ഐഎസിലെത്തുന്നതു കൂടുതലും ദക്ഷിണേന്ത്യന്‍ മുസ്ലിങ്ങളെന്ന് കിരണ്‍ റിജിജു; ഇന്ത്യയില്‍ ഏതു സമയവും ഐഎസ് ആക്രമണ സാധ്യതയെന്നും മന്ത്രി

ദില്ലി: നിരോധിത തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് ആകൃഷ്ടരാകുന്നതില്‍ കൂടുതലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുസ്ലിം യുവാക്കളാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. അത് യാഥാര്‍ത്ഥ്യമാണെന്നും റിജിജു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇന്ത്യയില്‍ എവിടെയും ഏതു സമയത്തും ഐസിസ് ആക്രമണം നടത്താന്‍ സാധ്യതയുണ്ട്. ഒറ്റതിരിഞ്ഞ് ഒരു ഭീകരനെ മാത്രം ഉപയോഗിച്ചുള്ള ആക്രമണത്തിനാണ് സാധ്യത. ലോണ്‍ വോള്‍ഫ് എന്ന പേരിലാണ് ഭീകരവാദികളുടെ ഈ ഓപ്പറേഷന്‍ അറിയപ്പെടുന്നത്. രാജ്യത്തിന്റെ ഏതു ഭാഗത്തു വേണമെങ്കിലും ആക്രമണത്തിന് സാധ്യതയുണ്ട്. അതിനാല്‍ ജാഗരൂകരായിരിക്കണമെന്നും റിജിജു അഭിമുഖത്തില്‍ വ്യക്തമാക്കി.

ദക്ഷിണേന്ത്യയിലെ മുസ്ലിം യുവാക്കള്‍ ഐ.എസില്‍ കൂടുതല്‍ ആകൃഷ്ടരാണെങ്കിലും മറ്റു ഭാഗങ്ങളിലും ജാഗ്രത തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യസുരക്ഷയെ ബാധിക്കുന്നവയെല്ലാം അടിയന്തര പ്രാധാന്യത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ജമ്മു-കശ്മീരില്‍ ഐഎസ് പതാക ഉപയോഗിച്ചത് ഒറ്റപ്പെട്ട സംഭവമാണ്. ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ചില വെബ്‌സൈറ്റുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും റിജിജു പറഞ്ഞു. 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here