എഫ്‌സി ഗോവ – നോര്‍ത്ത് ഈസ്റ്റ് മത്സരം സമനിലയില്‍; സ്‌കോര്‍ 1 -1

ഫത്തോര്‍ദ: സെമിഫൈനലില്‍ ചുവടുറപ്പിക്കാനുള്ള അവസാനപാദ മത്സരങ്ങളില്‍ എഫ്‌സി ഗോവയ്ക്കും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനും സമനില. ഒരോ ഗോള്‍ വീതം നേടിയാണ് ഇരു ടീമുകളും സമനില പാലിച്ചത്. ആര്‍ക്കും ഗോളുകള്‍ ഒന്നും നേടാനാവാതെയാണ് ആദ്യ പകുതി പിന്നിട്ടത്.

രണ്ടാം പകുതിയില്‍ 56-ാം മിനുട്ടിലാണ് നോര്‍ത്ത് ഈസ്റ്റ് ഗോള്‍ നേടിയത്. വിക്ടര്‍ മെന്‍ഡിയിലൂടെയായിരുന്നു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഗോള്‍ നേട്ടം. സിമാവോ നല്‍കിയ പാസ് മെന്‍ഡി ഹെഡ്ഡറിലൂടെ എഫ്‌സി ഗോവയുടെ വലയിലാക്കി. പന്ത് സേവ് ചെയ്യാന്‍ എഫ്‌സി ഗോവയുടെ കാവല്‍ക്കാരന്‍ ലക്ഷ്മികാന്ത് കട്ടിമണിക്ക് കഴിഞ്ഞില്ല.

കളി തീരാന്‍ പത്ത് മിനുട്ട് ബാക്കിനില്‍ക്കെയാണ് എഫ്‌സി ഗോവ ഗോള്‍ മടക്കിയത്. റെയ്‌നാള്‍ഡോയിലൂടെയായിരുന്നു ഗോവ സമനില പിടിച്ചത്. ഗോള്‍ പോസ്റ്റിന് സമീപം നിന്ന ലിയോ മോറ ഹെഡ്ഡറിലൂടെ റെയ്‌നാള്‍ഡോയ്ക്ക് പാസ് നല്‍കി. കാത്തുനില്‍ക്കാതെ റെയ്‌നാള്‍ഡോ മറുപടി ഗോള്‍ പൂര്‍ത്തിയാക്കി. സ്‌കോര്‍ 1-1.

12 കളികളില്‍നിന്ന് 20 പോയിന്റോടെ അത് ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് പട്ടികയില്‍ ഒന്നാമന്‍. നോര്‍ത്ത് ഈസ്റ്റിനെതിരെ ജയിച്ചിരുന്നെങ്കില്‍ എഫ്‌സി ഗോവയ്ക്ക് ഒന്നാമത് എത്താമായിരുന്നു. 12 മത്സരങ്ങളില്‍നിന്ന് 19 പോയിന്റാണ് എഫ്‌സി ഗോവയുടെ നേട്ടം. പട്ടികയില്‍ ഡെല്‍ഹി ഡൈനാമോസ് രണ്ടാമതും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് നാലാമതുമാണ്. 11 മത്സരങ്ങളില്‍നിന്ന് ആറ് തോല്‍വിയും മൂന്ന് ജയവും അക്കൗണ്ടിലുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ വാലറ്റത്താണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here