കത്തിച്ചാമ്പലാവാത്ത റീലുകളുമായി കംബോഡിയ; മലയാളം കണ്ടുപഠിക്കാന്‍ ഒരു പിടി നല്ല മാതൃകകളുമായി ഗോവയിലെ ഓരോ കാഴ്ചകളും മാറുമ്പോള്‍

ന്നര ലക്ഷം കര്‍ഷകരെ മാത്രം കംബോഡിയയില്‍ ഖമര്‍ റൂഷ് യുഗത്തില്‍ പച്ചയ്ക്കു കത്തിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഒരു രാജ്യത്തിന്റെ ജനസംഖ്യയിലെ ഇരുപത്തിയഞ്ചു ശതമാനം മനുഷ്യരെയും കുത്തിയും തൂക്കിയും വെടിവെച്ചും ബോംബുവെച്ചും കൊന്ന കൊടും നൃശംസതകളുടെ രക്തക്കറവീണ മുഖത്തോടെയല്ലാതെ പോള്‍പോട്ട് യുഗത്തെ ഇന്ന് ചരിത്രം സ്മരിക്കുന്നില്ല. രണ്ടാം ലേകയുദ്ധത്തിനും ഹിറ്റ്‌ലര്‍ – മുസ്സോളനി ഫാസിസ്റ്റ് കാലത്തിനും ശേഷം ലോകം ഇപ്പോഴും ഭയന്നു വിറച്ചല്ലാതെ പോള്‍പ്പോട്ടിന്റെ കംബോഡിയയെ ഓര്‍ക്കുന്നുമില്ല. കൊല്ലപ്പെട്ട മനുഷ്യരുടെ തലയോട്ടികള്‍ കൊണ്ട് നിറഞ്ഞ നാടാണ് ഇപ്പോഴും കംബോഡിയ. കര്‍ഷകര്‍ നിലം കിളയ്ക്കുമ്പോള്‍ പോലും ഇപ്പോഴും അറിയാതെ ഒരു തലയോട്ടിയെങ്കിലും ഞെട്ടിക്കുന്ന ആ കാലത്തിന്റെ അവസാനിക്കാത്ത ഭയ പ്രതീകങ്ങളായി ഉയര്‍ന്നു വരുമെന്നാണ് പറയുന്നത്. ഭയം ഒരു രാഷ്ട്ര വികാരവും കൊലപാതകം ഒരു സാമൂഹിക നിയമവും നിശ്ചയവുമായ കംബോഡിയയുടെ ചരിത്രം പോള്‍പോട്ട് യുഗത്തിന് ശേഷം എത്രയോ സിനിമകളും ഡോക്യുമെന്ററികളുമായി ലോകമേളകളില്‍ ആ കാലത്തെ ഓര്‍മ്മിപ്പിച്ച് കടന്നു പോയിട്ടുണ്ട്. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്നു തന്നെ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചിരുന്ന ആ സിനിമകളുടെ നിരയിലേക്കാണ് സോത്തോ കുലിക്കറിന്റെ ദി ലാസ്റ്റ് റീല്‍ എന്ന കംബോഡിയന്‍ ചിത്രവും കടന്നുവരുന്നത്. എന്നാല്‍ ലാസ്റ്റ് റീല്‍ പറയുന്നത് പോള്‍പോട്ട് യുഗം മനുഷ്യരോട് മാത്രമല്ല സിനിമയോടും ചെയ്ത ക്രൂരതെക്കുറിച്ചാണെന്നാണ് ഈ സിനിമയിലെ ചലച്ചിത്രമേളയിലെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്.

