വിമര്‍ശനങ്ങള്‍ നേരിട്ടപ്പോഴും അംബേദ്കര്‍ രാജ്യം വിട്ടില്ലെന്ന് രാജ്‌നാഥ് സിംഗ്; പാര്‍ലമെന്റില്‍ ആമിര്‍ ഖാനെ രൂക്ഷമായി വിമര്‍ശിച്ച് രാജ്‌നാഥ് സിംഗ്

ദില്ലി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഭരണഘടനയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ചലച്ചിത്രതാരം ആമിര്‍ ഖാന് വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് രംഗത്ത്. ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും രാജ്യം വിടാന്‍ അംബേദ്കര്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് രാജ്‌സിംഗ് പറഞ്ഞു. ഭരണഘടനയുടെ അന്തഃസന്ത ആക്രമണത്തിന് വിധേയമായി കൊണ്ടിരിക്കുകയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. ചര്‍ച്ചകളും സംവാദങ്ങളുമാണ് പാര്‍ലമെന്റിന്റെ ആത്മാവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞു.

ഡോ.ബി.ആര്‍ അംബേദ്കറുടെ 125-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഭരണഘടനയോടുള്ള പ്രതിബദ്ധത എന്ന വിഷയത്തിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത് തന്നെ വിമര്‍ശനങ്ങളോടെയായിരുന്നു. വിഷയത്തില്‍ ആദ്യം സംസാരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, ആമിര്‍ ഖാന്റെ അസഹിഷ്ണുതയ്‌ക്കെതിരെയുള്ള പ്രസ്താവനയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനം നടത്തി. ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും രാജ്യം വിടുന്നതിനെ കുറിച്ച് അംബേദ്കര്‍ ആലോചിച്ചിട്ടില്ലെന്ന് രാജ്‌നാഥ് പറഞ്ഞു. ഭരണഘടനയിലെ സെക്കുലര്‍ എന്ന പദത്തിന്റെ അര്‍ത്ഥമായി മതനിരപേക്ഷത എന്നുപയോഗിക്കുന്നത് നിര്‍ത്തണമെന്നും രാജ്‌നാഥ് ആവശ്യപ്പെട്ടു. ഏറെ ദുരുപയോഗം ചെയ്യപ്പെട്ട വാക്കാണ് സെക്കുലര്‍. എല്ലാ ‘വിചാര ധാരയേയും ഉള്‍ക്കൊള്ളുന്ന’ എന്ന അര്‍ത്ഥത്തിലാണ് സെക്കുലര്‍ എന്ന പദം ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതെന്നും രാജ്‌നാഥ് പറഞ്ഞു. രാജ്‌നാഥിന്റെ പ്രസ്താവന പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി.

തുടര്‍ന്ന് സംസാരിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി സംഘപരിവാര്‍ ആക്രമണങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്തി. ഭരണഘടനയുടെ അന്തഃസത്തയും ആശയങ്ങളും ആക്രമണത്തിന് വിധേയമാവുകയാണ്. ഭരണഘടനയുടെ മൂല്യം തകര്‍ക്കുന്ന രീതിയിലുള്ള സംഭവങ്ങളാണ് നടക്കുന്നത്. സഭാ സമ്മേളനം ആരംഭിക്കുന്നതിനു മുമ്പ് മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് സൂചന നല്‍കിയിരുന്നു. സംവാദങ്ങളും ചര്‍ച്ചകളുമാണ് പാര്‍ലമെന്റിന്റെ ആത്മാവെന്ന് അദേഹം പറഞ്ഞു. തുടര്‍ ദിവസങ്ങളിലും അസഹിഷ്ണണുതാ വിവാദം പാര്‍ലമെന്റില്‍ ഉയര്‍ത്താനാണ് പ്രതിപക്ഷ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News