കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി തൃശ്ശൂര്‍ അതിരൂപതയുടെ മുഖപത്രം; തൃശ്ശൂരിലേത് വര്‍ഗീയ ശക്തികളുമായുള്ള മഹാസഖ്യം; ഇടതുപക്ഷത്തോട് തൊട്ടുകൂടായ്മയില്ല

തൃശ്ശൂര്‍: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവും കടുത്ത ഭാഷയില്‍ മുന്നറിയിപ്പുമായി തൃശ്ശൂര്‍ അതിരൂപതാ മുഖപത്രം. തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്ന് പാഠം പഠിച്ചില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുഖപത്രം മുന്നറിയിപ്പ് നല്‍കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് മുഖപത്രത്തിലെ ലേഖനത്തില്‍ വിമര്‍ശനം. തൃശ്ശൂരിലേത് അവിശുദ്ധ കൂട്ടുകെട്ടായിരുന്നെന്ന് അതിരൂപത കുറ്റപ്പെടുത്തുന്നു. വര്‍ഗീയ ശക്തികളുമായുള്ള മഹാസഖ്യമാണ് തൃശ്ശൂരില്‍ ഉണ്ടായിരുന്നത്. ക്രൈസ്തവരുടെ വിലപേശല്‍ ശക്തി തകര്‍ക്കാനുള്ള ശ്രമമായിരുന്നു ഇത്. ഇതാണ് തൃശ്ശൂരില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടത്. ഇടതുപക്ഷത്തോട് കല്‍പാന്ത കാലത്തോളം തൊട്ടുകൂടായ്മയില്ലെന്നും മുഖപത്രത്തില്‍ വ്യക്തമാക്കുന്നു.

കോണ്‍ഗ്രസ് വര്‍ഗീയ പ്രസ്ഥാനങ്ങളുടെ ഗ്രാന്‍ഡ് അലയന്‍സായിരുന്നു ഇത്. തൃശ്ശൂരിലെ ചില ഉന്നത കോണ്‍ഗ്രസ് നേതാക്കളും ഇതിന് ചുക്കാന്‍ പിടിച്ചു. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പും തൃശ്ശൂര്‍ മണ്ഡലം സീറ്റും മുന്നില്‍ കണ്ടാണ് സഖ്യം ഉണ്ടാക്കിയത്. ഇതിനായി ജയസാധ്യതയുള്ള പല ക്രൈസ്തവ നേതാക്കളെയും വെട്ടിനിരത്തി. സീറ്റു നിഷേധിച്ചും സീറ്റു കിട്ടിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വോട്ടു മറിച്ചും മഹാസഖ്യം അരങ്ങു തകര്‍ത്തു. ഇതിനെതിരെ സംസ്ഥാന നേതൃത്വം കണ്ണടയ്ക്കുകയോ നിസ്സഹയാരായി നോക്കി നില്‍ക്കുകയോ ചെയ്‌തെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു. 2010-ലെയും 2015-ലെയും കോര്‍പ്പറേഷനിലെ സീറ്റു നില വച്ച് താരതമ്യം ചെയ്യുന്നുമുണ്ട് അതിരൂപത. എല്‍ഡിഎഫിനും ബിജെപിക്കും സീറ്റു വര്‍ധിച്ചെന്നും ചൂണ്ടിക്കാട്ടുന്നു.

ഈ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തിരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാകണം. അല്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടേണ്ടി വരും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തോല്‍വി ഓര്‍മയുണ്ടാകണം. കെ.പി ധനപാലനും പി.സി ചാക്കോയും തോറ്റത് ഓര്‍മ വേണമെന്നും മുഖപത്രത്തില്‍ ഓര്‍മപ്പെടുത്തുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here