ദക്ഷിണാഫ്രിക്കയ്ക്ക് 310 റണ്‍സ് വിജയലക്ഷ്യം; ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 173 റണ്‍സിന് പുറത്ത്; ഇമ്രാന്‍ താഹിറിന് അഞ്ചു വിക്കറ്റ്

നാഗ്പൂര്‍: നാഗ്പൂര്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 310 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 173 റണ്‍സിന് പുറത്തായി. കളിയുടെ രണ്ടാം ദിനം തന്നെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സും അവസാനിച്ചതോടെ മൂന്നു ദിവസം കൂടി ശേഷിക്കുന്ന കളി കൗതുകകരമായ അന്ത്യത്തിലേക്ക്. സ്പിന്നര്‍മാര്‍ വാണ വിക്കറ്റില്‍ ഇരു ടീമിലെയും ബാറ്റ്‌സ്മാന്‍മാര്‍ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് രണ്ടാം ദിനമായ ഇന്നു കണ്ടത്.

ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് 79 റണ്‍സിന് അവസാനിപ്പിച്ചശേഷം രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കും നിലയുറപ്പിക്കാനായില്ല. 39 റണ്‍സെടുത്ത ശിഖര്‍ ധവാനും 31 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയും മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. രോഹിത് ശര്‍മ 23 റണ്‍സെടുത്തു. 38 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇമ്രാന്‍താഹിറാണ് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് വേഗത്തില്‍ അവസാനിക്കാന്‍ വഴിയൊരുക്കിയത്.

നേരത്തേ, 79 റണ്‍സിന് ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്‌സ് രവിചന്ദ്ര അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും ബൗളിംഗ് മികവില്‍ അവസാനിച്ചിരുന്നു. അശ്വിന്‍ അഞ്ചും ജഡേജ നാലും വിക്കറ്റ് വീഴ്ത്തി. അമിത് മിശ്രയ്ക്കാണ് ഒരു വിക്കറ്റ്. ജെപി ഡുമിനി മാത്രമാണ് ഇന്ത്യന്‍ ബൗളിംഗ് നിരയെ അല്‍പമെങ്കിലും ചെറുത്തുനിന്നത്. ഡുമിനി 35 റണ്‍സെടുത്തു. പത്തു റണ്‍സെടുത്ത ഡു പ്ലെസിസും 13 റണ്‍സെടുത്ത സിമോണ്‍ ഹാര്‍മെറും മാത്രമാണ് ഇരട്ടഅക്ക സ്‌കോര്‍ കണ്ടത്. 33 ഓവറിലാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സ് അവസാനിച്ചത്.

ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 215 റണ്‍സിനു പുറത്തായിരുന്നു. മുരളി വിജയ് നേടി 40 ഉം വൃദ്ധിമാന്‍ സാഹ 32 ഉം രവീന്ദ്ര ജഡേജ 34 റണ്‍സും നേടിയിരുന്നു. ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്കായിരുന്നു ജയം. ബംഗളുരുവില്‍നടന്ന രണ്ടാം ടെസ്റ്റ് മഴ മൂലം തടസപ്പെട്ടിരുന്നു. തുടര്‍ന്ന് സമനിലയില്‍ പിരിയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News