താജ് മഹല്‍-ഭീതിയുടെ മിനാരങ്ങള്‍ക്കുള്ളിലെ അനുഭവം; ഭയന്നുവിറച്ച ഇന്ത്യയുടെ നേര്‍ക്കാഴ്ചയില്‍ ഒരു ഫ്രഞ്ച് തിരഭാഷ്യം

അമേരിക്കയ്ക്ക് 9/11 പോലെയാണ് ഇന്ത്യക്ക് 26/11. ഭീകരാക്രമണത്തിന്റെ നടുക്കം വിട്ടുമാറാത്ത രണ്ട് കലണ്ടര്‍ ഓര്‍മ്മകള്‍. മുംബൈയിലെ 26/11 ഭീകരാക്രമണത്തെക്കുറിച്ച്, പ്രത്യേകിച്ചും ടാജ് ഹോട്ടല്‍ ആക്രമണത്തിന്റെ പശ്ചാത്തില്‍ ഒരു സിനിമ- അതാണ് ഫ്രഞ്ച് സംവിധായകന്‍ നിക്കോളാസ് സാദയുടെ താജ്മഹല്‍. ഗോവയില്‍ പ്രേക്ഷക പ്രീതിയില്‍ ചിത്രം മുന്നിട്ടു നില്‍ക്കുമ്പോള്‍ സംഭവിക്കുന്നത് കൈയടികളെല്ലാം ഒരു ഫ്രഞ്ചുകാരന്‍ കൊണ്ടു പോവുന്നു എന്നതാണ്. ഏറ്റവും നല്ല ഭംഗിയിലും കൈയ്യൊതുക്കത്തിലും തന്നെ ആ നടുക്കവും ഭീതിയും കണ്ണീരും രക്തവും പുരണ്ട താജ് ദിനങ്ങളെ സംവിധായകന്‍ അഭ്രവത്കരിക്കുകയാണ്. അതിനും നമുക്ക് ഒരു അന്യരാജ്യക്കാരന്‍ വേണ്ടിവന്നു എന്നര്‍ത്ഥം. എന്തായാലും താജ് ആക്രമണത്തെക്കുറിച്ച് ഒരു ബോളിവുഡ് പടപ്പ് വരുന്നതിനും മുമ്പേ ഇങ്ങനെയൊരു കലാപരമായ ചരിത്രമെഴുത്ത്, മനുഷ്യരുടെ ഹൃദയമിടിപ്പുകള്‍ തൊട്ടറിഞ്ഞൊരു ചലച്ചിത്ര രചനയായി കാണാനായതിന്റെ ആഹ്ലാദത്തിലാണ് ഗോവയിലെ പ്രേക്ഷകര്‍.

