പൊലീസ് നിയമനത്തട്ടിപ്പില്‍ ക്ഷോഭത്തോടെ ചെന്നിത്തല; മന്ത്രിയുടെ സീല്‍ ഉണ്ടെങ്കില്‍ മാത്രം ജോലി കിട്ടില്ല; ആരോപണം അല്‍പ്പത്തമെന്നും ചെന്നിത്തല

തിരുവനന്തപുരം: പൊലീസ് നിയമനത്തട്ടിപ്പിലെ പങ്കിനെ കുറിച്ച് ചോദിച്ചപ്പോള്‍ ക്ഷോഭത്തോടെ പൊട്ടിത്തെറിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തന്റെ ഓഫീസിലെ സീല്‍ കണ്ടതു കൊണ്ട് ആരാണ് ജോലി കൊടുക്കുകയെന്ന് ചെന്നിത്തല ചോദിച്ചു. ആരോപണത്തില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. പ്രതികള്‍ ഉപയോഗിച്ചത് ഔദ്യോഗിക മുദ്രയല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഒരു പ്രതി എന്തെങ്കിലും വിളിച്ചു പറയുമ്പോഴേക്കും അത് ഏറ്റുപിടിക്കുന്നത് മാധ്യമങ്ങള്‍ക്ക് ചേര്‍ന്നതല്ല. ഏത് മാധ്യമമായാലും അങ്ങനെ ചെയ്യരുത്. ചിലര്‍ തട്ടിപ്പു നടത്തി മന്ത്രിമാരുടെ പേരു വിളിച്ചു പറയും. എന്നു കരുതി അത് സത്യമാകണമെന്നില്ല.

ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ കൊണ്ടുവന്ന് പാസാക്കുമെന്ന് ചെന്നിത്തല പറഞ്ഞു. ബില്ലില്‍ ഉള്‍പ്പെടുത്തുന്നതിനായി വിവിധ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. പൊതുജനങ്ങളില്‍ നിന്നും ഇക്കാര്യത്തില്‍ അഭിപ്രായം തേടും. പ്രതിപക്ഷവുമായും ആലോചിച്ചിട്ടാകും ബില്‍ തയ്യാറാക്കുക. നിയമപരമായ സമരങ്ങള്‍ക്ക് അവകാശമുണ്ടായിരിക്കും. സമാധാനപരമായ സമരങ്ങളെ നിയന്ത്രിക്കില്ല. നിയമപരമായ ട്രേഡ് യൂണിയന്‍ സമരങ്ങളും ഹര്‍ത്താല്‍ അല്ലെന്നും ചെന്നിത്തല വ്യക്തമാക്കി. മന്ത്രവാദങ്ങള്‍ തടയുന്ന ബില്‍ കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്. ബില്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനമാണ് ചെന്നിത്തല ഉന്നയിച്ചത്. വെള്ളാപ്പള്ളിയുടെ യാത്ര കേരളത്തില്‍ സ്പര്‍ധയുണ്ടാക്കുമെന്ന് ചെന്നിത്തല പറഞ്ഞു. ശാശ്വതീകാനന്ദയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നു വരുകയാണ്. ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തടസ്സമില്ലാതെ മുന്നോട്ടു പോകുമെന്നും ചെന്നിത്തല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here