പാലക്കാട്: മദ്രസകളിലെ ബാലപീഡനത്തെ കുറിച്ച് പ്രതികരിച്ച മാധ്യമപ്രവര്‍ത്തക വിപി റെജിനയെ പിന്തുണച്ച് എംബി രാജേഷ് എംപി. പോസ്റ്റിനെ തുടര്‍ന്ന് റജീനക്ക് നേരെയുണ്ടായ തെറിവിളിയും ഭീഷണിയും ഫേസ്ബുക്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമാക്കിയതും പ്രതിഷേധം അര്‍ഹിക്കുന്ന നടപടിയാണ്. സ്വന്തം അനുഭവം തുറന്നു പറഞ്ഞ ഒരു സ്ത്രീയെ തെറിവിളിച്ചു നിശ്ശബ്ദയാക്കുന്നത് എന്ത് തരം സംസ്‌ക്കാരമാണെന്നും വിശ്വാസത്തിന്റെ പേരില്‍ സംസ്‌ക്കാര ശൂന്യമായ നടപടികളെ ന്യായീകരിക്കുന്നവരാണ് വിശ്വാസത്തിനു കളങ്കം വരുത്തുന്നതെന്നും രാജേഷ് പറഞ്ഞു.
‘മാധ്യമ പ്രവര്‍ത്തക റജീന മദ്രസ പഠന കാലത്ത് തനിക്കു നേരിടേണ്ടി വന്ന അനുഭവം ഫേസ്ബുക്കില്‍ കുറിച്ചത് ഇപ്പോള്‍ കൊടുങ്കാറ്റായിരിക്കുകയാണല്ലോ. റജീനയുടെ പോസ്റ്റിനെ തുടര്‍ന്ന് അവര്‍ക്ക് നേരെയുണ്ടായ തെറിവിളിയും ഭീഷണിയും അവരുടെ ഫേസ് ബുക്ക് അക്കൌണ്ട് തന്നെ പ്രവര്‍ത്തന രഹിതമാക്കിയതും അങ്ങേയറ്റത്തെ പ്രതിഷേധം അര്‍ഹിക്കുന്ന നടപടിയാണ്. സ്വന്തം അനുഭവം തുറന്നു പറഞ്ഞ ഒരു സ്ത്രീയെ തെറിവിളിച്ചു നിശ്ശബ്ദയാക്കുന്നത് എന്ത് തരം സംസ്‌ക്കാരമാണ്? ഏത് സദാചാരമാണ്? റജീനയുടെ വെളിപ്പെടുത്തല്‍ ഏതെങ്കിലും മതത്തിനോ വിശ്വാസത്തിനോ എതിരാവുന്നത് എങ്ങിനെയാണ്? വിശ്വാസത്തിന്റെ പേരില്‍ സംസ്‌ക്കാര ശൂന്യമായ നടപടികളെ ന്യായീകരിക്കുന്നവരാണ് വിശ്വാസത്തിനു കളങ്കം വരുത്തുന്നത്. ‘
‘മദ്രസാധ്യാപകനും അസാറാമിനെപ്പോലുള്ള കള്ള ദൈവങ്ങളും ചില തന്ത്രിമാരുമൊക്കെ ആരോപണം നേരിട്ടപ്പോള്‍ ഇക്കൂട്ടരുടെ അനുയായികള്‍ തെറിപ്പാട്ടുമായി ഇരകളെ നേരിടാനിറങ്ങുന്നത് തികഞ്ഞ അശ്ലീലമാണ്. റജീനയെ അശ്ലീല വാക്ക് കൊണ്ട് പീഡിപ്പിച്ചവരുടെ മനോഭാവം സ്ത്രീകളെ ശാരീരികമായി പീഡിപ്പിക്കുന്നവരുടെതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല. കപടസദാചാരക്കാരായ ഒളിഞ്ഞുനോട്ടക്കാരുടെ വൈകൃതം പുറത്തുവരുന്ന സന്ദര്‍ഭങ്ങളാണിതൊക്കെ. ഒരു സ്ത്രീയോട് ഇത്ര ഹീനമായ ഭാഷ ഉപയോഗിക്കുന്ന മാനസികാവസ്ഥയുള്ളവരാണ് അവസരം ഒത്തുവരുമ്പോള്‍ മോശമായി പെരുമാറുന്നതും. സ്ത്രീയും പുരുഷനും അടുത്തിരുന്നാല്‍ അരുതാത്തത് സംഭവിക്കുമെന്ന് കരുതുന്നതും ഈ വൈകൃതക്കാരാണ്. അവര്‍ എല്ലാവരിലും ഈ വൈകൃതം കാണുന്നു. സദാചാര പൊലീസിങ്ങിനും ലിംഗ വിവേചനത്തിനും എതിരായ നിലപാട് എടുത്തവരെ ഭര്‍ത്സിച്ചവരുടെ യഥാര്‍ത്ഥ മുഖവും ഇരട്ടത്താപ്പും ഒരിക്കല്‍ക്കൂടി പുറത്തായിരിക്കുന്നു. ഇക്കാര്യങ്ങളില്‍ ഒരേ തൂവല്‍പക്ഷികളായ വര്‍ഗ്ഗീയ മതമൌലിക വാദികള്‍ക്ക് പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ ഭയമാണ്.’
Get real time update about this post categories directly on your device, subscribe now.
Discussion about this post