Displaying taj 2.jpgDisplaying taj 2.jpgDisplaying taj 2.jpgTaj-Mahal-2

മുംബൈയിലേക്ക് ജോലിക്കെത്തിയ ഒരു ഫ്രഞ്ച് കുടുംബം താത്കാലികമായി താജ് ഹോട്ടലില്‍ താമസം തുടങ്ങുന്നു. ലൂയിസ് എന്ന പതിനെട്ടുകാരിയും അവളുടെ അച്ഛനും അമ്മയും. താജിന്റെ ആതിഥ്യ മര്യാദകളും ഉപചാരങ്ങളും മുംബൈയിലെ സാധാരണ നഗര ജീവിതങ്ങളിലേക്ക് തുറന്നു വച്ച ജനാലകളും ലൂയിസിനെ ആഹ്ലാദിപ്പിക്കുന്നു. ഇടവേളകളില്‍ അവര്‍ നഗരത്തിലെ കാഴ്ചകള്‍ കണ്ടു നടക്കുന്നു. പല കാഴ്ച്ചകളിലും ഇന്ത്യ അവരെ സന്തോഷിപ്പിക്കുന്നു. ഒരു ദിവസം അച്ഛനും അമ്മയും പുറത്ത് ഡിന്നറിന് പോയപ്പോഴാണ് അത് സംഭവിക്കുന്നത്. മുറിയില്‍ ലൂയിസ് മാത്രം. ഇടനാഴിയിലേക്കിറങ്ങിയപ്പോള്‍ ശ്്മശാന മൂകത. പെട്ടെന്ന് വെടിയൊച്ചകള്‍ ബോംബ് സ്‌ഫോടനങ്ങള്‍. പുറത്തിറങ്ങരുതെന്നും ബാത്ത് റൂമില്‍ ഒളിച്ചിരിക്കാനും ഫോണില്‍ നിര്‍ദേശങ്ങള്‍. അച്ഛനും അമ്മയ്ക്കും പുറത്തുനിന്ന്് അവളിലേക്ക് ഫോണ്‍ ബന്ധം സ്ഥാപിക്കാനാവുന്നു. അവര്‍ക്ക് ഹോട്ടലിലേക്കോ ലൂയിസിന് പുറത്തേക്കോ കടക്കാനാവില്ല. പുറത്ത് ഭീകരര്‍ വാതിലുകള്‍ തല്ലിപ്പൊളിക്കാന്‍ ശ്രമിക്കുന്നതിന്റെ ശബ്ദങ്ങള്‍. പലതും പൊളിഞ്ഞു വീഴുന്നു. കെട്ടിടത്തിന് തീപിടിക്കുന്നു. രക്ഷപ്പെടില്ലെന്നു തന്നെ അവള്‍ ഉറച്ചു വിശ്വസിച്ചു. വെടിയുണ്ടകളും ബോംബ് സ്‌ഫോടനങ്ങളുമായി തീപിടിച്ചു കഴിഞ്ഞ ഹോട്ടലിന്റ അകത്തും പുറത്തുമായി കിടക്കുന്ന മനുഷ്യാത്മാക്കളിലൂടെയാണ് നിക്കോളാസ് സദ ആ ദുരന്തദിനങ്ങളെ ആവിഷ്്ക്കരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ഇന്ത്യന്‍ സിനിമയിലാണെങ്കില്‍ ഭീകരന്മാരെയും അവരെ കീഴ്‌പ്പെടുത്തുന്ന പൊലീസുകാരെയും മറ്റും വില്ലന്മാരും നായകന്മാരുമാക്കിയോ, അവരുടെ ഏറ്റുമുട്ടലും മറ്റു സാഹസിക പ്രവര്‍ത്തികളുമൊക്കെ പ്രത്യേകം എടുത്തു കാട്ടിയോ ആ ചരിത്ര സംഭവത്തെ മുഴുവന്‍ ത്രില്ലറും മെലോഡ്രാമയുമാക്കി നശിപ്പിച്ചേനെ. സംവിധായകനായ നിക്കോളാസ് സദ പക്ഷേ, മനുഷ്യരുടെ ശ്വാസങ്ങള്‍ പോലും ഒപ്പിയെടുത്താണ് ഭീതിയുടെ ദിനങ്ങള്‍ ആവിഷ്‌ക്കരിക്കുന്നത്. മുംബൈയുടെ സ്വാഭാവിക ജീവിത പരിസരത്തെ കൃത്രിമത്വമൊന്നുമില്ലാതെ അകത്തും പുറത്തും രേഖപ്പെടുത്തിയതു കൊണ്ട് ഒരു അസാമാന്യ ഡോക്യു ഡ്രാമയായി സിനിമ വേറൊരു തരം കാഴ്ചാനുഭവമാകുന്നു.

