രക്ഷകനാകാന്‍ ശ്രമിച്ച് ഓടയില്‍ ദാരുണാന്ത്യമുണ്ടായ നൗഷാദിന് ധീരതാ പുരസ്‌കാരം നല്‍കണമെന്ന് ആവശ്യം; സോഷ്യല്‍മീഡിയയില്‍ #noushadforbraveryaward കാമ്പയിന്‍

noushad

കോഴിക്കോട്: ഓടയില്‍ വീണ് മരണത്തോടു മല്ലടിച്ച ഇതര സംസ്ഥാനത്തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വിഷവാതകം വമിക്കുന്ന ഓടയില്‍ മരണത്തിനു കീഴടങ്ങേണ്ടിവന്ന ഓട്ടോ ഡ്രൈവര്‍ നൗഷാദിന് ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. കേരളത്തെ നടുക്കിയ ദുരന്തം നൗഷാദിന്റെ ധീരതയിലൂടെ കൂടിയാണ് നാട് വരും കാലം ഓര്‍മിക്കുക എന്നു ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍മീഡിയയില്‍ #noushadforbraveryaward കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. കൈരളി ന്യൂസ് ഓണ്‍ലൈനും പീപ്പിള്‍ ടിവിയും ചേര്‍ന്നാണ് നൗഷാദിന് ധീരതയ്ക്കുള്ള പ്രത്യേക പുരസ്‌കാരം നല്‍കണമെന്ന കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.

ഇന്നലെയാണ് കോഴിക്കോട് തളി ജയ ഓഡിറ്റോറിയത്തിനു സമീപം ഭൂഗര്‍ഭ ഓടയില്‍ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ചു ബോധരഹിതരായത്. സംഭവത്തെക്കുറിച്ച് കേട്ട നൗഷാദ് മറ്റൊന്നും നോക്കാതെ ഇവരെ രക്ഷിക്കാന്‍ ഓടയില്‍ ഇറങ്ങുകയായിരുന്നു. നൗഷാദും വിഷവാതകമേറ്റു ബോധരഹിതനായി വീണു.

ഫയര്‍ഫോഴ്‌സ് എത്തി മൂവരെയും പുറത്തെടുത്തപ്പോഴേക്കും സമയമേറെ വൈകിയിരുന്നു. കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍വച്ച് മൂവരും മരണത്തിനു കീഴടങ്ങി. കേരള മനസാക്ഷിയെ ഞെട്ടിച്ച അപകടമാണ് കഴിഞ്ഞുപോയത്. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെ രണ്ട് ഇതര സംസ്ഥാന ജീവനക്കാരെ ഓടയിലേക്ക് ഇറക്കിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളും അധികൃതരുടെ ഗുരുതരമായ വീഴ്ചയായാണ് വിലയിരുത്തുന്നത്.

ഉദ്യോഗസ്ഥര്‍ക്കും ഭരണകൂടത്തിനും കടുത്ത വീഴ്ച പറ്റിയ അപകടത്തില്‍ രക്ഷകനാകാന്‍ ശ്രമിച്ച മരണം വരിച്ചതോടെ നൗഷാദിന് വീരപരിവേഷം ലഭിച്ചു. സാധാരണമായ ഒരു കുടുംബത്തിന്റെ അത്താണി കൂടിയായിരുന്നു ഓട്ടോ ഡ്രൈവറായ നൗഷാദ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയിലൊതുങ്ങി നഷ്ടപരിഹാരം. ഈ സാഹചര്യത്തിലാണ് ആവശ്യമായ ബഹുമതിയെങ്കിലും മനുഷ്യത്വത്തിന്റെ നിറവായ നൗഷാദിനു നല്‍കണമെന്ന ആവശ്യമുയരുന്നത്. വായനക്കാര്‍ക്ക് ചുവടെയുള്ള കമന്റ്‌ബോക്‌സില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News