ഡാനിഷ് ഗേള്‍ തകര്‍ത്തു; ഭിന്നലിംഗ ശേഷിയുള്ളവരുടെ കഥയ്ക്ക് നിറഞ്ഞ കൈയ്യടി; സംഭവബഹുലമായി ഗോവന്‍തിര

എഡ്ഡി റെഡ്മെയിന്‍ എന്ന എഡ്വേര്‍ഡ് ജോണ്‍ ഡേവിഡ് റെഡ്‌മെയിന്‍ എന്ന ഇംഗ്ലീഷ് നടനാണ് യഥാര്‍ത്ഥത്തില്‍ ഗോവയുടെ താരം. കഴിഞ്ഞ വര്‍ഷം ഗോവയില്‍ The theory Of Every thing എന്ന ചിത്രത്തില്‍ സ്റ്റീഫന്‍ ഹോക്കിംഗായി തകര്‍ത്തഭിനയിച്ച റെഡ്മെയിന്‍ മികച്ച നടനുള്ള ഓസ്‌കാര്‍ നേടിയത് എന്തായാലും ഗോവന്‍ മേളയിലെ കാണികളെ ഒട്ടും അമ്പരിപ്പിച്ചിട്ടുണ്ടാവില്ല. ആ ചരിത്രം സംഭവ ബഹുലമായ മറ്റൊരു ചിത്രത്തിലൂടെ വീണ്ടും ഗോവയിലൂടെ തന്നെ ആവര്‍ത്തിക്കുകയാണ്.

റെഡ്‌മെയിന്‍ ഈ വര്‍ഷം അത്ഭുതപ്പെടുത്തിയത് ഒരു മൂന്നാം ലിംഗ വ്യക്തിത്വമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചാണ്- ചിത്രം ഡാനിഷ് ഗേള്‍. കഴിഞ്ഞ വെനീസ്, ടോറന്റോ മേളകള്‍ക്ക് ശേഷം ഡാനിഷ് ഗേളിന്റെ മൂന്നാമത്തെ പ്രദര്‍ശനമായിരുന്നു ഗോവയിലേത്. അടുത്ത വര്‍ഷം ജനുവരി ഒന്നിനാണ് ഡാനിഷ് ഗേള്‍ ലോകമെങ്ങും റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഗോവയില്‍ നേടിയ കൈയ്യടികള്‍ എന്തായാലും ടോം കൂപ്പറുടെ ഈ ചിത്രം കൈവരിക്കാന്‍ പോകുന്ന വലിയ വിജയങ്ങളുടെയും അംഗീകാരങ്ങളുടെയും തുടക്കം തന്നെയാണ്.

ട്രാന്‍സ് ജെന്റര്‍ അഥവാ മൂന്നാം ലിംഗവ്യക്തിത്വമുള്ള മനുഷ്യരെക്കുറിച്ച് കേരളമായിരിക്കും ഏറ്റവും മോശപ്പെട്ട ഒരു ചിത്രമെടുത്തിട്ടുണ്ടാവുക- ചാന്ത് പൊട്ട്. ബംഗാളില്‍ ഋതുപര്‍ണ്ണ ഘോഷ് സ്വന്തം സിനിമ കൊണ്ടും ജീവിതം കൊണ്ടും സൃഷ്ടിച്ച ആവിഷ്‌ക്കാരങ്ങളാണ് ഈ വിഷയത്തില്‍ ഇന്ത്യയ്ക്ക് എടുത്തു കാട്ടാനുള്ള നല്ല ചിത്രങ്ങള്‍. മൂന്നാം ലിംഗത്തിന്റെ പ്രശ്‌നങ്ങളെ അത്രയേറെ സര്‍ഗ്ഗാത്മകവും കാവ്യാത്മകവുമായി ഒരു രബീന്ദ്ര സംഗീതം പോലെ അവതരിപ്പിച്ച ഋതുപര്‍ണ്ണ ഘോഷിന്റെ നിര്യാണത്തോടെ ആ രംഗത്ത് ഇന്ത്യയില്‍ ഇനി പറയാന്‍ പറയാന്‍ ബാക്കിയുള്ളത് വലിയ ശൂന്യതയാണ്.

ടോം കൂപ്പര്‍ എന്ന ഹോളിവുഡിന്റെ സൂപ്പര്‍ സംവിധായകന്‍ ഡാനിഷ് ഗേളിലൂടെ ട്രാന്‍സ് ജന്‍ഡര്‍ വിഷയത്തിന് ഒരു അന്താരാഷ്ട മാനം നല്‍കുകയാണ്. മൂന്നാം ലിംഗത്തിലെ മനുഷ്യരോട് ലോക ചലച്ചിത്രചരിത്രം കാണിക്കുന്ന ഏറ്റവും വലിയ നീതിയായാണ് ഡാനിഷ് ഗേള്‍ കാണപ്പെടുക.

