സാങ്കേതിക സര്‍വകലാശാല പരീക്ഷാ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക്; സംഭവത്തില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി; നടപടി പീപ്പിള്‍ വാര്‍ത്തയെ തുടര്‍ന്ന്

തിരുവനന്തപുരം: സാങ്കേതിക സര്‍വ്വകലാശാലയില്‍ പരീക്ഷ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ച സംഭവത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നു. വൈസ് ചാന്‍സലര്‍ ഡോ.കുഞ്ചറിയ പി ഐസക്കിനോട് ഗവര്‍ണര്‍ രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. പീപ്പിള്‍ വാര്‍ത്തയെ തുടര്‍ന്നാണ് ഗവര്‍ണറുടെ നിര്‍ദ്ദേശം.

പരീക്ഷാ നടത്തിപ്പിന്റെ പൂര്‍ണചുമതല ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് നല്‍കിക്കൊണ്ടാണ് പരീക്ഷാ കണ്‍ട്രോളര്‍ ഉത്തരവിറക്കിയത്. ബംഗളൂരു ആസ്ഥാനമായ മെറിറ്റ് ട്രാക്ക് എന്ന സ്ഥാപനത്തെ ഏല്‍പിച്ചു കൊണ്ടാണ് പരീക്ഷാ കണ്‍ട്രോളര്‍ പ്രൊഫസര്‍ ഷിബു ഉത്തരവിറക്കിയത്. ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലെ 152 കോളജുകളിലായി പഠിക്കുന്ന 40,000ല്‍ അധികം വിദ്യാര്‍ത്ഥികളുടെ പരീക്ഷാനടത്തിപ്പിന്റെ പൂര്‍ണചുമതലയാണ് മെറിറ്റ് ട്രാക്കിനെ ഏല്‍പിച്ചത്. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതു മുതല്‍ ഉത്തരക്കടലാസിന്റെ മൂല്യനിര്‍ണയം വരെ നടത്തുക ഈ സ്ഥാപനമായിരിക്കും.

രാവിലെ 9.30ന് ആരംഭിക്കേണ്ട പരീക്ഷയുടെ ചോദ്യപേപ്പര്‍ എട്ടു മണിയോടെ തന്നെ കോളജ് പ്രിന്‍സിപ്പാളിന് സര്‍വകലാശാലയുഡടെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഇതിനായി പ്രിന്‍സിപ്പളുമാര്‍ക്ക് രഹസ്യ കോഡ് നല്‍കും. പരീക്ഷാ ക്രമക്കേടില്‍ ഇതിനോടകം സംശയ നിഴലില്‍ നില്‍ക്കുന്ന സ്വകാര്യ കോളജ് പ്രിന്‍സിപ്പളുമാര്‍ക്കും ചോദ്യപേപ്പര്‍ ഈ വിധം ഡൗണ്‍ലോഡ് ചെയ്യാനാകും. അതായത്, പരീക്ഷ ആരംഭിക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പു തന്നെ സുതാര്യമല്ലാത്ത ഈ സംവിധാനത്തിലൂടെ ചോദ്യപേപ്പര്‍ കൈമാറുന്നത് പരീക്ഷാനടത്തിപ്പിന്റെ അന്തഃസത്തയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. ചോദ്യപേപ്പര്‍ എപ്രകാരമാണ് തയ്യാറാക്കുന്നതെന്ന കാര്യത്തില്‍ പോലും വ്യക്തതയില്ല. വന്‍ തോതിലുള്ള കോപ്പിയടിക്കാണ് വഴിയൊരുങ്ങുന്നതെന്നാണ് ആക്ഷേപം.

152 കോളജുകളിലെ അധ്യാപകര്‍ തയ്യാറാക്കുന്ന ചോദ്യക്കടലാസുകളില്‍ നിന്ന് 5 എണ്ണം പരീക്ഷാബോര്‍ഡ് തെരഞ്ഞെടുക്കും. ഇതില്‍ നിന്ന് ഏതെങ്കിലും ഒന്ന് ബംഗളൂരു ആസ്ഥാനമായ കമ്പനിയുടെ ചെയര്‍മാന്‍ നെറ്റില്‍ അപ്‌ലോഡ് ചെയ്യും. ചുരുക്കത്തില്‍ ഈ സ്വകാര്യ സ്ഥാപന മേധാവിയടെ കയ്യിലാണ് ഇനി കേരളത്തിലെ എന്‍ജിനീയറിംഗ് വിദ്യാഭ്യാസം. ഇന്ത്യയില്‍ ഇതിനു മുമ്പ് രണ്ടു സര്‍വകലാശാലകള്‍ പരീക്ഷിച്ച് പരാജയപ്പെട്ട പദ്ധതിയാണ് ഇപ്പോള്‍ കുസാറ്റ് നടപ്പാക്കുന്നത്. തമിഴ്‌നാട്ടിലെയും ഗുജറാത്തിലെയും സര്‍വകലാശാലകള്‍ ഇത്തരത്തില്‍ പുറംകരാര്‍ നല്‍കിയിരുന്നെങ്കിലും പരാജയപ്പട്ടപ്പോള്‍ തിരുത്തിയിരുന്നു.

മതിയായ മുന്നൊരുക്കങ്ങളോ കൂട്ടായ ആലോചനകളോ ഇല്ലാതെയാണ് പരീക്ഷാനടത്തിപ്പിന് പുറംകരാര്‍ നല്‍കാന്‍ പരീക്ഷാ കണ്‍ട്രോളര്‍ ഉത്തരവിറക്കിയതെന്ന് സാരം. ഇതോടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരുപോലെ ആശങ്കയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News