കെ ആര്‍ മീരയുടെ ഹാംഗ് വുമണ്‍ തെക്കനേഷ്യന്‍ സാഹിത്യ പുരസ്‌കാരമായ ഡിഎസ്‌സി പ്രൈസിനുള്ള ചുരുക്കപ്പട്ടികയില്‍; പ്രഖ്യാപനം ജനുവരി 16ന് ശ്രീലങ്കന്‍ സാഹിത്യോത്സവത്തില്‍

തിരുവനന്തപുരം: കെആര്‍ മീരയുടെ ആരാച്ചാര്‍ നോവലിന്റെ പരിഭാഷയായ ഹാംഗ് വുമണ്‍ തെക്കനേഷ്യന്‍ സാഹിത്യത്തിലെ പ്രമുഖ പുരസ്‌കാരമായ ഡിഎസ്‌സി പ്രൈസിനുള്ള ചുരുക്കപ്പട്ടികയില്‍. അമ്പതിനായിരം യുഎസ് ഡോളറും (ഏകദേശം 33.4 ലക്ഷം രൂപ) പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ജനുവരി പതിനാറിന് ശ്രീലങ്കയില്‍ നടക്കുന്ന ഗാല്‍ സാഹിത്യോത്സവത്തില്‍ പുരസ്‌കാരം പ്രഖ്യാപിക്കും.

2011ലാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. തെക്കനേഷ്യന്‍ വംശജരായ എഴുത്തുകാരെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. ഇന്നലെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സസില്‍ നടന്ന ചടങ്ങിലാണ് ഈ വര്‍ഷത്തെ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചത്. ഹാംഗ് വുമണ്‍ കൂടാതെ ഫാമിലി ലൈഫ് (അഖില്‍ ശര്‍മ), സ്ലീപ്പിംഗ് ജൂപ്പിറ്റര്‍ (അനുരാധാ റോയ്), ദ ബുക്ക് ഓഫ് ഗോള്‍ഡ് ലീവ്‌സ് (മിര്‍സ വഹീദ്), ദ ലൈവ്‌സ് ഓഫ് അദേഴ്‌സ് (നീല്‍ മുഖര്‍ജി), ഷീ വില്‍ ബില്‍ഡ് ഹിം എ സിറ്റി (രാജ് കമല്‍ ഝാ) എന്നീ പുസ്തകങ്ങളാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. രാജ്യാന്തര തലത്തില്‍ ശ്രദ്ധേയരായ അഞ്ച് എഴുത്തുകാരുടെ സമതിയാണ് ചുരുക്കപ്പട്ടിക തയാറാക്കിയത്. അവസാനവട്ടം പരിഗണനയ്ക്കുവന്ന പതിനൊന്നു നോവലുകളില്‍നിന്നാണ് ആറ് നോവലുകള്‍ തെരഞ്ഞെടുത്തത്. പരിഭാഷകള്‍ക്ക് രചയിതാവിനും പരിഭാഷ നിര്‍വഹിച്ചയാള്‍ക്കും സമ്മാനത്തുക തുല്യമായി വീതിക്കും. ഡോ. ജെ ദേവികയാണ് മലയാളത്തില്‍ ആരാച്ചാര്‍ എന്ന പേരില്‍ പുറത്തിറങ്ങിയ നോവല്‍ ദ ഹാംഗ് വുമണ്‍ എന്ന പേരില്‍ ഇംഗ്ലീഷിലേക്കു ഭാഷാന്തരം നടത്തിയത്.

മലയാളത്തിലെ പ്രമുഖമായ കേരള സാഹിത്യ അക്കാദമി, ഓടക്കുഴല്‍, വയലാര്‍ അവാര്‍ഡുകളും ആരാച്ചാര്‍ നേടിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജുംപാ ലാഹിരിയുടെ ദ ലോലാന്‍ഡിനായിരുന്നു പുരസ്‌കാരം. എച്ച്എം നഖ്‌വി, ഷെഹാന്‍ കരുണതിലക, ജീത് തയ്യില്‍, സൈറസ് മിസ്ത്രി എന്നിവരായിരുന്നു അതിനു മുമ്പുള്ള വര്‍ഷങ്ങളിലെ പുരസ്‌കാര ജേതാക്കള്‍. ജയ്പൂര്‍ സാഹിത്യോത്സവത്തിന്റെ സ്‌പോണ്‍സര്‍മാരായ പശ്ചാത്തല സൗകര്യ വികസന, നിര്‍മാണക്കമ്പനിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്ന ഡിഎസ്‌സി ലിമിറ്റഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News