ഓണ്‍ലൈന്‍ പെണ്‍വാണിഭം: രാഹുലിനെയും രശ്മിയെയും അറിയില്ലെന്ന് ജോഷി; യുവതികളെ എയ്ഡ്‌സ് രോഗിയുമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു

തിരുവനന്തപുരം: കൊച്ചിയില്‍ പെണ്‍വാണിഭക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മോഡല്‍ രശ്മി ആര്‍ നായര്‍, ഭര്‍ത്താവ് രാഹുല്‍ പശുപാലന്‍ എന്നിവരെ അറിയില്ലെന്ന് മുഖ്യ ഇടനിലക്കാരന്‍ ജോഷി എന്ന അച്ചായന്‍. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ജോഷി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെയാണ് താന്‍ ഇവരെ ആദ്യമായി കാണുന്നതെന്നും ജോഷി പൊലീസിനോടു പറഞ്ഞു. കഴിഞ്ഞദിവസം അറസ്റ്റിലായ ജോഷിയെ ഇന്നു കോടതിയില്‍ ഹാജരാക്കി

അതിനിടെ, ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യ ഇടനിലക്കാരന്‍ ജോഷിയുടെ സഹായി അനൂപ് രംഗത്തെത്തി. സംഘത്തിലെ യുവതികളെ എയ്ഡ്‌സ് രോഗിയായ ഡ്രൈവറെക്കൊണ്ട് ലൈംഗിക ബന്ധം നടത്തിച്ചു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അനൂപ് അന്വേഷണ സംഘത്തോടു നടത്തിയത്. കാഴ്ചവയ്ക്കാന്‍ സമ്മതിക്കാതിരുന്ന പെണ്‍കുട്ടികളെയും യുവതികളെയുമാണ് ഇത്തരത്തില്‍ പീഡിപ്പിച്ചത്. ജോഷിയുടെ ബിസിനസ് കാര്യങ്ങളില്‍ സഹായിയായിരുന്നെങ്കിലും പെണ്‍വാണിഭ ഇടപാടുകളില്‍ അനൂപിന് ബന്ധമില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ അനൂപിനെ മാപ്പുസാക്ഷിയാക്കാനാണു പൊലീസിന്റെ നീക്കം.

കഴിഞ്ഞദിവസമാണ് ജോഷി പിടിയിലായത്. പറവൂര്‍, വരാപ്പുഴ അടക്കമുള്ള പീഡനക്കേസുകളില്‍ മുഖ്യപ്രതിയാണ് ജോഷി. പറവൂര്‍ കേസില്‍ വിചാരണ നടക്കുന്നതിനിടെയാണ് ജോഷി ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന്റെ ഭാഗമായത്. കേരളത്തിനു പുറത്തുനിന്നു പെണ്‍കുട്ടികളെ സംഘത്തിന് എത്തിച്ചു നല്‍കിയിരുന്നതു ജോഷിയായിരുന്നു. ഇത്തരത്തില്‍ കൊണ്ടുവരുന്ന പെണ്‍കുട്ടികള്‍ കൂടുതല്‍ പേര്‍ക്കു വഴങ്ങാത്ത സാഹചര്യം വരുമ്പോള്‍ അവരെ ഭീഷണിപ്പെടുത്തി എയ്ഡ്‌സ് രോഗിയായ ഡ്രൈവറുമായി ബന്ധപ്പെടാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

