കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മുടിമുറിച്ച സംഭവം വ്യാജം; സിപിഐഎമ്മിനെതിരെ പ്രസ്താവന ഇറക്കിയ സുധീരന്‍ മാപ്പ് പറയണമെന്ന് പിണറായി

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മുടിമുറിച്ച സംഭവം വ്യാജമാണെന്ന് തെളിഞ്ഞതോടെ, സിപിഐഎമ്മിനെതിരെ പ്രസ്താവന നടത്തിയ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ മാപ്പ് പറയണമെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍.

പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സിപിഐഎം ആക്രമിച്ചു; അവരുടെ മുടി മുറിച്ചു; സിപിഐഎം അതിനു മറുപടി പറയണം; പ്രതികളെ സിപിഐഎം അന്വേഷിച്ചു കണ്ടെത്തണം എന്നിങ്ങനെ നിരന്തരം പ്രസ്താവന ഇറക്കുകയും സമരം സംഘടിപ്പിക്കുകയും ചെയ്ത കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നിരുപാധികം മാപ്പു പറയാന്‍ തയാറാകണം. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിലെ കൊല്ലായില്‍ ഡിവിഷനില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സതികുമാരിയുടെ മുടിമുറിക്കല്‍ കഥ കള്ളമാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു എന്ന വാര്‍ത്ത സുധീരന്‍ കണ്ടു കാണും എന്ന് വിശ്വസിക്കുന്നു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ ജാള്യം മറയ്ക്കാന്‍ സതികുമാരി സ്വയം മുടിമുറിച്ചതാണെന്ന് പൊലീസ് കണ്ടെത്തി എന്നാണ് വാര്‍ത്ത. മുടിമുറിക്കല്‍ ദേശീയവിഷയമാക്കി, സിപിഐഎമ്മിനെ പ്രതിക്കൂട്ടിലാക്കാനും സ്ത്രീവിരുദ്ധ പ്രസ്ഥാനമായി ചിത്രീകരിക്കാനും കെപിസിസി പ്രസിഡന്റ് അമിതമായ ആവേശത്തോടെയാണ് ശ്രമിച്ചത്. സ്വന്തം പാര്‍ട്ടിക്കാര്‍ തോല്‍പിച്ച സങ്കടത്തില്‍ വയനാട്ടില്‍ ആത്മഹത്യചെയ്ത കോണ്‍ഗ്രസ് നേതാവിന്റെ കുടുംബത്തെ തിരിഞ്ഞുനോക്കാത്ത സുധീരന്‍, സതികുമാരിയുടെ അടുക്കലേക്ക് പാഞ്ഞെത്തി. അവര്‍ക്ക് കെപിസിസി സാമ്പത്തികസഹായവും നല്‍കി. കോണ്‍ഗ്രസിന്റെ കള്ളക്കഥ വിശ്വസിച്ച ചില സാംസ്‌കാരികനായകര്‍ പ്രസ്താവനയും ഇറക്കി. ഇത്തരം കഥകളിലൂടെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പഴയ കോണ്‍ഗ്രസ് മാനസികാവസ്ഥയില്‍ നിന്ന് പുറത്തു കടക്കാന്‍ സുധീരന് കഴിയാത്തത് ഖേദകരമാണ്– ‘ പിണറായി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News