തീകൊണ്ട് കളിക്കരുത്; റഷ്യക്ക് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി തുര്‍ക്കി

ഇസ്താംബുള്‍: യുദ്ധവിമാനം വെടിവച്ചിട്ടതിനു പിന്നാലെ റഷ്യക്ക് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍. തീകൊണ്ട് കളിക്കരുതെന്ന് എര്‍ദോഗന്‍ റഷ്യക്ക് മുന്നറിയിപ്പ് നല്‍കി. ടര്‍ക്കിഷ് വ്യാപാരിയെ റഷ്യയില്‍ കരുതല്‍ തടങ്കലില്‍ വച്ചിരിക്കുന്നെന്ന വാര്‍ത്തയെ ഉദ്ധരിച്ചാണ് തീകൊണ്ട് കളിക്കരുതെന്ന് റഷ്യക്ക് തുര്‍ക്കി മുന്നറിയിപ്പ് നല്‍കിയത്. അതേസമയം, തുര്‍ക്കിയില്‍ നിന്ന് റഷ്യയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യുന്നതിനുള്ള അനുമതി റദ്ദാക്കുമെന്ന് റഷ്യ വ്യക്തമാക്കി. പഴയ ശീതയുദ്ധ പ്രതിയോഗികള്‍ തമ്മിലുള്ള ബന്ധം അടുത്തകാലത്തെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. കഴിഞ്ഞ ദിവസം സിറിയന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ യുദ്ധവിമാനം വെടിവച്ചിട്ട സംഭവത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം അടക്കം പല മേഖലകളിലും പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്.

റഷ്യയിലേക്ക് പോയ ഞങ്ങളുടെ ആളുകളെ പിടിച്ചുവച്ചു കൊണ്ട് തീകൊണ്ട് കളിക്കുന്ന പരിപാടിയാണ് റഷ്യ നടത്തുന്നതെന്ന് എര്‍ദോഗന്‍ പറഞ്ഞു. ബേയ്ബര്‍ട്ടിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് എര്‍ദോഗന്റെ മുന്നറിയിപ്പ്. റഷ്യയുമായുള്ള ബന്ധത്തിന് നല്ല പ്രാധാന്യം തുര്‍ക്കി കൊടുക്കുന്നുണ്ട്. അതിന് ഏതെങ്കിലും രീതിയില്‍ ഇളക്കം തട്ടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പാരിസില്‍ അടുത്തയാഴ്ച നടക്കുന്ന പരിസ്ഥിതി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി ചര്‍ച്ച നടത്തുമെന്നും എര്‍ഡദോഗന്‍ വ്യക്തമാക്കി. എന്നാല്‍, ഒരു കൂടിക്കാഴ്ചയ്ക്ക് ഇതുവരെ പുടിന്‍ അനുമതി നല്‍കിയിട്ടില്ല.

വിമാനം വെടിവച്ചിട്ട സംഭവം മാപ്പര്‍ഹിക്കുന്നതല്ലെന്നാണ് റഷ്യയുടെ നിലപാട്. എന്നാല്‍, തുര്‍ക്കിയുടെ വ്യോമാതിര്‍ത്തി ലംഘിച്ചതിനാലാണ് വെടിവച്ചതെന്നതിനാല്‍ തുര്‍ക്കി മാപ്പ് അര്‍ഹിക്കുന്നുണ്ടെന്നാണ് എര്‍ദോഗന്‍ പറയുന്നത്. അതേസമയം, വിസയില്ലാതെ തുര്‍ക്കിയുമായി യാത്ര ചെയ്യുന്നത് നിര്‍ത്തലാക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. ഇത് തുര്‍ക്കിയുടെ വിനോദസഞ്ചാര മേഖലയെ തകര്‍ക്കും. കാരണം തുര്‍ക്കിയുടെ സമുദ്രതീരത്തെ റിസോര്‍ട്ടുകളിലെ സന്ദര്‍ശകര്‍ റഷ്യയില്‍ നിന്നുള്ളവരാണ്. ജര്‍മനി കഴിഞ്ഞാല്‍ തുര്‍ക്കിയില്‍ ഏറ്റവുമധികം വിനോദ സഞ്ചാരികളെത്തുന്നത് റഷ്യയില്‍ നിന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here