Taj-Mahal-3

താജ് ഹോട്ടലില്‍, ദുരന്ത ദിവസം അവിടെയുണ്ടായിരുന്നവരെല്ലാം ലോകത്തിന്റെ പല ഭാഗങ്ങളില്‍ നി്ന്ന് വന്നവരാണ്. പല സന്തോഷങ്ങളില്‍ മുഴുകിക്കഴിഞ്ഞവര്‍. ലൂയിസ്‌ തൊട്ടടുത്ത താഴത്തെ നിലയിലേക്ക് ചാടി രക്ഷപ്പെടാനൊരുങ്ങുന്ന സത്രീയെ കാണുന്ന രംഗമുണ്ട് ചിത്രത്തില്‍. വെടിയൊച്ചകള്‍ക്കും ബോംബ്‌സ്‌ഫോടനത്തിനും ഇടയില്‍ നിന്ന് അവര്‍ പരിചയപ്പെടുന്നു. അവരുടെ ഹണിമൂണ്‍ ട്രിപ്പായിരുന്നു അത്. രക്ഷപ്പെടാന്‍ ശ്രമിച്ച അവളുടെ നവവരന്‍ താഴെ മരിച്ച നിലയില്‍ വീണു കിടക്കുന്നത് ലൂയിസിന് കാണാം. കണ്ണീരിന്റെയും പൂര്‍ണ്ണ നിസ്സഹായതയുടെയും നടുവില്‍ നിന്ന് അവര്‍ പ്രിയപ്പെട്ടവരാവുന്നു. ലൂയിസിനെയും ആ കൂട്ടുകാരിയെയും പിന്നീട് രക്ഷാപ്രവര്‍ത്തകര്‍ കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയാണ്. മരിച്ചവര്‍ക്ക് വേണ്ടി മെഴുകുതിരി തെളിയിച്ച അന്ത്യോപചാരങ്ങളില്‍ ലൂയിസ് പങ്ക് ചേരുന്നു. ശേഷം വീണ്ടും കുടുംബം ആ ഓര്‍മ്മ കൂട്ടായ്മയുടെ ഭാഗമാവുന്നു. മരിച്ചവരുടെ ചിത്രത്തില്‍ നിന്ന് ബോംബു പൊട്ടുമ്പോള്‍ തന്നെ മുറിയിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോയ റൂം ബോയിയുടെ ചിത്രം അവള്‍ തിരിച്ചറിയുന്നു. ആ ചിത്രത്തിനു മുന്നില്‍ നിന്ന് കണ്ണീര്‍ വാര്‍ക്കുന്ന അവന്റെ കൂട്ടുകാരിയെന്ന് തോന്നിക്കുന്ന റിസപ്ഷനിസ്റ്റായ പെണ്‍കുട്ടിയേയും അവള്‍ ശ്രദ്ധിക്കുന്നുണ്ട്. അങ്ങനെ വേദനയുടെ എത്രയോ താജ് മഹലുകള്‍ തന്നെയായ കൊച്ചു കൊച്ചു മുഹുര്‍ത്തങ്ങള്‍ കൊണ്ട് നിക്കോളാസ് സദ അത്ഭുതം സൃഷ്ടിക്കുന്നു.

മനുഷ്യസ്‌നേഹത്തിന്റെയും ആര്‍ദ്രതയുടെയും കണ്ണീര്‍ പൊടിഞ്ഞു നില്‍ക്കുന്ന യഥാര്‍ത്ഥ അന്തരീക്ഷത്തിലൂടെയാണ് നിക്കോളാസ് സദയുടെ ക്യാമറ സഞ്ചരിക്കുന്നത്. ഒരു രാജ്യം ഞെട്ടിത്തരിച്ച ദുരന്തത്തെ ചലച്ചിത്രമാക്കുമ്പോള്‍ അത് എങ്ങിനെ മരിച്ചവര്‍ക്കും പിന്നെ ജീവിച്ചിരിക്കുന്നവര്‍ക്കും തന്നെയുള്ള ഉജ്ജ്വലമായ സ്മാരകമാക്കാം എന്നു തന്നെയാകും നിക്കോളാസ് സദ അന്വേഷിച്ചിട്ടുണ്ടാവുക. അതിഭാവുകത്വത്തിലേക്ക് എവിടെയും പേരിന് പോലും സിനിമ നിപതിക്കുന്നില്ല. തോക്കിന്‍മുനയില്‍ കഴിഞ്ഞ മനുഷ്യരുടെ വികാരങ്ങളാണ് തകര്‍ന്ന താജിന്റെ മിനാരങ്ങളേക്കാള്‍ ഇവിടെ സിനിമയില്‍ കത്തിപ്പടരുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ഒരു ഉജ്ജ്വല സിനിമ. ഇന്ത്യന്‍ ചലച്ചിത്ര ലോകം നിക്കോളസ് സദയില്‍ നിന്ന് പഠിക്കാന്‍ പാഠങ്ങള്‍ നിരവധിയുണ്ട്.

