താന്‍ അതീവഗുരുതര ആരോഗ്യാവസ്ഥയിലാണെന്ന് അമിതാഭ് ബച്ചന്‍; കരളിന്റെ കാല്‍ ശതമാനം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ; രോഗം ബാധിച്ചതു രക്തം സ്വീകരിച്ചതുവഴി

മുംബൈ: തന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് അമിതാഭ് ബച്ചന്‍. ലിവര്‍ സീറോസിസ് ബാധിച്ച് കരളിന്റെ ഇരുപത്തഞ്ചു ശതമാനം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെന്നു ബിഗ്ബി തന്നെയാണ് വ്യക്തമാക്കിയത്. ഹെപ്പറ്റൈറ്റിസ് ബോധവല്‍കരണാര്‍ഥം സംഘടിപ്പിച്ച പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബച്ചന്‍.

കൂലി സിനിമയുടെ ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തെത്തുടര്‍ന്നാണ് രക്തം സ്വീകരിക്കേണ്ടിവന്നത്. ഇരുനൂറു പേരില്‍നിന്നായി അറുപതു കുപ്പി രക്തമാണ് സ്വീകരിച്ചത്. അന്നു ഹെപ്പറ്റൈറ്റിസ് ബാധിച്ച ആരുടെയോ രക്തം തനിക്കു നല്‍കിയതാണ് രോഗബാധയ്ക്കു കാരണമെന്നു കരുതുന്നു. പിന്നീട് പതിനെട്ടുവര്‍ഷത്തോളം സാധാരണ ജീവിതം നയിച്ചു. അതിനുശേഷമാണ് കരളിന്റെ രോഗം തിരിച്ചറിഞ്ഞത്.

പന്ത്രണ്ടു ശതമാനം കരള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഒരാള്‍ക്കു ജീവിക്കാം. പക്ഷേ, ആരും അങ്ങനെയാകാന്‍ ആഗ്രഹിക്കുന്നുണ്ടാകില്ല. തനിക്കു ദാനം ചെയ്ത രക്തം ഹെപ്പറ്റൈറ്റിസ് ബാധിച്ചതാണോ എന്നു പരിശോധിച്ചിരുന്നില്ല. ഹെപ്പറ്റൈറ്റിസും ടിബിയുമുള്ളവരുടെ രക്തം ദാനം ചെയ്യുകയോ സ്വീകരിക്കുകയോ അരുത്. തനിക്ക് ഇന്ത്യയിലെ ഡോക്ടര്‍മാരിലും ആതുരസേവന മേഖലയിലും പൂര്‍ണവിശ്വാസമാണ്. അതുകൊണ്ടാണ് വിദേശത്തു ചികിത്സതേടിപ്പോകാത്തത്. പലപ്പോഴും വിദേശത്തുനിന്നു അഭിപ്രായം തേടിയപ്പോള്‍ ഇന്ത്യയില്‍നിന്നു ലഭിച്ചതിനു വ്യത്യസ്തമായിരുന്നില്ലെന്നും ബച്ചന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News