ധവളവിപ്ലവത്തിന്റെ പിതാവിന് ഗൂഗിളിന്റെ ആദരം; വര്‍ഗീസ് കുര്യന്റെ ജന്മവാര്‍ഷികത്തില്‍ പ്രത്യേക ഡൂഡില്‍

രാജ്യത്തെ ധവളവിപ്ലവത്തിന്റെ പിതാവും ആനന്ദ് മില്‍ക് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ സ്ഥാപകനുമായ വര്‍ഗീസ് കുര്യന് ഗൂഗിളിന്റെ ആദരം. മലയാളിയായ വര്‍ഗീസ് കുര്യന്റെ 94-ാം ജന്മവാര്‍ഷിക ദിനമായ ഇന്ന് പ്രത്യേക ഡൂഡില്‍ ഒരുക്കിയാണ് ഗൂഗിള്‍ ആദരമര്‍പ്പിച്ചത്. മില്‍ക്മാന്‍ ഓഫ് ഇന്ത്യ എന്ന രീതിയിലാണ് ഗുഗിള്‍ ഡൂഡിലില്‍ വര്‍ഗീസ് കുര്യനെ അവതരിപ്പിച്ചിരിക്കുന്നത്.

കോഴിക്കോട്ട് 1921 നവംബര്‍ 26നായിരുന്നു വര്‍ഗീസ് കുര്യന്റെ ജനനം. തമിഴ്‌നാട്ടിലെ ഗോപിച്ചെട്ടിപ്പാളയത്തായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് ചെന്നൈ ലയോള കോളജില്‍നിന്ന് ഊര്‍ജതന്ത്രത്തില്‍ ബിരുദം നേടി. ഗിണ്ടി എന്‍ജിനീയറിംഗ് കോളജില്‍നിന്നു മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും നേടിയ ശഏഷം മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറിംഗില്‍ മിഷിഗണ്‍ സ്‌റ്റേറ്റ് സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തി. സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പോടെയായിരുന്നു പഠനം.

മിഷിഗണില്‍നിന്നു ബിരുദാനന്തര ബിരുദം നേടി തിരിച്ച് ഇന്ത്യയിലെത്തിയ വര്‍ഗീസ് കുര്യനെ കേന്ദ്ര സര്‍ക്കാര്‍ ബോണ്ട് കാലാവധിയില്‍ ജോലി ചെയ്യാനായി ഗുജറാത്തിലെ ആനന്ദിലേക്കു നിയോഗിച്ചു. ഇവിടെയെത്തിയശേഷമാണ് ധവളവിപ്ലവമെന്ന ഇന്ത്യയുടെ എക്കാലത്തെയും കാര്‍ഷിക മുന്നേറ്റത്തിലേക്ക് അദ്ദേഹം ചുവടുവച്ചത്. സഹകരണമേഖലയില്‍ പാല്‍ വ്യവസായത്തിന്റെ സാധ്യതകള്‍ തുറക്കുന്നതായിരുന്നു വര്‍ഗീസ് കുര്യന്റെ പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍. ത്രിഭുവന്‍ദാസ് പട്ടേലിനൊപ്പമായിരുന്നു വര്‍ഗീസ് കുര്യന്റെ പ്രവര്‍ത്തനങ്ങള്‍.

ആനന്ദ് മില്‍ക് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് പിന്നീട് ദേശീയ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡ് രൂപീകരിച്ചത്. അമുല്‍ എന്ന ബ്രാന്‍ഡില്‍ പാലുല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ തുടങ്ങി. വര്‍ഗീസ് കുര്യന്റെ ശ്രമങ്ങളുടെ ഭാഗമായി വിജയിച്ച ധവളവിപ്ലവത്തിലൂടെയാണ് ഇന്ത്യ ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ പാലുല്‍പാദിപ്പിക്കുന്ന രാജ്യമായി മാറിയത്. അമുലിന്റെ വിജയത്തിന് പിന്നാലെ ആനന്ദ് ആസ്ഥാനമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റ്-ഇര്‍മയും വര്‍ഗീസ് കുര്യനാണ് സ്ഥാപിച്ചത്. 2012 സെപ്റ്റംബര്‍ ഒമ്പതിന് അദ്ദേഹം അന്തരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News