ഖമര്‍ റൂഷ് ഭരണത്തിന്റെ കാലത്ത് കംബോഡിയയില്‍ മുന്നൂറ് സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. സകലതും കത്തിച്ചാമ്പലാക്കിയതിന്റെ കൂട്ടത്തില്‍ പോള്‍ പോട്ട് സിനിമകളെയും ചാരമാക്കി. പക്ഷേ ആ ചാരത്തില്‍ നിന്നും മുപ്പതോളം സിനിമകള്‍ രക്ഷപ്പെട്ടു. രക്ഷപ്പെട്ടതും മരിച്ചില്ലാതായതുമായ സിനിമകള്‍ക്ക് പ്രണാമമര്‍പ്പിച്ച് പോള്‍പോട്ട് കാലത്ത് നഷ്ടമായ ഒരു സിനിമയുടെ അവസാനത്തെ റീല്‍ തേടിയുളള യാത്രയാണ് ഈ ചിത്രം. ഒരു രാജകുമാരനും ഒരു ഗ്രാമീണപെണ്‍കുട്ടിയും തമ്മിലുള്ള സംഭവനിര്‍ഭരമായ പ്രണയകഥയായ സിനിമ, അതിന്റെ അപൂര്‍ണ്ണരൂപത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രൊജക്റ്റര്‍ ഓപ്പറേറ്ററാണ് കഥാനായകന്‍. സിനിമയുടെ അവസാനത്തെ റീലാണ് കാണാതായത്. അതു കൊണ്ടാണ് ആ കഥ അപൂര്‍ണ്ണമായത്്. പ്രൊജക്റ്റര്‍ ഓപ്പറേറ്റര്‍ കൂടി അഭിനയിച്ച സിനിമയാണത്. സിനിമയിലെ നായികയെ സ്വന്തമാക്കാന്‍ അയാള്‍ സ്വന്തം സഹോദരനെ ഖമര്‍ റൂഷ് പട്ടാളത്തിന് ഒറ്റിക്കൊടുത്ത് കൊന്നിട്ടുണ്ട്. നായിക പിന്നീട് ഒരു ഖമര്‍റൂഷ് പട്ടാളക്കാരന്റെ ഭാര്യയായി. ഇപ്പോള്‍ വാര്‍ദ്ധക്യത്തിലെത്തിയ കഥാനായികയുടെ മകള്‍ നഷ്ടപ്പെട്ട സിനിമയുടെ അവസാനത്തെ റീല്‍ പുനഃസൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് സിനിമ. സിനിമയിലെ കഥയിലേതിനേക്കാള്‍ അമ്പരപ്പിക്കുന്ന, തന്റെ കുടുംബത്തില്‍ തന്നെ നായകരും വില്ലന്മാരും നിറഞ്ഞ വേറെ ചില പ്രണയ ദുരന്തങ്ങളുെട കഥയാണ് മകള്‍ക്ക് സിനിമ നിര്‍മ്മാണത്തിന്റെ ഭാഗമായി കേള്‍ക്കേണ്ടിവരുന്നത്. നാല്‍പ്പത് വര്‍ഷത്തിനു ശേഷം ഷൂട്ട് ചെയ്ത അവസാനത്തെ ഭാഗം കൂട്ടിച്ചേര്‍ത്തു സിനിമ ഒടുവില്‍ പുറത്തിറങ്ങുന്നതാണു കഥാപരിണാമം. കൊലപാതകം നീതിയായിരുന്ന കാലത്ത് പല തരത്തില്‍ കുറ്റവാളികളായ കഥാപാത്രങ്ങളെ ഒടുവില്‍ ബുദ്ധമന്ത്രങ്ങളാല്‍ മാനസാന്തരപ്പെടുത്തി അഹിംസയുടെ അപാരമായ ശാന്തിയിലെത്തിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്.

