രാജ്യത്ത് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുവെന്ന് ആമിര്‍ ഖാന്‍; ജനപ്രതിനിധികള്‍ മൗനത്തില്‍; അവാര്‍ഡ് തിരിച്ചുനല്‍കിയുള്ള പ്രതിഷേധത്തെ അനുകൂലിക്കുന്നുവെന്നും താരം

ദില്ലി: രാജ്യത്ത് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുണ്ടെന്നും ചില അനിഷ്ട സംഭവങ്ങള്‍ നടന്നപ്പോള്‍ രാജ്യം വിടുന്നതാണ് നല്ലതെന്ന് ഭാര്യ അഭിപ്രായപ്പെട്ടെന്നും ബോളിവുഡ് താരം ആമിര്‍ ഖാന്‍. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതക്കെതിരെ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയുള്ള കലാകാരന്‍മാരുടെ പ്രതിഷേധങ്ങളെയും ആമിര്‍ അനുകൂലിച്ചു.

കലാകാരന്‍മാര്‍ക്ക് അതൃപ്തിയോ അസമ്മതമോ പ്രകടിപ്പിക്കാനുള്ള മാര്‍ഗങ്ങളിലൊന്ന് പുരസ്‌കാരം തിരികെ കൊടുക്കലാണ്. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് പത്രങ്ങളിലൂടെ അറിയുന്നുണ്ട്. ഇതൊക്കെ കാണുമ്പോള്‍ ഒരു ആപത്ത് സൂചനയാണ് ഉണ്ടാകുന്നതെന്ന് നിഷേധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാംനാഥ് ഗോയങ്ക മാധ്യമപുരസ്‌കാരങ്ങള്‍ വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ആമിര്‍.

ഭാര്യ കിരണ്‍ റാവുമായി സംസാരിക്കുമ്പോഴാണ് രാജ്യം വിടേണ്ടി വരുമോയെന്ന ആശങ്ക പ്രകടിപ്പിച്ചത്. പത്രം തുറക്കാന്‍ പോലും അവര്‍ക്ക് ഭയമാണെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു. ഏത് സമൂഹത്തിനും സുരക്ഷിതത്വ ബോധവും നീതിബോധവും ഉണ്ടാകേണ്ടത് അനിവാര്യമാണ്. അടുത്ത അഞ്ച് വര്‍ഷം പരിപാലിക്കുമെന്ന വിശ്വാസത്തിലാണ് ജനങ്ങള്‍ കേന്ദ്രത്തിലും സംസ്ഥാനത്തും ഓരോ പ്രതിനിധിയെയും തെരഞ്ഞെടുക്കുന്നത്. അവര്‍ കൃത്യമായ നിലപാട് സ്വീകരിക്കാതിരിക്കുമ്പോഴാണ് അരക്ഷിതാവസ്ഥ ഉണ്ടാകുന്നതെന്നും ആമിര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News