കോഴിക്കോട് ഓടയില്‍ മൂന്നുപേര്‍ മരിക്കാനിടയായതിന് കാരണം എന്‍ജിനീയര്‍മാരുടെ വീഴ്ച; തൊഴിലാളികളെ ഓടയില്‍ ഇറക്കിയത് സുരക്ഷാക്രമീകരണമില്ലാതെ

കോഴിക്കോട്: കോഴിക്കോട് പാളയത്ത് ഓടയില്‍വീണു മൂന്നു പേര്‍ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികള്‍ നഗരസഭാ എന്‍ജിനീയര്‍മാര്‍ എന്നു സൂചന. യാതൊരു സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെയാണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പന്ത്രണ്ട് അടിയോളം താഴ്ചയുള്ള ഭൂഗര്‍ഭ ഓടയിലേക്ക് ഇറക്കിയതെന്നു നാട്ടുകാര്‍ പറഞ്ഞു. സാഹചര്യങ്ങളും എന്‍ജിനീയര്‍മാരുടെ അലംഭാവത്തിലേക്കാണ് സൂചന നല്‍കുന്നത്.

സാധാരണ വെളിച്ചവും ഓക്‌സിജന്‍ സിലിണ്ടറു മാസ്‌കും നല്‍കിയാണ് തൊഴിലാളികളെ ഓടയിലേക്ക് ഇറക്കാറ്. കയറുകെട്ടിയാണ് ഇവരെ ഇറക്കേണ്ടത്. എന്തെങ്കിലും അടിയന്തരസാഹചര്യമുണ്ടായാല്‍ പെട്ടെന്നു വലിച്ചു കയറ്റുന്നതിനു വേണ്ടിയാണ്. എന്നാല്‍ ഇതൊന്നും ഇവിടെ പാലിച്ചിരുന്നില്ലെന്നാണ് സൂചന.

സാധാരണഗതിയില്‍ ഓടയ്ക്കുള്ളിലെ ഓക്‌സിജന്‍ സാന്നിധ്യം ആളുകളെ ഇറക്കുന്നതിനു മുമ്പു പരിശോധിക്കാറുണ്ട്. ഇവിടെ അതുണ്ടായില്ല. രാവിലെ തൊഴിലാളികളെ കൊണ്ടുവന്ന് നേരേ ഓടയിലേക്ക് ഇറക്കുകയായിരുന്നു. മെഴുകുതിരി കത്തിച്ചാണ് വെളിച്ചം നല്‍കിയത്. സാധാരണ ഹെഡ്‌ലൈറ്റ് നല്‍കിയാണ് തൊഴിലാളികളെ ഓടയിലേക്ക് ഇറക്കാറ്. ഇരുവര്‍ക്കും ഹെഡ്‌ലൈറ്റും നല്‍കിയിരുന്നില്ല.

നഗരത്തിലെ പ്രധാന അഴുക്കുചാലുകളിലൊന്നാണ് തളി ജയ ഓഡിറ്റോറിയത്തിന് സമീപത്തുള്ള അപകടമുണ്ടായ ഓട. ഓട തുറന്നപ്പോള്‍തന്നെ വിഷവാതകം പുറത്തേക്കു വരികയായിരുന്നു. യാതൊരു സുരക്ഷാ മുന്‍കരുതലുമില്ലാതെ ഇരുവരും അപ്പോഴേക്കും ഓടയില്‍ ഇറങ്ങിയിരുന്നു. ബോധരഹിതരായി രണ്ടു പേരും വീണതോടെ രക്ഷിക്കാന്‍ ഇറങ്ങുകയായിരുന്നു തളി സ്‌കൂളിനു സമീപം ഓട്ടോ ഓടിക്കുന്ന നൗഷാദ്. ഇരുവരും ഓടയില്‍ വീണതറിഞ്ഞ് രക്ഷിക്കാന്‍ തൊട്ടടുത്ത കടയില്‍ ചായകുടിച്ചുകൊണ്ടിരുന്ന നൗഷാദ് ഇറങ്ങുകയായിരുന്നു. വിഷവാതകം ശ്വസിച്ച് നൗഷാദും വീണതോടെ ബീച്ചില്‍നിന്നു ഫയര്‍ ഫോഴ്‌സ് വന്നാണ് മൂവരെയും പുറത്തെടുത്തത്. ഒരു മണിക്കൂറോളം മൂവരും വിഷവാതകം ശ്വസിച്ച് ഓടയില്‍ കിടന്നു.

മൂവരെയും പുറത്തെടുത്തപ്പോള്‍ ജീവനുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മൂവരുടെയും മരണം സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News