എടിഎമ്മില്‍ നിക്ഷേപിക്കാനുള്ള 22 കോടിയുമായി മുങ്ങിയ ഡ്രൈവര്‍ പിടിയില്‍; പിടിയിലായത് വാന്‍ ഡ്രൈവര്‍ പ്രദീപ് ശുക്ല

ദില്ലി: രാജ്യ തലസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ള നടത്തിയ എടിഎം ക്യാഷ് വാന്‍ ഡ്രൈവര്‍ പിടിയില്‍. ഇന്നു രാവിലെയാണ് ഡ്രൈവര്‍ പ്രദീപ് ശുക്ലയെ പൊലീസ് അറസ്റ്റു ചെയ്തത്. മോഷ്ടിക്കപ്പെട്ട പണവും കണ്ടെടുത്തു. ഗോവിന്ദ്പുരി മെട്രോ സ്‌റ്റേഷനു സമീപം ഉപേക്ഷിക്കപ്പെട്ട വാഹനത്തിന് സമീപം ഒളിപ്പിച്ച നിലയിലായിരുന്നു പണം. ഗാര്‍ഡ് മൂത്രമൊഴിക്കാന്‍ ഇറങ്ങിയ തക്കത്തിന് ഡ്രൈവര്‍ വാഹനം എടുത്ത് കടന്നു കളയുകയായിരുന്നു. 22.5 കോടി രൂപയുമായാണ് ഡ്രൈവര്‍ കടന്നു കളഞ്ഞത്. ദില്ലിയിലെ ഗോവിന്ദ്പുരിയില്‍ വച്ചാണ് വാഹനവുമായി ഡ്രൈവര്‍ മുങ്ങിയത്. സംഭവത്തിനു ശേഷം 22 മിനുട്ട് കഴിഞ്ഞ് ജിപിഎസ് സംവിധാനത്തിലൂടെ വാഹനം കണ്ടെത്തിയെങ്കിലും അപ്പോഴേക്കും പണം അടങ്ങുന്ന ഒമ്പത് ബോക്‌സുകളും കൊണ്ട് ഡ്രൈവര്‍ മുങ്ങിയിരുന്നു. ആക്‌സിസ് ബാങ്കിന്റെ പണമാണ് കൊള്ളയടിക്കപ്പെട്ടത്.

അതീവ സൂക്ഷ്മമായി ആസൂത്രണം ചെയ്ത കൊള്ളയായിരുന്നു ഇത്. ഇതില്‍ ഗണ്‍മാന്‍ വിനായക് പട്ടേലിനുള്ള പങ്കും പൊലീസ് അന്വേഷിച്ചു വരുന്നുണ്ട്. വിനായക് പട്ടേലിനെയും പൊലീസ് ചോദ്യം ചെയ്യും. 12 സംഘങ്ങളാണ് പണം കണ്ടെത്തുന്നതിനായി രാജ്യതലസ്ഥാനമൊന്നാകെ തെരച്ചില്‍ നടത്തിയത്. ദില്ലി, അലഹബാദ്, ഗൊരഖ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പ്രദീപ് ശുക്ലയ്ക്കായി പൊലീസ് തെരച്ചില്‍ നടത്തി. ഇയാള്‍ക്ക് മറ്റാരുടെയൊക്കെയോ സഹായം കൊള്ളയ്ക്ക് ലഭിച്ചതായി പൊലീസ് കരുതുന്നുണ്ട്. ഇവര്‍ക്കു വേണ്ടിയും പൊലീസ് തിരച്ചില്‍ നടത്തി. ഉത്തര്‍പ്രദേശിലെ ബലിയ സ്വദേശിയായ പ്രദീപ് കുടുംബത്തോടൊപ്പം കോട്‌ല ഏരിയയിലാണ് താമസം.

നാല് വാഹനങ്ങളാണ് പണവുമായി ആക്‌സിസ് ബാങ്കില്‍ നിന്നു പുറപ്പെട്ടത്. ആകെ 38 കോടി രൂപ വാഹനങ്ങളില്‍ ഉണ്ടായിരുന്നു. പട്ടേലിനും ശുക്ലയ്ക്കുമായിരുന്നു 22.5 കോടി രൂപ അടങ്ങിയ വാഹനത്തിന്റെ ചുമതല. ഒഖ്‌ല ഏരിയയിലേക്കായിരുന്നു പണം. വൈകുന്നേരം 5.42ന് എസ്‌ഐഎസ് മാനേജര്‍ ആനന്ദ് കുമാര്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് പരാതി പറഞ്ഞു. തൊട്ടുപിന്നാലെ പട്ടേല്‍ ആനന്ദ് കുമാറിനെ വിളിച്ച് പ്രദീപ് തന്നെ കബളിപ്പിച്ച് പണവുമായി മുങ്ങിയെന്ന് അറിയിച്ചു. മോദി മില്ലിന് സമീപം വച്ച് മൂത്രം ഒഴിക്കാന്‍ വാഹനം നിര്‍ത്തണമെന്ന് പട്ടേല്‍ ശുക്ലയോട് ആവശ്യപ്പെടുകയായിരുന്നെന്നാണ് പട്ടേലിന്റെ മൊഴി.വാഹനം റിവേഴ്‌സ് എടുത്ത് തിരിച്ചു വരാമെന്ന് ശുക്ല അറിയിച്ചു. എന്നാല്‍, 10 മിനുട്ട് കഴിഞ്ഞിട്ടും വാഹനം കാണാതായതിനെ തുടര്‍ന്നാണ് പ്രദീപ് പണവുമായി രക്ഷപ്പെട്ടെന്ന് പട്ടേല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു.

2012-ലും സമാന സംഭവം രാജ്യതലസ്ഥാനത്ത് അരങ്ങേറിയിരുന്നു. അന്ന് ലോഗോ ക്യാഷ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ഡ്രൈവര്‍ ഓം പാല്‍ സിംഗ് 52 ലക്ഷം രൂപയാണ് മോഷ്ടിച്ചത്. സഹപ്രവര്‍ത്തകര്‍ക്ക് ലഡ്ഡുവില്‍ മയക്കുമരുന്ന് നല്‍കിയ ശേഷം പണവുമായി കടന്നു കളയുകയായിരുന്നു. വാഹനം പിന്നീട് ജഹാംഗിര്‍ പുരി മെട്രോ സ്‌റ്റേഷനു സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഓം പാല്‍ സിംഗിനെയും ഭാര്യയെയും പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News