കോപ്പന്‍ ഹേഗനില്‍ താമസിക്കുന്ന ദമ്പതികളായ എയ്‌നര്‍ വാഗനറും (എഡ്ഡി റെഡ്‌മെയിന്‍) ജെര്‍ഡ വാഗനറും(അലീഷ്യ വികന്‍ഡര്‍) ചിത്രകാരന്മാരാണ്. ഒരു കൗതുകത്തിന് എയ്‌നറെ പെണ്‍ വേഷം കെട്ടിച്ച് മോഡലാക്കി നിര്‍ത്തി ജെര്‍ഡ മനോഹരമായൊരു പോര്‍ട്രേയിറ്റ് വരക്കുന്നു. ചിത്രത്തിന് വലിയ ജനപ്രീതി ലഭിച്ചതോടെ ആ നിരയില്‍ ജെര്‍ഡ കൂടുതല്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങി.

പെണ്‍ വേഷം കെട്ടിയ എയ്നറെ ജര്‍ഡ ലിലി എന്ന് വിളിക്കുന്നു. അത്യന്തം പ്രണയപൂര്‍ണവും പ്രസാദാത്മകവുമായ അവരുടെ ജീവിതത്തിലേക്ക് മെല്ലെ നിഴലുകള്‍ പരക്കാന്‍ തുടങ്ങുന്നു. ലില്ലി എന്ന സ്ത്രീ താന്‍ മോഡലാക്കപ്പെടുന്ന വേഷം മാത്രമല്ലെന്നും തന്റെ ഉള്ളില്‍ തന്നെയുള്ള സ്ത്രീ അനുഭവമാണെന്നും എയ്‌നര്‍ തിരിച്ചറിയുന്നതോടെ പ്രശ്‌നം സങ്കീര്‍ണമാവുന്നു.

സങ്കടങ്ങളോടെ തന്റെ ഭര്‍ത്താവ് നഷ്ടപ്പെടുകയാണെന്ന യാഥാര്‍ത്ഥ്യം ജെര്‍ഡയും തിരിച്ചറിയുകയാണ്. പക്ഷേ ലില്ലിയോടുള്ള തീവ്രപ്രണയത്തിന് ജെര്‍ഡയില്‍ മാറ്റമില്ല. തന്റെ ഭര്‍ത്താവ് അഥവാ എയ്‌നര്‍ എന്ന ലില്ലിയോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടു തന്നെയാണ് ലിംഗമാറ്റ ശസത്രക്രിയയ്ക്ക് ജര്‍ഡ കൂട്ടു നില്‍ക്കുന്നതും എന്നത് ശ്രദ്ധേയമാണ്. പതിയെ എയ്‌നര്‍ ലില്ലിയാകുന്നു. വേറൊരു വ്യക്തിത്വമായി സ്വന്തം ഭര്‍ത്താവ് മാറുന്നത് ജെര്‍ഡ തിരിച്ചറിയുന്നു. ഒടുവില്‍ ഒരു സ്വപനം പോലെ ലില്ലി മരണത്തിലേക്ക്് മാഞ്ഞില്ലാതാവുകയാണ്. ആകാശത്തേക്ക് കാറ്റെടുത്ത് പറന്ന് പോവുന്ന ജെര്‍ഡയുടെ പ്രണയഷാളിന്റെ ദൃശ്യത്തിലൂടെ ഏറ്റവും മനോഹരമായ ഈ ചിത്രം പര്യവസാനിക്കുന്നു.

ലില്ലിയായും എയ്‌നറായും എഡ്ഡി റെഡ്‌മെയിന്‍ എന്ന നടന്‍ നമ്മുടെ ഹൃദയങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്നു. അതിനപ്പുറം ഇനി വേറൊരു അഭിനയപ്രതിഭ ജനിക്കാനില്ലെന്ന് തോന്നും. ഗോവയിലെ മിഡ് ഫെസ്റ്റ് ചിത്രമായി പ്രദര്‍ശിപ്പിക്കപ്പെട്ട ഡാനിഷ് ഗേള്‍, കണ്ടില്ലെങ്കില്‍ ഈ മേളയില്‍ ഇനി എത്ര ചിത്രം കണ്ടാലും കാര്യമില്ലെന്ന് പറയണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News