പൂജനടത്തിയാല്‍ അപകടങ്ങളൊഴിയുമോ? കാസര്‍ഗോട്ട് കെഎസ്ആര്‍ടിസി ബസുകള്‍ അപകടത്തില്‍പെടുന്നത് ഒഴിവാക്കാന്‍ ഡിപ്പോയില്‍ പ്രേതപൂജ; അന്വേഷണത്തിന് എംഡിയുടെ ഉത്തരവ്

കാസര്‍ഗോഡ്: കെഎസ്ആര്‍ടിസി ബസുകള്‍ അപകടത്തില്‍പെടുന്നതു പതിവായ സാഹചര്യത്തില്‍ കാസര്‍ഗോഡ് ഡിപ്പോയില്‍ പ്രേതമൊഴിപ്പിക്കല്‍പൂജ. ജ്യോത്സന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ നവരാത്രി സമയത്ത് ആയുധപൂജയുടെ തലേദിവസമാണ് ഡിപ്പോയില്‍ പൂജ നടത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ ഉത്തരവിട്ടു.

കഴിഞ്ഞകുറച്ചുകാലമായി കാസര്‍ഗോഡ് ഡിപ്പോയില്‍ അപകടങ്ങള്‍ പെരുകുകയാണെന്ന് പറഞ്ഞാണ് ഒരു സംഘം ജീവനക്കാര്‍ ജ്യോത്സനെക്കണ്ടു പ്രശ്‌നം വപ്പിച്ചുനോക്കിയത്. ഡിപ്പോയ്ക്കായി സ്ഥലം സ്വകാര്യ വ്യക്തിയില്‍നിന്ന് ഏറ്റെടുക്കുകയായിരുന്നു. ഈ സ്ഥലം ഏറ്റെടുക്കും മുമ്പ് ഇവിടെ ദുരൂഹ മരണങ്ങളുണ്ടായിട്ടുണ്ടെന്നും പ്രേതശല്യമാണ് അപകടങ്ങള്‍ക്കു കാരണമെന്നുമായിരുന്നു ജോത്സ്യനായ ബാലകൃഷ്ണന്റെ കണ്ടെത്തല്‍. തുടര്‍ന്നാണ് പ്രേതമൊഴിപ്പിക്കല്‍ പൂജ നടത്താന്‍ നിര്‍ദേശിച്ചത്.

പൂജ നടത്തേണ്ട പൂജാരിമാരെയും ബാലകൃഷ്ണന്‍തന്നെയാണ് നിര്‍ദേശിച്ചത്. സ്ഥാപനത്തിന്റെ ഉടമസ്ഥനും പൂജയില്‍ പങ്കെടുക്കണമെന്നു ജ്യോത്സ്യന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറും പൂജയില്‍ പങ്കെടുത്തിരുന്നു. വിവരം പുറത്തറിഞ്ഞതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ഡിടിഒ ജി മോഹനന്‍കുട്ടി സംഭവം നിഷേധിക്കുകയായിരുന്നു. ആയുധപൂജയാണ് നടത്തിയതെന്നും മറ്റൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പ്രേതപൂജ നടത്താന്‍ താന്‍ നിര്‍ദേശിച്ചിരുന്നെന്നും തന്റെ നിര്‍ദേശപ്രകാരമുള്ളവരാണ് പൂജ നടത്തിയതെന്നും ജ്യോത്സ്യന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

അപകടങ്ങള്‍ പെരുകുകയാണെന്നും പരിഹാരമാര്‍ഗം നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് ജീവനക്കാര്‍ വന്നതെന്നും താന്‍ പൂജ നിര്‍ദേശിക്കുകയായിരുന്നെന്നും ബാലകൃഷ്ണന്‍ പറഞ്ഞു. പൂജ നടന്നെന്നു വ്യക്തമായ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗമാണ് അന്വേഷണം നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News