നേഹം കരുത്താവുന്നു.

കിംവദന്തികള്‍ പരക്കാന്‍ അധികം നാള്‍ വേണ്ടി വന്നില്ല. മുത്തശ്ശി ഒരു കുഷ്ഠരോഗ സത്രത്തില്‍ നിന്നാണു വരുന്നതെന്ന വാര്‍ത്ത നാട്ടിലെങ്ങും പരന്നു. അവരുടെ ഒരു കൈവിരല്‍ രോഗം വന്നു മുറിഞ്ഞു പോയിട്ടുണ്ട്. അതോടെ പാന്‍ കേക്കിനും ബീന്‍ പേസ്റ്റിനും കടയിലേക്ക് ആരും വരാറായി. സെന്റാരോയുടെ കച്ചവടം പൊളിഞ്ഞു. മുത്തശ്ശി സെന്റാരോയോട് യാത്ര പറഞ്ഞു. കച്ചവടം നഷ്ടത്തിലായതോടെ സെന്റാരോ കടയില്‍നിന്നു പുറത്താക്കപ്പെട്ടു. പാന്‍ കേക്ക് കട പുതുമോടിയിലുള്ള ഫാസ്റ്റ്ഫുഡിനു കളം മാറി. കുഷ്ടരോഗ സത്രം തേടി പിന്നീടു സെന്റാരോയും അയാള്‍ ആശ്രയം നല്‍കുന്ന അനാഥ പെണ്‍കുട്ടിയും കൂടി മുത്തശ്ശിയെത്തേടി യാത്ര പോവുകയാണ്.

നിറയെ കാടും മരങ്ങളും നിറഞ്ഞ കുഷ്ടരോഗ സത്രത്തില്‍ വച്ച് അവര്‍ മുത്തശ്ശിയെ കാണുന്നു. മുത്തശ്ശിയുടെ കഥകള്‍ കേള്‍ക്കുന്നു. നല്ല നാടന്‍ പാചകകഥകള്‍. ചെറിമരങ്ങളില്‍ ഇലകള്‍ കൊഴിഞ്ഞു തുടങ്ങി. കുഷ്ഠരോഗ സത്രത്തിലേക്കുള്ള അടുത്ത സന്ദര്‍ശനത്തില്‍ സെന്റാരോയെ സ്വീകരിക്കുന്നതു മുത്തശ്ശിയുടെ മരണ വാര്‍ത്തയാണ്. മുത്തശ്ശിയുടെ ഏക സമ്പാദ്യമായ പഴയ പാചക ഉപകരണങ്ങള്‍ അന്തേവാസികള്‍ സെന്റാരോയ്ക്കു നല്‍കുന്നു. മുത്തശ്ശിയുടെ സ്മാരകമായി അന്തേവാസികള്‍ വളര്‍ത്തുന്നതും ഒരു ചെറിമരമാണ്. ചുറ്റിലും ചെറിമരങ്ങളില്‍ വീണ്ടും പൂക്കാലം വന്നു. ചെറിമരങ്ങളുടെ പൂത്തണല്‍ മേല്‍ക്കൂരയാക്കി സെന്റാരോ കച്ചവടം തുടങ്ങി. തോക്കു മുത്തശ്ശിയുടെ സോയക്കുഴമ്പ് ചേര്‍ത്ത വിശിഷ്ടമായ മധുര പലഹാരം വിളിച്ചു പറയുന്നിടത്തു സിനിമ തീരുന്നു. അത്യന്തം വികാരനിര്‍ഭരവും കാവ്യാത്മകവും അതീവ ലളിതവുമായ ഒരു സിനിമ. സ്വീറ്റ് റെഡ് ബീന്‍ പേസ്റ്റ് അവസാനിക്കുമ്പോള്‍ കലാ അക്കാദമി കരഘോഷം കൊണ്ടു നിറഞ്ഞിരുന്നു.

ചെറിമരങ്ങളുടെ ഋതുമാറ്റങ്ങള്‍ ഇമേജറികളായി നിറച്ചാണു സിനിമ കാഴ്ച്ചക്കാരനെ കഥയിലേക്കും പ്രകൃതിയിലേക്കും നയിക്കുന്നത്. പാരമ്പര്യ പാചകകലയുടെ സംശുദ്ധിയും അനുഷ്ഠാനപരതയും നിറഞ്ഞ വേറൊരു മനുഷ്യ സംസ്‌ക്കാരത്തെക്കൂടി സിനിമ ഉള്‍വ്വഹിക്കുന്നു. എല്ലാം തിന്നു നശിപ്പിക്കുന്നവനല്ല മനുഷ്യനെന്നു തോക്കു മുത്തശ്ശിയുടെ കഥാപാത്രം ഓര്‍മപ്പെടുത്തുന്നു. പ്രകൃതിയെ അറിയുന്നവനാണു വലിയ പാചകക്കാരന്‍. പ്രകൃതി തന്നെയാണ് ഏറ്റവും വലിയ പാചകപ്പുരയെന്നും സിനിമ കാവ്യാത്മകമായും തത്വാചിന്താപരമായും അടിവരയിടുന്നു. മനുഷ്യ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പലതരം ബന്ധതീവ്രതയുടെയും പാചകമാണു സിനിമ ഏറ്റെടുത്തിരിക്കുന്നത്.

കുഷ്്ഠരോഗികളായി സമൂഹത്തില്‍നിന്നു പ്രാന്തവത്ക്കരിക്കപ്പെട്ട ജനത ഈ പ്രാന്ത പ്രദേശത്തെയും എങ്ങനെ വ്യത്യസ്തവും ആശ്രമജന്യവുമായ ജീവിത സ്ഥലമാക്കുന്നു എന്നു സിനിമ കാണിച്ചു തരുന്നു. അവഗണനയുടെ ലോകത്തും പ്രകൃതിയുടെ സാരള്യവും സന്തോഷവും കൊണ്ട ആ വൃദ്ധജനതയുടെ അതിജീവനം സിനിമയില്‍ പ്രസരിപ്പാര്‍ന്ന മുഹൂര്‍ത്തങ്ങള്‍ നിരവധി സൃഷ്ടിക്കുന്നുണ്ട്. കുഷ്ഠരോഗാലയത്തെ സിനിമ കാണിക്കുന്നതു വേദനയുടെയും വികൃത ശരീരങ്ങളുടെയും ലോകമായല്ല. എല്ലാവരും അവരവരുടെ ലോകത്ത് സന്തോഷത്തിലാണ്. കണ്ണീരിന് അവിടെ സ്ഥാനമില്ല. പരസ്പര സ്‌നേഹം കൊണ്ടു പ്രകൃതിയെയും മനുഷ്യപ്രകൃതിയെയും മാറ്റിപ്പണിയുന്നവരുടെ ലോകമാണു സിനിമ പങ്കുവയ്ക്കുന്ന സ്വപ്‌നം.

ഗോവയിലേക്കു വരുന്നതിനു മുമ്പേ കഴിഞ്ഞ കാന്‍ ചലച്ചിത്രമേളയിലും കൈയ്യടി നേടിയതാണു നവോമി കവാസയുടെ സ്വീറ്റ് റെഡ് ബീന്‍ പേസ്റ്റ്. നേരത്തെ കാന്‍ മേളയില്‍ ക്യാമറ ഡി ഓറും, ഗ്രാന്‍ പിക്സും ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള നവോമി കവോസ് ജപ്പാനില്‍ സമകാലിക സിനിമയുടെ ഏറ്റവും പ്രസരിപ്പാര്‍ന്ന മുഖങ്ങളില്‍ ഒരാളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News