സ്ത്രീയും പുരുഷനും ഒന്നിച്ചിരിക്കുന്നത് നടക്കാത്തകാര്യമെന്ന് കാന്തപുരം; ലിംഗസമത്വം പ്രകൃതിവിരുദ്ധം

കോഴിക്കോട്‌: സ്ത്രീപുരുഷ സമത്വം അനിസ്ലാമികവും പ്രകൃതിവിരുദ്ധവുമാണെന്നു സമസ്ത ജം ഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ആണും പെണ്ണും ഒന്നിച്ചിരുന്ന് പഠിക്കണമെന്ന് പറയുന്നത് പ്രകൃതി വിരുദ്ധവും ഇസ്ലാം വിരുദ്ധമാണ്. സ്ത്രീയും പുരുഷനും സമന്‍മാരാണെന്ന് പറയാന്‍ കഴിയില്ലെന്നും സ്ത്രീ പുരുഷ സമത്വം ഒരിക്കലും നടക്കാത്ത കാര്യമാണെന്നും കാന്തപുരം പറഞ്ഞു.

ലിംഗസമത്വവാദം ഇസ്ലാമികമോ മനുഷ്യത്വപരമോ അല്ല. ഇസ്ലാമിനെതകര്‍ക്കാനുള്ള ഒളിയമ്പാണ്. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ എടുത്തു നോക്കിയാല്‍ സ്ത്രീകള്‍ക്ക് ഹൃദയശസ്ത്രക്രിയ അടക്കമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമോ? ചെയ്യാന്‍ സാധിക്കുമെന്ന് ആരെങ്കിലും പറയുകയാണെങ്കില്‍ താന്‍ അവരെ വെല്ലുവിളിക്കുന്നു.

ലോകത്തൊരിടത്തും യുദ്ധങ്ങള്‍ക്കു നേതൃത്വം വഹിക്കാന്‍ സ്ത്രീകള്‍ക്കു സാധിച്ചിരുന്നില്ല. ഒരിടത്തും അങ്ങനെയൊരു ചരിത്രമില്ല. എല്ലായിടത്തും നിയന്ത്രണശക്തി പുരുഷന്‍മാര്‍ക്കാണ്. സ്ത്രീകളേക്കാള്‍ കൂടുതല്‍ മനക്കരുത്തും പുരുഷന്‍മാര്‍ക്കാണ്. ഒരു ക്ലാസില്‍ ഒരുമിച്ചിരുന്നു പഠിക്കണമെന്നു പറയുന്നത് ശരിയായ വാദമല്ല. കേരളത്തില്‍ എവിടെയും അത്തരമൊരു അവസ്ഥയില്ല. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ക്ലാസുകള്‍ ഉണ്ടാക്കാന്‍ കഴിയാത്ത സാഹചര്യമുള്ളതുകൊണ്ടാണ് ഒരേ ക്ലാസില്‍ ഇവരെ ഒരുമിച്ചിരിക്കുന്നത്. ചുംബനസമരം പ്രകൃതിവിരുദ്ധമാണെന്ന് നേരത്തെ പറഞ്ഞതാണ്‌നേതാക്കള്‍ പിടിയിലായതോടെ അത് വ്യക്തമായെന്നും കാന്തപുരം പറഞ്ഞു. മദ്രസകളില്‍ ഒരു തരത്തിലുള്ള പീഡനവുമില്ലെന്നും ആരോപണം ഉന്നയിക്കുന്നവര്‍ തെളിവുകള്‍ ഹാജരാക്കണമെന്നും കാന്തപുരം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here