ചെന്നൈയിലെ ഐടി മേഖലയെ മഴ തകര്‍ത്തു; കമ്പനികള്‍ ജീവനക്കാരെ ബംഗളുരുവിലേക്കും ഹൈദരാബാദിലേക്കും മാറ്റി; മാറ്റമില്ലാത്തവര്‍ക്കു വര്‍ക്ക് ഫ്രം ഹോം

ചെന്നൈ: ദിവസങ്ങളോളം നിര്‍ത്താതെ പെയ്ത മഴ ദുരിതമായപ്പോള്‍ പ്രധാന പ്രവൃത്തികള്‍ ചെന്നൈയില്‍നിന്നു മറ്റു നഗരങ്ങളിലേക്കു മാറ്റാന്‍ പ്രമുഖ ഐടി കമ്പനികള്‍ ഒരുങ്ങുന്നു. ജീവനക്കാരുടെ സുരക്ഷയും ഉപഭോക്താക്കളുടെ സൗകര്യവും പരിഗണിച്ചാണ് ടിസിഎസ്, കൊഗ്നിസന്റ്, ഐബിഎം, ഇന്‍ഫോസിസ് കമ്പനികളുടെ നീക്കം. പ്രധാന പ്രവര്‍ത്തനങ്ങള്‍ ബംഗളുരുവിലേക്കു മാറ്റാണ് ആലോചന.

മഴ കനത്തപ്പോള്‍തന്നെ ജീവനക്കാര്‍ക്ക് കാമ്പസുകള്‍ക്കുള്ളില്‍ താമസസൗകര്യം ഒരുക്കാന്‍ കമ്പനികള്‍ തയാറായിരുന്നു. കിടക്കകളും താമസിക്കാനുള്ള സൗകര്യവുമൊരുക്കിയായിരുന്നു ഇത്. ചിലരാകട്ടെ കുടുംബസമേതം കാമ്പസുകള്‍ക്കുള്ളിലെ സൗകര്യങ്ങളിലേക്കു മാറുകയും ചെയ്തിരുന്നു. പ്രശ്‌നം ഗുരുതരമാകുന്നു എന്നു സൂചന ലഭിച്ചപ്പോള്‍ കാമ്പസുകള്‍ക്കു സമീപമുള്ള ഹോട്ടലുകള്‍ മൊത്തത്തില്‍ ഇത്തരം കമ്പനികള്‍ വാടകയ്‌ക്കെടുത്തിരുന്നു. രാജ്യത്തെ ഐടി തൊഴില്‍മേഖലയുടെ പതിനഞ്ചുശതമാനം ചെന്നായിലാണ്.

ദിവസങ്ങളോളം തുടര്‍ന്ന മഴയില്‍ ചെന്നൈയുടെ പശ്ചാത്തല സൗകര്യങ്ങളൊക്കെ തകര്‍ന്നിരിക്കുകയാണ്. മഴ മാറിയാലും ഇതൊക്കെ പരിഹരിച്ചു ചെന്നൈയെ പൂര്‍വസ്ഥിതിയിലാക്കാന്‍ ദിവസങ്ങളെടുക്കും. രാജ്യത്തെ ഓട്ടോമൊബൈല്‍ വ്യവസായമേഖലയുടെ പ്രധാന കേന്ദ്രവുമാണ് ചെന്നൈ. ഹുണ്ടായി, ഫോര്‍ഡ്, റെനോള്‍ട്ട്-നിസാന്‍ തുടങ്ങിയവയുടെ പ്ലാന്റുകളും ഉണ്ട്. ഇവയും മഴയില്‍ പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്.

ഇരുപതിനായിരത്തോളം പേര്‍ തൊഴിലെടുക്കുന്ന ചെന്നൈയിലെ കേന്ദ്രത്തിലെ ഭൂരിഭാഗം പേരെയും ഐബിഎം ബംഗളുരുവിലേക്കു മാറ്റിയതായാണ് റിപ്പോര്‍ട്ട്. കൊഗ്നിസാന്റും ജീവനക്കാരെ സുരക്ഷിതമായ നഗരങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. ജീവനക്കാരുടെ സുരക്ഷിതത്വം പ്രധാന കാര്യമായതിനാല്‍ മിനിഞ്ഞാന്നു വീണ്ടും മഴ ശക്തമായപ്പോള്‍തന്നെ കൊഗ്നിസാന്റ് തങ്ങളുടെ ജീവനക്കാരെയും കുടുംബങ്ങളെയും മുഴുവന്‍ കാമ്പസിനു തൊട്ടടുത്തുള്ള ഹോട്ടലുകളിലേക്കു മാറ്റിയിരുന്നു.

ഇന്‍ഫോസിസും ഭൂരിഭാഗം പേരെയും ബംഗളുരുവിലെയും ഹൈദരാബാദിലെയും കാമ്പസുകളിലേക്കു മാറ്റിയിട്ടുണ്ട്. അല്ലാത്തവരോട് ഓഫീസില്‍വരേണ്ടെന്നും വീട്ടിലിരുന്നു ജോലി ചെയ്താല്‍മതിയെന്നുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഓള്‍ഡ് മഹാബലിപുരം റോഡിലുള്ള എച്ച്‌സിഎല്‍ ഒരാഴ്ചയായി പൂര്‍ണമായി പ്രവര്‍ത്തിക്കാത്ത അവസ്ഥയാണ്. എച്ച്‌സിഎല്‍ പല ജീവനക്കാരോടും നിലവിലുള്ള പ്രൊജക്ടുകള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ നോയ്ഡയിലെ കാമ്പസില്‍ താല്‍കാലികമായി ചുമതലയേല്‍ക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ടിസിഎസ് ജീവനക്കാരോടു വീട്ടില്‍നിന്നു ജോലി ചെയ്യാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. വിപ്രോയും ഇതേ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here