മന്ത്രി കെ ബാബു രാജിവയ്ക്കണമെന്ന് എല്‍ഡിഎഫ്; ത്വരിത പരിശോധനയടക്കമുള്ള നടത്തണം; ഈ മാസം മുപ്പതിന് ബഹുജന മാര്‍ച്ചിന് ആഹ്വാനം

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ എക്‌സൈസ് മന്ത്രി കെ ബാബു രാജിവയ്ക്കണമെന്ന് എല്‍ഡിഎഫ്. ബാബുവിന്റെ രാജി ആവശ്യപ്പെട്ട് ഈ മാസം മുപ്പതിന് ബഹുജന മാര്‍ച്ച് നടത്തും. ബാബുവിനെതിരേ ത്വരിത പരിശോധന നടത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും തിരുവനന്തപുരത്തു ചേര്‍ന്ന എല്‍ഡിഎഫ് യോഗം ആവശ്യപ്പെട്ടതായി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.

മന്ത്രി കെ ബാബുവിനെതിരായി കോഴ ചോദിച്ചു എന്നും കോഴ നല്‍കി എന്നും കോഴ നല്‍കാന്‍ ബാര്‍ ഉടമകളില്‍നിന്നു തുക പിരിച്ചു എന്നും വ്യക്തമായ ആരോപണം ഉയര്‍ന്നു. വിജിലന്‍സിന്റെ അന്വേഷണത്തിനായി അതു സമര്‍പ്പിക്കുകയും ചെയ്തു. മാണിയുടെ കാര്യത്തില്‍ ക്വിക് വെരിഫിക്കേഷന്‍ നടത്തിയപ്പോള്‍ ബാബുവിനെതിരേ വിജിലന്‍സിന്റെ മാനുവലില്‍ ഇല്ലാത്ത പ്രാഥമികാന്വേഷണം മാത്രമാണ് നടത്തിയത്. അതു ബാബുവിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയെടുത്ത നടപടിയാണ്. ഈ കേസില്‍ ബാബുവിനെതിരേ 164-ാം വകുപ്പു പ്രകാരമുള്ള രഹസ്യമൊഴിയുണ്ട്. കേസ് തേച്ചുമാച്ചു കളഞ്ഞു എന്ന രീതിയില്‍ തള്ളിക്കളയുന്ന സമീപനമാണ് ബാബു സ്വീകരിച്ചത്. എല്ലാ തെളിവുകളും മുന്നില്‍വച്ചുള്ള കേസ് അന്വേഷിക്കണമെന്നും ക്വിക് വെരിഫിക്കേഷന്‍ നടത്തണം. അന്വേഷിച്ച് എഫ്‌ഐആര്‍ സമര്‍പ്പിക്കുന്നതിനു പകരം രക്ഷപ്പെടാനുള്ള പഴുതുകള്‍ ഒരുക്കുകയാണ് മുഖ്യമന്ത്രിചെയ്തത്. മുഖ്യമന്ത്രി തന്റെ ഗ്രൂപ്പിന്റെ ഏറ്റവും വലിയ മന്ത്രിയെന്ന നിലയില്‍ രക്ഷിക്കാന്‍ നോക്കുകയാണ്.

ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ എം എം ഹസന്‍ കോടതിക്കെതിരായി ശബ്ദമുയര്‍ത്തുകയാണ് ചെയ്തത്. കോടതി അലക്ഷ്യ നടപടിയാണ് ഉണ്ടായിരിക്കുന്നത്. മന്ത്രിസഭയിലെ അംഗങ്ങള്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അന്വേഷണ രീതി വ്യത്യസ്തമാണ് എന്നു പറയുന്നത് പ്രതിപക്ഷം മാത്രമല്ല. രാജിവച്ച മാണി ഇക്കാര്യത്തില്‍ മനസു തുറക്കുകയുംചെയ്തു. രണ്ടു നീതിയാണ് ഒരേ കാര്യത്തില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചത്. ഇത് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസിനുണ്ടായിട്ടുള്ള അഭിപ്രായമാണ്. ബാബു കോഴ വാങ്ങിയെന്നും കോഴ ചോദിച്ചെന്നും വ്യക്തമായിട്ടുണ്ട്. ബാബു ആ സ്ഥാനത്തുനിന്നു രാജിവച്ചുകൊണ്ട് അന്വേഷണം നടത്തണം.

