ഫേസ്ബുക്ക് കണ്ടുപിടിച്ച ശേഷം പ്രതികരിച്ച് തുടങ്ങിയ ആളല്ല ഞാന്‍; സംശയമുള്ളവര്‍ 35 വര്‍ഷം മുന്‍പത്തെ പൊലീസ് രേഖകള്‍ പരിശോധിച്ചാല്‍ മതി; വിമര്‍ശകര്‍ക്ക് കടുത്ത ഭാഷയില്‍ മറുപടി നല്‍കി ജോയ് മാത്യു

ചുംബനസമരത്തിന്റെ പേരില്‍ വിമര്‍ശനമുന്നയിച്ചവര്‍ക്ക് കടുത്ത ഭാഷയില്‍ മറുപടിയുമായി സംവിധായകന്‍ ജോയ് മാത്യു.

ചുംബനസമരവും അതിന്റെ സംഘാടകരുടെ അറസ്റ്റും സംഭവിച്ചിട്ടും ഒന്നും മിണ്ടാതിരിക്കുന്ന, സാമൂഹ്യ പ്രശ്‌നങ്ങളില്‍ സ്വന്തം നിലപാട് വ്യക്തമാക്കുന്ന ഞാനടക്കമുള്ള പലരെയും കളിയാക്കിയും അവര്‍ക്ക് പ്രത്യേക വിളിപ്പേര് ചാര്‍ത്തിയും സാമൂഹ്യ മാധ്യമങ്ങളില്‍ മത ഭ്രാന്തന്മാരും (മത വിശ്വാസികളല്ല ) പ്രാകൃത മനുഷ്യരും തലങ്ങും വിലങ്ങും ആക്ഷേപങ്ങള്‍ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിയ സംഗതി എന്റെ ശത്രുക്കള്‍ പോലും എനിക്ക് ഒരു വിളിപ്പേരോ എന്നെ വ്യക്തിപരമായ അധിക്ഷേപങ്ങളോ നടത്തിയില്ല. അതിനര്‍ത്ഥം ശത്രുക്കള്‍ പോലും എന്നെ സ്‌നേഹിക്കുന്നു, എന്റെ വാക്കുകള്‍ ശ്രദ്ധിക്കുന്നു എന്നതാണ്. ‘- ജോയ് മാത്യു പറയുന്നു.

കഴിഞ്ഞ ദിവസത്തെ സംഭവങ്ങളില്‍ എന്റെ നിലപാട് നിങ്ങളോട് വ്യക്തമാക്കേണ്ടതുണ്ട് എന്ന് എനിക്ക് തോന്നി. ദുരാചാര (സദാചാരമല്ല ) പോലീസ് കോഴിക്കോട്ടെ ഡൌണ്‍ ടൗണ്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തപ്പോള്‍ അവിടം സന്ദര്‍ശിക്കുകയും ദുരാചാര പോലീസിനെതിരെ ഞാന്‍ ശക്തമായി പ്രതികരിക്കുകയും ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിലവിലെ സാമൂഹ്യപരമായ ജീര്‍ണതകളില്‍ അമര്‍ഷം ഉള്ളവരും അസംതൃപ്തരും സ്വാതന്ത്ര മോഹികളുമായ യുവാക്കള്‍ അവരുടെ സമരരൂപം തെരുവില്‍ ചുംബനമാക്കുകയും ചെയ്തപ്പോള്‍ ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ചുംബന സമരക്കാര്‍ പലരും എന്നെ ബന്ധപ്പെട്ട് ആലപ്പുഴയിലും ,തൃശ്ശൂരും കോഴിക്കോട്ടും നടന്ന ചുംബന സമരത്തില്‍ പങ്കെടുക്കാന്‍ വിളിച്ചിരുന്നുവെങ്കിലും, ചുംബനത്തെക്കുറിച്ചും സമരങ്ങളെക്കുറിച്ചും കുറച്ചൊക്കെ അറിവുള്ളതുകൊണ്ട് ഞാന്‍ അതില്‍ പങ്കെടുത്തുമില്ല, ചുംബിച്ചുമില്ല.’- ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.
ഇനി ഫേസ്ബുക്കില്‍ മാത്രം രാഷ്ട്രീയ സമൂഹ്യപ്രശ്‌നങ്ങളില്‍ ഇടപെട്ടു പേനയുന്തി ചാരിതാര്‍ത്ഥ്യം അടയുകയും ചരിത്രത്തില്‍ വേണ്ടത്ര പിടിപാടില്ലാത്തവരുടെയും ശ്രദ്ധക്ക്: ഫേസ്ബുക്ക് കണ്ടുപിടിച്ചശേഷം സമൂഹ്യപ്രശ്‌നങ്ങളില്‍ പ്രതികരിച്ചു തുടങ്ങിയ ഒരാളല്ല ഞാന്‍ എന്ന് മനസിലാക്കണമെങ്കില്‍ 1977- 81 വരെയുള്ള പൊലീസ് റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ മനസ്സിലാവും, രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ എത്ര കേസുകള്‍ എന്റെ പേരില്‍ ഉണ്ടായിരുന്നുവെന്ന്. പിന്നെ ഞാനെന്തിനു ഭയക്കണം, ആരെ ഭയക്കണം‘- ജോയ് മാത്യു ചോദിക്കുന്നു.

joy 1

joy 2

joy 3

joy 4

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel