എയര്‍ഇന്ത്യ വിമാനം റാഞ്ചുമെന്ന് ഭീഷണിപ്പെടുത്തിയത് ഐഎസ് ഭീകരര്‍ എന്നു സൂചന; സന്ദേശം എത്തിയത് മധ്യപ്രദേശില്‍ നിന്ന്; ആരെയും അറസ്റ്റു ചെയ്തില്ല

ഭോപ്പാല്‍: എയര്‍ഇന്ത്യ വിമാനം റാഞ്ചുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ദിവസം എയര്‍ഇന്ത്യ ആസ്ഥാനത്തെത്തിയ ഫോണ്‍കോള്‍ മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്നാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍, വിളിച്ചത് ആരാണെന്നോ, മറ്റു വിശദാംശങ്ങളോ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. സംഭവത്തില്‍ എഫ്‌ഐആര്‍ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഥാനെ പൊലീസിനാണ് അന്വേഷണച്ചുമതല. എന്നാല്‍, ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഭീഷണി ഫോണ്‍ കോള്‍ വിളിച്ചത് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ആണെന്ന് സൂചനയുണ്ട്.

കഴിഞ്ഞ ദിവസമാണ് എയര്‍ഇന്ത്യ വിമാനം റാഞ്ചുമെന്ന് മുന്നറിയിപ്പു നല്‍കി ഭീഷണി സന്ദേശം എത്തിയത്. എയര്‍ഇന്ത്യയുടെ പരാതിയെ തുടര്‍ന്ന് ഥാനെ പൊലീസ് കോള്‍സെന്റര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കോള്‍ വന്നത് ഭോപ്പാലില്‍ നിന്നാണെന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. നവംബര്‍ 28ന് വിമാനം റാഞ്ചുമെന്നായിരുന്നു ഭീഷണി.

ടര്‍ക്കിഷ് വിമാനം റാഞ്ചുമെന്ന ഭീഷണി സന്ദേശം ടര്‍ക്കിഷ് എയര്‍ലൈന്‍സിന് ലഭിച്ചതിനു തൊട്ടുപിന്നാലെയാണ് എയര്‍ഇന്ത്യക്കും ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞയാഴ്ച പാരിസിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലും തന്ത്രപ്രധാന നഗരങ്ങളില്‍ ഭീകരാക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here