ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക്; നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 124 റണ്‍സ് ജയം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ പരമ്പര നേടുന്നത് 10 വര്‍ഷങ്ങള്‍ക്കു ശേഷം

നാഗ്പൂര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക്. നാഗ്പൂരില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 124 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചാണ് ഇന്ത്യ പരമ്പര നേടിയത്. ഏകദിന പരമ്പരയിലെ നാണംകെട്ട തോല്‍വിക്ക് ശേഷം ടെസ്റ്റില്‍ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. 310 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ ഒന്നരദിവസം കൊണ്ട് എറിഞ്ഞു വീഴ്ത്തിയത് ഇന്ത്യന്‍ സ്പിന്നര്‍മാരാണ്. രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 185 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ടെസ്റ്റ് പരമ്പര നേടുന്നത് 10 വര്‍ഷങ്ങള്‍ക്കു ശേഷമാണ്. 2005-ലാണ് ഇന്ത്യ അവസാനമായി ദക്ഷിണാഫ്രിക്കയെ പരമ്പരയില്‍ തോല്‍പിക്കുന്നത്. ദക്ഷിണാഫ്രിക്ക വിദേശ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത് 9 വര്‍ഷങ്ങള്‍ക്ക് ശേഷവും. വിരാട് കോഹ്‌ലിയുടെ നായകത്വത്തിന്‍ കീഴില്‍ ഇന്ത്യ സ്വന്തം മണ്ണില്‍ പരമ്പര നേടുന്നതും ഇതാദ്യം.

രണ്ടാം ഇന്നിംഗ്‌സില്‍ 173 റണ്‍സിന് പുറത്തായ ഇന്ത്യ ആദ്യ ഇന്നിംഗ്‌സിലെ ലീഡിന്റെ പിബലത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 310 റണ്‍സിന്റെ വിജയലക്ഷ്യം പടുത്തുയര്‍ത്തുകയായിരുന്നു. എന്നാല്‍, ലക്ഷ്യം പിന്തുടര്‍ന്ന പ്രോട്ടീസിന് ഇന്ത്യന്‍ സ്പിന്‍ കരുത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. രണ്ടുദിവസം കൊണ്ട് മൂന്ന് ഇന്നിംഗ്‌സുകള്‍ അവസാനിച്ച നാഗ്പൂര്‍ ടെസ്റ്റ് പിച്ചിന്റെ കാര്യത്തില്‍ ഇതിനകം ഏറെ പഴി വാങ്ങിക്കഴിഞ്ഞിരുന്നു. രണ്ടാംദിനം രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സിന് രണ്ടാം ഇന്നിഗ്‌സ് കളി അവസാനിപ്പിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മൂന്നാംദിനം ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോഴേ ഡ്രസിംഗ് റൂമില്‍ തിരിച്ചെത്താനായി. 150 റണ്‍സെടുക്കുന്നതിനിടെ ശേഷിക്കുന്ന എട്ടുവിക്കറ്റുകളും പ്രോട്ടീസിന് നഷ്ടമായി.

സ്പിന്നര്‍മാര്‍ നിറഞ്ഞാടിയ നാഗ്പൂരിലെ രണ്ടാം ഇന്നിംഗ്‌സ് അക്ഷരാര്‍ത്ഥത്തില്‍ ആര്‍ അശ്വിന്റേതായിരുന്നു. അശ്വിന്‍മേധം തന്നെയായിരുന്നു നാഗ്പൂരിലേത്. രണ്ടാം ഇന്നിംഗ്‌സില്‍ ഏഴുവിക്കറ്റ് പിഴുത അശ്വിന്‍ തന്നെയാണ് ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടിയത്. ഒന്നാം ഇന്നിംഗ്‌സിലും അശ്വിന്‍ തന്നെയായിരുന്നു താരം. ആദ്യ ഇന്നിംഗ്‌സില്‍ അഞ്ചുവിക്കറ്റ് നേടിയ അശ്വിന്റെ രണ്ടു ഇന്നിംഗ്‌സിലെയും വിക്കറ്റു നേട്ടം 12 ആയി. അശ്വിന്‍ തന്നെയാണ് കളിയിലെ താരവും. 39 റണ്‍സെടുത്ത ഹാഷിം അംലയും ഫാഫ് ഡു പ്ലെസിയും മാത്രമാണ് രണ്ടാം ഇന്നിംഗ്‌സിലെ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍മാര്‍. ആറു ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.

ഒന്നാം ഇന്നിംഗ്‌സില്‍ 215 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. എന്നാല്‍, മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 79 റണ്‍സിന് അവസാനിച്ചു. ഇന്ത്യക്ക് ആദ്യ ഇന്നിംഗ്‌സില്‍ 136 റണ്‍സ് ലീഡ്.
രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 173 റണ്‍സിന് പുറത്തായിരുന്നു. ആദ്യ ടെസ്റ്റ് ഇന്ത്യ ജയിച്ചിരുന്നു. എന്നാല്‍, രണ്ടാം ടെസ്റ്റ് മഴമൂലം ഉപേക്ഷിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News