മാണിക്കെതിരേ വിജിലന്‍സ് അന്വേഷണം മതിയോ സിബിഐ അന്വേഷണം മതിയോ എന്നൊരു സംശയം ഉന്നയിക്കപ്പെട്ടിട്ടില്ല. അന്വേഷണസംവിധാനത്തെ അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം വള്ളിപുള്ളി ശരിയാമെന്ന നിലയിലാണ് കോടതിയുടെ നിരീക്ഷണം വന്നിരിക്കുന്നത്. ബാബുവിന്റെ രാജിയും അന്വേഷണത്തിലെ സുതാര്യതയും ആവശ്യപ്പെട്ട് ഈ മാസം മുപ്പതിന് സെക്രട്ടേറിയറ്റിലേക്കു ബഹുജന മാര്‍ച്ച് നടത്താനാണ് തീരുമാനം.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പു കഴിഞ്ഞു. ഈ സര്‍ക്കാരിന്റെ അംഗീകാരത്തിനുള്ള വിധിയെഴുത്തായിരിക്കും ഇതെന്നു മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്. ഈ പ്രസ്താവനയില്‍ മുഖ്യമന്ത്രി തോറ്റിരിക്കുന്നു. മഹാ ഭൂരിപക്ഷം വരുന്ന ഗ്രാമപഞ്ചായത്തുകളും യുഡിഎഫിനു നഷ്ടപ്പെട്ടു. ബ്ലോക്കിലും നഗരസഭകളിലും യുഡിഎഫിന് നഷ്ടമുണ്ടായി. കോര്‍പറേഷനുകളിലും എല്‍ഡിഎഫ് നേട്ടമുണ്ടാക്കി.

കാര്‍ഷിക മേഖല എല്ലാത്തരത്തിലും പ്രതിസന്ധിയിലാണ്. ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ത്യയുടെ സമസ്ത മേഖലകളെയും ബാധിക്കുന്നതാണ്. നമ്മുടെ കാര്‍ഷിക രംഗം തകരുകയും കൃഷിയില്‍ നില്‍ക്കുന്നവര്‍ക്കു മുന്നോട്ടു പോകാന്‍ കഴിയാതെ വരികയും ചെയ്യും. വരാനിരിക്കുന്ന ചര്‍ച്ച ഇപ്പോഴത്തെ അവസ്ഥ കൂടുതല്‍ മോശമാക്കും. റബറിന് ഇപ്പോള്‍തന്നെ തൊണ്ണൂറു രൂപയായി. അരിയും പാമോയിലും ഇറക്കുമതി ചെയ്യും. തേയില, കാപ്പി, കുരുമുളക്, മത്സ്യം തുടങ്ങിയവയെല്ലാം ഇറക്കുമതി ചെയ്യും. കാര്‍ഷിക രംഗത്തിനു പിടിച്ചുനില്‍ക്കാന്‍ പറ്റില്ല. അതെല്ലാം പൊളിയുന്ന രീതിയിലേക്കു കാര്യങ്ങള്‍ വന്നിരിക്കുകയാണ്.

കൂടുതല്‍ പേര്‍ തൊഴിലെടുക്കുന്ന മേഖലയില്‍ ഉല്‍പാദനത്തകര്‍ച്ച നേരിടുകയാണ്. തൊഴിലവസരം ഇല്ലാതാകുന്നു. കൃഷിക്കാരുടെ ആത്മഹത്യയായിരിക്കും ആത്യന്തിക ഫലം. ഈ നയത്തിനെല്ലാം കേന്ദ്ര സര്‍ക്കാര്‍ ശക്തമായി നടപ്പാക്കാന്‍ നില്‍ക്കുകയാണ്. കേരളത്തില്‍ ഇത്രയധികം ദുരിതങ്ങള്‍ സംഭാവന ചെയ്യുന്ന കരാറിനെതിരേ സംസ്ഥാന സര്‍ക്കാര്‍ യാതൊരു പ്രതികരണവും നടത്തുന്നില്ല. വരാന്‍ പോകുന്ന അപകടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ രഹസ്യമായി ചര്‍ച്ച നടത്തുകയാണ്. കേന്ദ്ര ഗൂഢാലോചനയ്‌ക്കെതിരായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവരുന്നില്ല. അതുകൊണ്ടു തന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളെ എതിര്‍ക്കുന്ന പ്രമേയം അംഗീകരിച്ചു.

ഇടതു പക്ഷ കക്ഷികള്‍ ദേശീയാടിസ്ഥാനത്തില്‍ ഡിസംബര്‍ ഒന്നുമുതല്‍ ആറുവരെ ദേശവ്യാപകമായി വിലക്കയറ്റത്തിനും വര്‍ഗീയതയ്ക്കും എതിരായി കാമ്പയിന്‍ നടത്തുന്നുണ്ട്. കേരളത്തിലും ഇത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ നടത്തും. രാജ്യമെങ്ങും ന്യൂനപക്ഷങ്ങളെ കശാപ്പു ചെയ്യുന്ന നടപടികള്‍ നടക്കുകയാണ്. ഇതിനെതിരെയും എല്‍ഡിഎഫ് പ്രമേയം പാസാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News