ഇന്ത്യ – പാക് ക്രിക്കറ്റ് പരമ്പര ഡിസംബറില്‍ നടന്നേക്കും; ശ്രീലങ്ക വേദിയാകുമെന്ന് സൂചന; തീരുമാനം വെള്ളിയാഴ്ച

ദുബായ്: ഇന്ത്യ – പാകിസ്താന്‍ ക്രിക്കറ്റ് പരമ്പര ഉടന്‍ ഉണ്ടായേക്കും. പരമ്പരയ്ക്ക് ശ്രീലങ്ക വേദിയായേക്കും. ഇക്കാര്യം വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കും. നേരത്തെ യുഎഇ ഉള്‍പ്പടെയുള്ള വേദികള്‍ പരമ്പരയ്ക്കായി ആലോചിച്ചിരുന്നു. എന്നാല്‍ യുഎിയില്‍ കളിക്കുന്നതിനോട് ബിസിസിഐയ്ക്ക് താല്‍പര്യമില്ല. ഇന്ത്യയിലേക്ക് വരാന്‍ പാകിസ്താന്‍ ടീമും തയ്യാറല്ല. ഈ സാഹചര്യത്തിലാണ് ശ്രീലങ്കയെ പരിഗണിക്കുന്നത്.

ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം ഡിസംബര്‍ ഏഴിന് അവസാനിക്കും. ഇതിന് ശേഷം ടീമിന് കുറച്ചുനാള്‍ വിശ്രമമാണ്. ഇതിനിടയില്‍ പരമ്പര നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി – 20യും നടത്താനാണ് ആലോചന. രണ്ട് ടെസ്റ്റും അഞ്ച് ഏകദിനങ്ങളും അടങ്ങുന്ന പരമ്പരയാണ് നേരത്തെ ലക്ഷ്യമിട്ടിരുന്നത്.

ശ്രീലങ്കയില്‍ പരമ്പര നടത്തുകയാണെങ്കില്‍ രണ്ട് വേദികളാണ് പരിഗണിക്കുക. പ്രേമദാസ സ്റ്റേഡിയവും കാന്‍ഡി സ്റ്റേഡിയവും. ലങ്കയില്‍ ഡിസംബറിലെ കാലാവസ്ഥ അനുകൂലമാകുമെന്നാണ് പ്രതീക്ഷ. യുഎഇ വേദിയാക്കുന്നതിനോട് ബിസിസിഐ അധ്യക്ഷന്‍ ശശാങ്ക് മനോഹറിനും വലിയ താല്‍പര്യമില്ല. വാതുവെപ്പുകാരുടെ കേന്ദ്രമാണ് എന്നതാണ് പ്രധാന കാരണം.

സംഘപരിവാര്‍ ഭീഷണി നിലനില്‍ക്കുന്നതാണ് ഇന്ത്യയില്‍ പരമ്പര കളിക്കാന്‍ പാകിസ്താന്‍ താല്‍പര്യം പ്രകടിപ്പിക്കാത്തത്. ശിവസേന ഒരുവേള പരസ്യ ഭീഷണിയുമായി രംഗത്തെത്തുകയും ചെയ്തു. ശ്രീലങ്ക പരമ്പരയുടെ വേദിയായാല്‍ ഇത്തരം ഭീഷണി ഒഴിവാക്കാമെന്നതും പരിഗണിക്കാന്‍ കാരണമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here