Taj-Mahal-1

ഒരു വിദേശ ഭാഷക്കാരന്‍ ഇന്ത്യന്‍ പശ്ചാത്തലവും പ്രമേയവുമുള്ള ചിത്രമെടുക്കുമ്പോള്‍ എന്താണ് സംഭവിക്കുക എന്നതിന് നമുക്ക് നേരത്തേ ചില മാതൃകകളുണ്ട്. വിദേശക്കണ്ണിന്റെ പല കുഴപ്പങ്ങളും ചിത്രങ്ങള്‍ക്കുണ്ടാവും. വെള്ളക്കാര്‍ ചിത്രം പിടിക്കുമ്പോള്‍ പ്രത്യേകിച്ചും. ആറ്റന്‍ ബറോയുടെ ഗാന്ധി തൊട്ട് സഌ ഡോഗ് മില്ല്യണയര്‍ വരെ നമുക്ക് മുന്നിലുള്ള മാതൃകകളെല്ലാം ഇത്തരത്തില്‍ ഇന്ത്യയുടെ മേലുള്ള വിദേശിയുടെ കൗതുകക്കണ്ണും ആധിപത്യ മനോഭാവവും പ്രവര്‍ത്തിച്ചിട്ടുള്ള ചിത്രങ്ങളാണ്. ആ നിലക്ക് നോക്കിയാല്‍ താജ്മഹല്‍ ഒടുവില്‍ പറയേണ്ടത് ഇന്ത്യ ജീവിക്കാന്‍ സുരക്ഷിതമല്ലെന്ന നാടാണെന്നാണ്. പക്ഷേ സിനിമ അവിടെയാണ് പൂര്‍ണ ഔചിത്യം പാലിച്ച് നമ്മെ വിസ്മയിപ്പിക്കുന്നത്. ഇന്ത്യയിലെ ഓരോ സാധാരണക്കാരനും നിങ്ങളുടെ സുരക്ഷിതത്വം ആഗ്രഹിക്കുന്നു എന്നാണ് ഓരോ വിദേശിയോടും ചിത്രം അടിവരയിട്ട് കൈമാറുന്ന സന്ദേശം.  ലൂയിസും കുടുംബവും രക്ഷപ്പെട്ട് മുംബൈയുടെ വിജനമായ ചേരികളിലൂടെ വേഗത്തില്‍ പോവുമ്പോള്‍ ന്ഗ്നപാദയായ ലൂയിസ് നടക്കാന്‍ പാടുപെടുന്നുണ്ട്. അപ്പോള്‍ ചേരി നിവാസിയൊയൊരു മുംബൈക്കാരന്‍ അവള്‍ക്ക് ഒരു ജോടി പാദരക്ഷകള്‍ നീട്ടുന്ന രംഗമുണ്ട്. നിങ്ങള്‍ക്കിത് ആവശ്യമുണ്ട് എന്നു പറഞ്ഞാണ് ആ ചേരി നിവാസിയായ പാവം വൃദ്ധന്‍ പാദരക്ഷ കൈമാറുന്നത്. ഓരോ സാധാരണ ഇന്ത്യക്കാരനും നിങ്ങളുടെ സുരക്ഷയെ കുറിച്ച് ഉത്കണഠയുള്ളവനാണെന്നാണ് മുഴുവന്‍ ഇന്ത്യന്‍ സമൂഹത്തിനെയും പ്രതിനിധീകരിച്ച് ആ മനുഷ്യന്‍ പറയുന്നത്. നൊടിയിടയില്‍ സംഭവിക്കുന്ന അങ്ങനെയൊരു ഒറ്റ രംഗം കൊണ്ടു തന്നെ തീര്‍ത്തും യാഥാര്‍ത്ഥ്യ ബോധമുള്ള സംവിധായകനായി നിക്കോളാസ് സദ തന്റെ മുന്‍ഗാമികളില്‍ നിന്ന് വഴിമാറി നടക്കുന്നു.

നവംബര്‍ 26നാണ് മുംബൈ ഭീകരാക്രമണത്തിന്റെ ഏഴാം വാര്‍ഷികം. മുംബൈയുടെ അടുത്ത നാടായ ഗോവയിലും ആ ഓര്‍മ പലമട്ടില്‍ ആചരിക്കാറുള്ളതാണ്. 2008-ലെ ഒരു ഗോവ ചലച്ചിത്ര മേളയുടെ കാലത്തായിരുന്നു രാജ്യത്തെ ആകെ ഞെട്ടിത്തരിപ്പിച്ച സംഭവം. കനത്ത സുരക്ഷയില്‍ ഗോവയിലും ഭീകരാക്രമണത്തിന്റെ ജാഗ്രതാപ്രഖ്യാപനത്തിലും തോക്കിന്‍ കാവലിലുമാണ് അന്ന് ചലച്ചിത്ര മേള നടന്നതെന്ന് ചില പ്രതിനിധികളെങ്കിലും ഓര്‍ക്കുന്നുണ്ടാകും. അതുകൊണ്ട് എല്ലാ നവംബര്‍ 26നും ഗോവന്‍ മേളയിലും പ്രതിനിധികള്‍ മെഴുകുതിരി തെളിയിച്ച് ആ ദിനത്തെ ഓര്‍ക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷം മുംബൈ ആക്രമണത്തില്‍ മരിച്ചവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കുമുള്ള ഗോവയുടെ ഏറ്റവും നല്ല പ്രണാമമാകുന്നു എല്ലാ മെഴുകുതിരിനാളങ്ങള്‍ക്കുമപ്പുറം നിക്കോളാസ് സദയുടെ താജ്മഹല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News