പ്രശ്‌നങ്ങള്‍ സമവായത്തിലൂടെ പരിഹരിക്കണമെന്ന് മോഡി; അംബേദ്കര്‍ വിഭാവനം ചെയ്തതല്ല രാജ്യത്ത് നടക്കുന്നതെന്ന് യെച്ചൂരി; അടിയന്തരാവസ്ഥയെ പിന്തുണച്ച കോണ്‍ഗ്രസിന് അസഹിഷ്ണുതയെക്കുറിച്ച് പറയാന്‍ അര്‍ഹതയില്ലെന്ന് ജെയ്റ്റ്‌ലി

ദില്ലി: രാജ്യത്ത് നടക്കുന്ന എല്ലാ സംഭവങ്ങള്‍ക്കും പ്രധാനമന്ത്രി മറുപടി പറയണമെന്നത് തെറ്റായശീലമാണെന്ന് നരേന്ദ്ര മോഡി. ചര്‍ച്ചയുടെ അവസാനം എല്ലാ വിഷയത്തിലും പ്രധാനമന്ത്രി മറുപടി പറയണമെന്ന തെറ്റിദ്ധാരണ ചിലര്‍ക്കുണ്ടെന്നും താനും മറ്റു എംപിമാരെപ്പോലെ തന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നതെന്നും മോഡി പറഞ്ഞു. ഭരണഘടനാ ദിനാചരണത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അസഹിഷ്ണുത വിവാദം കത്തി നിന്ന ഭരണഘടന ചര്‍ച്ചയില്‍ അവസാനമാണ് മോഡി സംസാരിച്ചത്. പ്രശ്‌നങ്ങള്‍ സമവായത്തിലൂടെ പരിഹരിക്കണം. ഭൂരിപക്ഷം വിജയിക്കാത്തിടത്ത് സമവായം വിജയിക്കും. എന്നാല്‍ ഭൂരിപക്ഷത്തിലൂടെ എന്തും ചെയ്യാമെന്ന് കരുതുന്നില്ല. ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്താമെന്ന് വിചാരിക്കുന്നത് പോലും ആത്മഹത്യാപരം. അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നവര്‍ കര്‍ത്തവ്യങ്ങളെക്കുറിച്ച് ബോധവാന്‍മാരായിരിക്കണമെന്ന് മോഡി പറഞ്ഞു. രാജ്യം ഭരിച്ച എല്ലാ സര്‍ക്കാരുകളും പുരോഗതിക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പൗരന്മാരെ നിയന്ത്രിക്കാനുള്ള ശക്തി ഇന്ത്യന്‍ ഭരണഘടനയ്ക്കുണ്ടെന്നും മോഡി പറഞ്ഞു. ഭരണഘടനയുടെ പരിശുദ്ധി എല്ലാവരും കാത്തുസൂക്ഷിക്കണം. ദരിദ്രരും കര്‍ഷകരും ഉള്‍പ്പെട്ട ജനകോടികളാണ് രാഷ്ട്രനിര്‍മ്മാതാക്കള്‍. എല്ലാവരെയും ഒരുമിച്ച് കൊണ്ടു പോകാനാണ് ഭരണഘടന വിഭാവനം ചെയ്യുന്നതെന്നും മോഡി ലോക്‌സഭയില്‍ പറഞ്ഞു.

അതേസമയം, ചര്‍ച്ചയ്ക്ക് രാജ്യസഭയില്‍ തുടക്കമിട്ട അരുണ്‍ ജെയ്റ്റ്‌ലി അസഹിഷ്ണുത വിവാദത്തെ അടിയന്തരാവസ്ഥ കാലം ഓര്‍മ്മിപ്പിച്ച് കൊണ്ട് പ്രതിരോധിക്കാനാണ് ശ്രമിച്ചത്. ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ ഏര്‍പ്പെടുത്തിയ അടിയന്താരവസ്ഥയ്ക്ക് സമാനമായിരുന്നു ഇന്ത്യയില്‍ സംഭവിച്ചത്.
അടിയന്തരാവസ്ഥക്കാലത്ത് ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശം നിഷേധിച്ച കോണ്‍ഗ്രസിന് അസഹിഷ്ണുതയെക്കുറിച്ച് പറയാന്‍ അര്‍ഹതയില്ലെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.

അംബേദ്കര്‍ വിഭാവനം ചെയ്തതല്ല, രാജ്യത്ത് നടക്കുന്നതെന്ന് സി.പി.ഐ(എം)ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിക്കാനുള്ള മോഡി സര്‍ക്കാര്‍ തീരുമാനത്തേയും യെച്ചൂരി എതിര്‍ത്തു. ജനുവരി 26ന്റെ പ്രാധാന്യം കുറയ്ക്കുന്ന നടപടിയാണിത്. സ്വാതന്ത്രസമരത്തില്‍ പങ്കെടുക്കാത്തവര്‍ അതിന്റെ പങ്ക് പറ്റാന്‍ നടത്തുന്ന ശ്രമമാണ് പുതിയ ഭരണഘടനാ ദിനാചരണമെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News