പ്രിയപ്പെട്ട മോദിജീ, ഇതാണോ താങ്കളും കൂട്ടരും ഊറ്റംകൊള്ളുന്ന വികസനത്തിന്റെ ഗുജറാത്ത് മാതൃക; ഗുജറാത്തില്‍ ഇനിയും സ്‌കൂളിന്റെ പടികാണാതെ 14 ലക്ഷം വിദ്യാര്‍ത്ഥികള്‍

ഗുജറാത്തിന്റെ വികസന മാതൃക എന്നു പറഞ്ഞിരുന്നവരോട് ഒരു ചോദ്യം. എന്തു മാതൃകയാക്കാനാണ് പറഞ്ഞിരുന്നത്. വികസനത്തില്‍ കൊടുമുടി കയറിയെന്നു പറയുന്ന ഗുജറാത്തില്‍ ഇന്നും സ്‌കൂളിന്റെ പടികാണാത്ത കുട്ടികളുടെ എണ്ണം 14.93 ലക്ഷമാണ്. അതും 6നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍. അതായത് ആകെ 9.63 ശതമാനം കുട്ടികളും യുവാക്കളും അടങ്ങുന്നവര്‍ സ്‌കൂളില്‍ പോകാനോ വിദ്യാഭ്യാസം നേടാനോ കഴിയാത്തവരാണ്. ഗുജറാത്തില്‍ 6നും 18നും ഇടയ്ക്ക് പ്രായമുള്ളവര്‍ 1.55 കോടിയാണെന്നും സെന്‍സസ് വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ആകമാനം ഈ പ്രായത്തിലുള്ള 4.40 കോടി കുട്ടികളും യുവാക്കളും സ്‌കൂളില്‍ പോകാത്തവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലാകമാനം 33.33 കോടിയാണ് ഈ പ്രായത്തിലുള്ളവരുടെ എണ്ണം.

വിദ്യാഭ്യാസ മേഖലയില്‍ വികസനം നടപ്പാക്കുന്നതില്‍ വളരെക്കാലം ഗുജറാത്ത് ഭരിച്ച മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. വികസനം കാണണമെങ്കില്‍ ഗുജറാത്തിലേക്ക് വരൂ എന്ന് ഊറ്റം കൊള്ളുന്ന മോദിയുടെ അതേ ഗുജറാത്തില്‍ നിന്നു തന്നെയാണ് ഈ കണക്കുകളും എന്നതാണ് രസകരമായ വസ്തുത. ഭാവിയുടെ വാഗ്ദാനങ്ങളായി കുട്ടികളെ കാണുന്നു എന്നു പറഞ്ഞ് ആവേശം കൊള്ളിക്കുന്ന പ്രധാനമന്ത്രി ആ പ്രസ്താവനയോട് നീതി കാണിക്കുന്ന കാര്യങ്ങളല്ല പൂര്‍വകാലത്ത് ചെയ്തതെന്നു വ്യക്തമാകും. ഗുജറാത്തില്‍ ഏറെ കൊട്ടിഘോഷിച്ച് പത്തുവര്‍ഷമായി നടത്തി വന്നിരുന്ന ശാല പ്രവേശോത്സവ് പരിപാടിക്കും വലിയ വിജയം സാധ്യമായില്ല.

സ്‌കൂളില്‍ പോകാത്ത 14 ലക്ഷം പേരില്‍ 53 ശതമാനം പേര്‍ സ്ത്രീകളാണ്. ദേശീയ തലത്തില്‍ വിദ്യാഭ്യാസം ലഭിക്കാത്ത സ്ത്രീകള്‍ 52 ശതമാനം ആണ്. 14 ലക്ഷം കുട്ടികളില്‍ 8.82 ലക്ഷം പേര്‍ 6നും 10നും ഇടയ്ക്ക് പ്രായമുള്ള കുട്ടികളാണ്. ഗുജറാത്ത് സര്‍ക്കാരിന്റെ പൊള്ളയായ ഒരു വാദവും കൂടി പറയുമ്പോള്‍ കാര്യങ്ങള്‍ ഒന്നു കൂടി വ്യക്തമാകും. 6 വയസ്സിനു മേല്‍ പ്രായമുള്ള എല്ലാ കുട്ടികളും കൃത്യമായി സ്‌കൂളില്‍ ചേരുന്നുണ്ടെന്നാണ് കഴിഞ്ഞ 11 വര്‍ഷമായി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. സര്‍ക്കാര്‍ പറയുന്ന ഈ 100 ശതമാനത്തിന്റെ കണക്ക് പൊള്ളയാണെന്ന് ഗുജറാത്ത് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഗൗരംഗ് ജനി പറയുന്നു.

100 ശതമാനം പേരും സ്‌കൂളില്‍ ചേര്‍ന്നെന്നു പ്രിന്‍സിപ്പാളോ പഞ്ചായത്തോ സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോഴും അത് സത്യമല്ല. പട്ടികവര്‍ഗ-പട്ടികജാതി വിഭാഗത്തിലും ആദിവാസി, അഭയാര്‍ത്ഥികളായിട്ടുള്ള കുട്ടികളും സ്‌കൂളില്‍ ചേരുന്നില്ല. കാരണം, ജീവിതോപനത്തിനായി മറ്റു ഗ്രാമങ്ങളിലേക്ക് ചേക്കേറിയവരും ഉണ്ട് ഇതില്‍. പ്രിന്‍സിപ്പാളോ പഞ്ചായത്തോ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വേണ്ട രീതിയില്‍ വെരിഫൈ ചെയ്യുന്നുമില്ല. ഥാക്കൂര്‍, ദളിത് വിഭാഗങ്ങളില്‍ പെട്ട കുട്ടികളും സ്‌കൂളില്‍ ചേരുന്നില്ല. എന്നിട്ടും അവരെല്ലാം ചേര്‍ന്നതായി പ്രിന്‍സിപ്പാള്‍ സര്‍ട്ടിഫൈ ചെയ്യുന്നു. സാമ്പത്തിക-സാമൂഹിക അവസ്ഥയില്ലാത്തതാണ് കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് വിഘാതം സൃഷ്ടിക്കുന്ന പ്രധാന ഘടകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News