കലാപം ഒടുങ്ങാതെ തൃശ്ശൂരിലെ കോണ്‍ഗ്രസ്; ഡിസിസി അധ്യക്ഷസ്ഥാനത്തില്‍ കണ്ണുനട്ട് ഐഗ്രൂപ്പ്; എ ഗ്രൂപ്പിനെ കടന്നാക്രമിച്ച് ഗോപപ്രതാപന്‍

തൃശ്ശൂര്‍: കോണ്‍ഗ്രസില്‍ പുനഃസംഘടനയടുത്തതോടെ തൃശ്ശൂരില്‍ ആധിപത്യമുറപ്പിക്കാന്‍ ഐ ഗ്രൂപ്പ് കരുനീക്കം തുടങ്ങി. മന്ത്രി സി.എന്‍ ബാലകൃഷ്ണനെ അനുകൂലിച്ചും എ ഗ്രൂപ്പ് നേതൃത്വത്തെ കടന്നാക്രമിച്ചും ഹനീഫ വധക്കേസില്‍ ആരോപണ വിധേയനായ ഗോപപ്രതാപന്‍ രംഗത്തെത്തി. ഹനീഫയുടെ മരണം ഗ്രൂപ്പ് കൊലപാതകമെന്ന് വരുത്തി തീര്‍ക്കാന്‍ ഡിസിസി പ്രസിഡന്റ് ഗൂഢാലോചന നടത്തിയെന്നാണ് ഗോപപ്രതാപന്റെ ആരോപണം. ഐ ഗ്രൂപ്പ് സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെയാണ് ഗോപപ്രതാപന്റെ പരസ്യ പ്രസ്താവനയെന്നാണ് സൂചന.

മകളെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനു പിന്നാലെ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നതോടെ മന്ത്രി സി.എന്‍ ബാലകൃഷ്ണനും തൃശ്ശൂരിലെ ഐ ഗ്രൂപ്പ് നേതൃത്വവും പ്രതിരോധത്തിലായിരുന്നു. പരാജയ കാരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതോടെ എ ഗ്രൂപ്പ് ഭരിക്കുന്ന ഡിസിസിക്കെതിരെ കരുനീക്കങ്ങളും സജീവമായി. തൃശ്ശൂരില്‍ വീണ്ടും ഗ്രൂപ്പ് തര്‍ക്കം മുറുകുന്നുവെന്ന സൂചന നല്‍കിയാണ് പുറത്താക്കപ്പെട്ട ഗുരുവായൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഗോപപ്രതാപന്‍ രംഗത്തുവന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫയുടെ കൊലപാതകത്തിന് പിന്നില്‍ താനാണെന്ന് വരുത്തി തീര്‍ക്കാന്‍ ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കള്‍ ശ്രമം നടത്തിയെന്നാണ് ഗോപപ്രതാപന്റെ ആരോപണം. തന്നെയും മന്ത്രി സിഎന്‍ ബാലകൃഷ്ണനെയും പ്രതിക്കൂട്ടിലാക്കാന്‍ കോണ്‍ഗ്രസില്‍ ഗൂഢാലോചന നടന്നു. ഡിസിസി പ്രസിഡന്റ് അബ്ദുറഹ്മാന്‍കുട്ടി ഉള്‍പ്പടെയുള്ളവര്‍ ഇതിനു ചുക്കാന്‍ പിടിച്ചെന്നും ഗോപപ്രതാപന്‍ പറഞ്ഞു.

ജില്ലയില്‍ കോണ്‍ഗ്രസിനുണ്ടായ തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് മന്ത്രിയെ രക്ഷിക്കുന്നതിലുപരി എ ഗ്രൂപ്പിനെ കടന്നാക്രമിച്ച് ഡിസിസി പ്രസിഡന്റ് പദവി പിടിച്ചെടുക്കാനും ഐ ഗ്രൂപ്പ് കച്ച മുറുക്കിയതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പുനഃസംഘടനാ ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെ മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ പിന്തുണയോടെയാണ് ഗോപപ്രതാപന്‍ പരസ്യ പ്രതിരകണത്തിന് മുതിര്‍ന്നതെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News