last reel 2

സിനിമയ്ക്കുള്ളിലെ സിനിമയാണെന്നു പറയാം ദി ലാസ്റ്റ്് റീല്‍. സിനിമയുടെ ശക്തിയെയാണു സിനിമ ആവര്‍ത്തിച്ച് ഉറപ്പിക്കുന്നത്. കറങ്ങുന്ന റീലുകളാകും ഇനി ലോകത്തെ മാറ്റിമറിക്കുക എന്നാണു സിനിമ പ്രഖ്യാപിക്കുന്നത്. സിനിമയുടെ ശക്തി വെടിയുണ്ടകള്‍കൊണ്ടു കത്തിച്ചാമ്പലാക്കാനാവില്ലെന്നും അത് ആ ചരിത്രത്തെ വിചാരണചയ്തു ചാരമായാലും ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ന്നു പറക്കുമെന്നും ദി ലാസ്റ്റ് റീല്‍ പറഞ്ഞുവയ്ക്കുന്നു. സിനിമയിലെ ഒരു ഭാഗത്ത് അമേരിക്കയുടയും ഖമര്‍റൂഷിന്റെയും ബോംബാക്രമണത്തില്‍ പേടിച്ചരണ്ട കമ്പോഡിയന്‍ ജനത രക്ഷതേടിയെത്തുന്നത് കഥാനായകനായ പ്രൊജക്റ്റര്‍ ഓപ്പറേറ്ററുടെ സിനിമാ തീയറ്ററിലാണ്. പുറത്തു വെടിയുണ്ടകളും ബോംബു സ്‌ഫോടനങ്ങളും മഴ പോലെ തകര്‍ക്കുമ്പോള്‍ അയാള്‍ പേടിച്ചരണ്ട അഭയാര്‍ഥികള്‍ക്കു മുന്നില്‍ പഴയ രാജകുമാരന്റെയും ഗ്രാമീണ കന്യകയുടെയും പ്രണയ കഥ കാണിക്കുന്നു. സിനിമ അവസാനിക്കുന്നേയില്ല. അവസാനിക്കുമ്പോള്‍ അയാള്‍ വീണ്ടും വീണ്ടും കാണിക്കും. പുറത്തു വെടിയുണ്ടകളില്‍നിന്ന് ജനങ്ങള്‍ക്ക് ഒരു താല്‍ക്കാലിക ആശ്വാസമാകുകയാണ് സിനിമയും സിനിമ തീയറ്ററും. പ്രൊജക്റ്റര്‍ ഓപ്പറേറ്റര്‍ സിനിമയുടെ തോക്കെടുത്ത പോരാളിയെ പോലെ നമുക്ക് അനുഭവപ്പെടും. ഒടുവില്‍ ഖമര്‍ റൂഷ് ബോംബുകള്‍ ആ സിനിമ തിയറ്ററിനെയും ഛിന്നഭിന്നമാക്കുന്നു. എങ്ങോട്ടോ ഓടി രക്ഷപ്പെട്ട പ്രൊജക്റ്റര്‍ ഓപ്പറേറ്റര്‍ കാലങ്ങള്‍ക്കു ശേഷം തകര്‍ന്ന തീയറ്ററിലെത്തി വീണ്ടും പഴയ റീലുകള്‍ പുറത്തെടുക്കുന്നു. സിനിമയുടെയും സ്വന്തം ജീവിതത്തിന്റെയും അറിയാക്കഥകള്‍ പറ്റിച്ചേര്‍ന്ന അവസാനത്തെ റീലിനുവേണ്ടിയാവുന്നു പിന്നെ അന്വേഷണം.

SwornVirgin_web_1

ഒരു നല്ല മലയാള സിനിമയുടെ രൂപഭാവങ്ങളുണ്ട് കംബോഡിയയില്‍ നിന്നുള്ള ദി ലാസ്റ്റ് റീലിന്. പക്ഷേ, സിനിമ ഉള്‍വ്വഹിക്കുന്ന തോക്കിന്മുനയിലെ ജീവിതവും ചരിത്രവും മലയാളി ഒരിക്കലും എവിടെയും അനുഭവിച്ചിട്ടില്ലാത്തത് കൊണ്ട് ആ അര്‍ത്ഥത്തില്‍ സമാനതകള്‍ പറയാനാവില്ല. ലോക സിനിമ അമ്പരപ്പിക്കുന്ന ഭാവപരിണാമങ്ങളിലൂടെ രേഖപ്പടുത്തുന്ന ജീവിതത്തിന്റെ തിരഭാഷ്യങ്ങള്‍ മലയാളം സിനിമാ മേഖലയിലുള്ളവര്‍ കണ്ടിരുന്നെങ്കില്‍ എന്ന് നമ്മള്‍ ആത്മാര്‍ത്ഥമായി ഇവിടെ നിന്ന് ആഗ്രഹിച്ചു പോകുന്നു. എന്താണ് നമ്മുടെ സിനിമകള്‍ ഇവിടെ താരങ്ങളെനിറച്ച് പടച്ചുകൂട്ടി ഉണ്ടാക്കുന്നതെന്ന് നമ്മള്‍ ആലോചിച്ചു പോവും. മാനവ കുലത്തിന്റെ പല അതിവനങ്ങളായി സിനിമ മാറേണ്ടുന്ന കാലത്ത് നമ്മുടെ സിനിമകള്‍ ചലച്ചിത്രമേളകള്‍ക്ക് പുറത്ത് ഇപ്പോഴും ഡപ്പാംകൂത്തുകളാകുന്നല്ലോ എന്ന സങ്കടമാണ് ഗോവയില്‍ പല സിനിമാ ഭൂഖണ്ഡങ്ങള്‍ കണ്ടിറങ്ങുന്ന ഓരോ മലയാളിയും പങ്കുവയ്ക്കുന്നത്. ദരിദ്ര, പട്ടിണി രാജ്യങ്ങള്‍ വരെ എന്തൊക്കെ അദ്ഭുതകരമായ സിനിമകളാണ് പരീക്ഷിക്കുന്നതെന്ന് നമ്മള്‍ കണ്ണു തുറന്ന് കാണുന്നത് നന്നായിരിക്കും.

