കംബൈന്‍ഡ് സ്റ്റഡിക്കു വിളിച്ചുവരുത്തി പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യം വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ചു; 4 സഹപാഠികള്‍ അറസ്റ്റില്‍

മുംബൈ: പതിനഞ്ചുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ നാലു സഹപാഠികളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുമ്പാണ് പെണ്‍കുട്ടിയെ സഹപാഠികള്‍ കൂട്ടബലാത്സംഗം ചെയ്തതും വാട്‌സ് ആപ്പില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതും. ഇതേ ദൃശ്യങ്ങള്‍ കാട്ടി സംഭവം പുറത്തുപറയരുതെന്നു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.

പെണ്‍കുട്ടി ഭീഷണിമൂലം വിവരം പുറത്തുപറഞ്ഞില്ല. അതേസമയം, ആണ്‍കുട്ടികള്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ ഒരു ബന്ധുവിന്റെ കൈയിലെത്തിയതാണ് സംഭവം പുറത്തറിയാന്‍ വഴിയൊരുക്കിയത്. പഠിക്കാന്‍ സഹായിക്കണമെന്നു പറഞ്ഞു പെണ്‍കുട്ടിയെ സുഹൃത്തായ ആണ്‍കുട്ടി തന്റെ വീട്ടിലേക്കു വിളിച്ചുവരുത്തിയായിരുന്നു കൂട്ടബലാത്സംഗം.

പതിനഞ്ചും പതിനാറും വയസുള്ളവരാണ് പിടിയിലായ ആണ്‍കുട്ടികള്‍. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത് എത്തിയ പെണ്‍കുട്ടിയെ മൂന്നു സുഹൃത്തുക്കളോടൊപ്പം ചേര്‍ന്നു ബലാത്സംഗം ചെയ്യുകയും മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയുമായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി. ഇതേസമയം, പെണ്‍കുട്ടി അറിയാതെ ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തു. കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ ബന്ധു ദൃശ്യങ്ങള്‍ കണ്ടു കാര്യം അന്വേഷിക്കുകയും പെണ്‍കുട്ടി എല്ലാം വെളിപ്പെടുത്തുകയുമായിരുന്നു. ബന്ധുവിന്റെ നിര്‍ദേശപ്രകാരം പൊലീസില്‍ പരാതി നല്‍കി.

പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ മരിച്ചുപോയതാണ്. മാതാവ് വിദേശത്താണ് ജോലി ചെയ്യുന്നത്. മുത്തശിയോടും സഹോദരിയോടും ഒപ്പം നിന്നാണ് പെണ്‍കുട്ടി പഠിക്കുന്നത്. പഠിക്കാന്‍ മിടുക്കിയായ പെണ്‍കുട്ടി സഹപാഠികളെ സഹായിക്കുന്നതും കംബൈന്‍ഡ് സ്റ്റഡിക്കായി പോകുന്നതും പതിവായിരുന്നു. ഇതു മുതലാക്കിയാണ് നാലു പേരും പെണ്‍കുട്ടിയെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തു വിളിച്ചുവരുത്തിയതും ക്രൂരത കാട്ടിയതും.

കൂട്ടബലാത്സംഗത്തിനുള്ള 376 ജി, കുട്ടികള്‍ക്കു നേരേയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമം എന്നിവ ചുമത്തിയാണ് അറസ്റ്റ്. നാലുപേരെയും ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി ഡോംഗ്രിയിലെ തിരുത്തല്‍ കേന്ദ്രത്തിലേക്കു മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here