പല പെണ്‍കുട്ടികളും ഇത്തരത്തില്‍ നിര്‍ബന്ധത്തിനു വഴങ്ങി എയ്ഡ്‌സ് രോഗിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് അനൂപിന്റെ മൊഴി. ആലുവയിലെയും കൊച്ചിയിലെയും രഹസ്യ കേന്ദ്രത്തിലായിരുന്നു ഇത്. പല പെണ്‍കുട്ടികളെയും കൊച്ചിയിലെ ചില കേന്ദ്രങ്ങളില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. കൊച്ചിയില്‍ ജോലിയും പഠനവും എന്ന പേരിലാണ് പെണ്‍കുട്ടികള്‍ എത്തിയിരുന്നത്. ഇടപാടുകാരെ സ്വീകരിക്കാന്‍ വിമുഖത കാട്ടിയവരെ എയ്ഡ്‌സ് രോഗിയെക്കൊണ്ടു ബന്ധപ്പെടാന്‍ നിര്‍ബന്ധിക്കുകയും ബന്ധപ്പെട്ടു കഴിയുമ്പോള്‍ ഇക്കാര്യം പെണ്‍കുട്ടികളെ അറിയിക്കുകയുമായിരുന്നു. പല പെണ്‍കുട്ടികളും ഇങ്ങനെ ചതിയില്‍പെട്ടു സംഘത്തിന്റെ ഭാഗമായി പിന്നീട് മാറുകയായിരുന്നു.

പെണ്‍കുട്ടികളുമായി അടുപ്പമുണ്ടായിരുന്ന പുറത്തുള്ള യുവാക്കളെ പലരെയും മയക്കുമരുന്നു കേസിലും പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണില്‍നിന്നു നമ്പരുകള്‍ കണ്ടെത്തി അവര്‍ അടുപ്പം പുലര്‍ത്തിയിരുന്ന യുവാക്കളുമായി ബന്ധം സ്ഥാപിക്കുകയും അവരെ പിന്നീട് ചതിയില്‍പെടുത്തുകയുമായിരുന്നു. സംഘത്തിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ മാറിക്കഴിഞ്ഞാല്‍ അവര്‍ മറ്റ് യുവാക്കളുമായി അടുപ്പം പുലര്‍ത്തുന്നത് തടഞ്ഞിരുന്നുവെന്നും മൊഴിയുണ്ട്.

പല പെണ്‍കുട്ടികളെയും വീഡിയോ കാട്ടി ബ്ലാക്ക് മെയില്‍ ചെയ്താണ് സംഘത്തിന്റെ ഭാഗമാക്കി നിര്‍ത്തിയിരുന്നത്. ഒരിക്കല്‍ സംഘത്തിന്റെ ഭാഗമായാല്‍ പിന്നെ വിട്ടുപോകാതിരിക്കാനുള്ള മാര്‍ഗങ്ങളാണ് സംഘം അനുവര്‍ത്തിച്ചിരുന്നതെന്ന വിവരമാണ് അനൂപിന്റെ വെളിപ്പെടുത്തലോടെ വ്യക്തമാകുന്നത്. കേരളത്തിന് അകത്തുനിന്നും പുറത്തുനിന്നും ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികള്‍ സംഘത്തിന്റെ വലയിലുണ്ടായിരുന്നതായാണ് വിവരം.

കേസിലെ മുഖ്യപ്രതികളായ മുബീനയും വന്ദനയും ഇന്നലെ അറസ്റ്റിലായിരുന്നു. തമിഴ്‌നാട്ടിലെ പാലപ്പള്ളത്തെ ഒരു ആയുര്‍വേദ റിസോര്‍ട്ടില്‍നിന്നായിരുന്നു അറസ്റ്റ്. നെടുമ്പാശേരിയിലെ റിസോര്‍ട്ടിലേക്ക് ഇടപാടിനായി പെണ്‍കുട്ടിയെ കൊണ്ടുവന്ന ഇവര്‍ പൊലീസിനെ കണ്ടപ്പോള്‍ എസ്‌ഐ അടക്കമുള്ളവരെ ഇടിച്ചുതെറിപ്പിച്ചു രക്ഷപ്പെടുകയായിരുന്നു. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലെ മുഖ്യപ്രതി ആഷിക്കിന്റെ ഭാര്യയാണ് മുബീന. വന്ദന മോഡലാണ്. മറ്റൊരു പതിനെട്ടുകാരിയും കാറിലുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News