lamb 2

എത്യോപ്യയില്‍ നിന്നുള്ള ലാംബ് കാണേണ്ടുന്ന പടമാണ്. ഒരു ഗ്രാമീണ ബാലന്റെയും അവന്റെ ജീവനായ ഒരു കുഞ്ഞാടിന്റെയും കഥയാണത്. വിദൂര എത്യോപ്യന്‍ മലയോര ഗ്രാമത്തിലെ ബന്ധുവീട്ടിലേക്ക് അവന്‍ ഒരവധിക്കാലത്ത് പോകുന്നതും, പിന്നീട് മടങ്ങുന്നതുമാണ് കഥ. അതിസാധാരണക്കാരായ മനുഷ്യരുടെ അതീവലളിതമായ സ്വപ്‌നങ്ങളും സന്തോഷങ്ങങ്ങളും സങ്കടങ്ങളും കെട്ടുപിണഞ്ഞ് എത്ത്യോപ്യന്‍ പര്‍വ്വത നിരകളുടെ പശ്ചാത്തല ഭംഗികളെ പോലെ തന്നെ ഉയര്‍ന്നു നില്‍ക്കുന്ന സിനിമ. യാറെഡ് സിലെക്കെ സംവിധാനം ചെയ്ത ഈ ചിത്രം എത്യോപ്യയില്‍ നിന്ന് ആദ്യമായി ഓസ്‌കാര്‍ അവാര്‍ഡിനും കാന്‍ ചലച്ചിത്രമേളയിലേക്കും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് ഗോവയിലെത്തിയിരിക്കുന്നത്. ബ്രസീലില്‍ നിന്നുള്ള അന്ന മുയലര്‍ട്ടിന്റെ ദി സെക്കന്റ് മദറില്‍ ഒരു സമ്പന്നകുടുംബത്തിലെ വീട്ടു ജോലിക്കാരിയായ വാല്‍ ആണ് കേന്ദ്ര കഥാപാത്രം.

The_Second_Mother_Still

വീട്ടുകാര്‍ക്ക് അവരുടെ മകന്റെ രണ്ടാനമ്മയെപ്പോലെയാണ് വാല്‍. പക്ഷേ വാലിന്റെ മകള്‍ ദൂരെ വേറൊരു നാട്ടില്‍ ആ സ്‌നേഹം അനുഭവിക്കാതെ കഴിയുന്നു. സ്വന്തം മകളെ ലാളിച്ച് വളര്‍ത്താനാവാതെ പോയ ഒരമ്മയുടെ കഥ. റെജീന കേസ് എന്ന നടിയുടെ അതിശക്തമായ സ്ത്രീ കഥാപാത്രത്തിലൂടെ ഗോവയിലെ പ്രേക്ഷകരെ ആഴത്തില്‍ സ്പര്‍ശിക്കുന്നു ദി സെക്കന്‍ഡ് മദര്‍. 88-ാമത് ഓസ്‌കാര്‍ അവാര്‍ഡിന് വിദേശഭാഷാ വിഭാഗത്തിലൊക്കെ ഈ ചിത്രവും മത്സരിക്കുന്നു.

SwornVirgin_web_1

കന്യകാത്വം സംബന്ധിച്ച അല്‍ബേനിയയിലെ അതി വിചിത്രമായ ആചാരങ്ങളാല്‍ ഒരു സ്ത്രീക്ക് തന്റെ സ്വത്വം മറച്ചുവച്ച് ആണിനെപ്പോലെ ജീവിക്കേണ്ടിവരുന്നതിനെക്കുറിച്ചുള്ള ശക്തമായ ഒരു സ്തീപക്ഷ സിനിമയും ഇക്കുറി ഗോവയില്‍ നിറഞ്ഞ കൈയടി നേടി- ലോറ ബിസ്പൂരിയുടെ സ്വോര്‍ണ്‍ വെര്‍ജിന്‍. ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയങ്ങള്‍ നമ്മുടെ നാടും സിനിമയും ചര്‍ച്ച ചെയ്തു തുടങ്ങിയ കാലത്ത് ഈ സിനിമയക്കും വലിയ പ്രസക്തിയുണ്ട്. എന്തായാലും ഇന്ത്യയുടെ 46-ാമത് ചലച്ചിത്ര മേള അതിന്റെ പാതി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ നല്ല സിനിമയുടെ അസംഖ്യം ഭൂഖണ്ഡങ്ങളിലൂടെ പ്രേക്ഷകരെ ഒന്നടങ്കം അഭിമാനകരമാംവിധം അഭിരമിപ്പിച്ച്  മണ്ഡോവിയുടെ തീരം സമൃദ്ധവും സഫലവുമായിരിക്കുന്നു എന്ന് നിസ്സംശയം പറയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here