ബുര്‍ഖയിട്ട് പുറത്തിറങ്ങിയാല്‍ പിഴ ആറര ലക്ഷം രൂപ; ഫ്രാന്‍സിനും ബെല്‍ജിയത്തിനും പുറമേ ബുര്‍ഖയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി സ്വിറ്റ്‌സര്‍ലന്‍ഡും

സ്വിറ്റ്‌സര്‍ലന്‍ഡിലും ബുര്‍ഖ ഇടുന്നതിന് വിലക്ക് വരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഒരു പ്രദേശത്ത് ബുര്‍ഖ ധരിച്ച് പുറത്തിറങ്ങുന്ന സ്ത്രീകളില്‍ നിന്നും പിഴ ഈടാക്കാന്‍ തീരുമാനം. ഇത്തരക്കാരില്‍ നിന്നും 6,500 ബ്രിട്ടീഷ് പൗണ്ട് പിഴയായി ഈടാക്കാന്‍ നിര്‍ദേശിച്ചു കൊണ്ട് പുതിയ നിയമം പുറത്തിറങ്ങി. അതായത് പിഴത്തുക ഇന്ത്യന്‍രൂപയില്‍ ഏകദേശം 6,52,000 രൂപ വരും. മുഖം മുഴുവന്‍ മറക്കുന്ന ആവരണം കൊണ്ട് മുഖം മറക്കുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കുമെന്നാണ് സ്വിസ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇറ്റാലിയന്‍ ഭാഷ സംസാരിക്കുന്ന ടിസിനോ പ്രവിശ്യയിലാണ് ബുര്‍ഖയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്.

മുഖാവരണം ഉപയോഗിച്ച് മുഖം മറച്ച് ഷോപ്പുകളില്‍ പോകാനോ, റസ്‌റ്റോറന്റുകളില്‍ പോകാനോ പാടില്ല. വാഹനം ഓടിക്കുന്നതിനു പോലും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാസ്‌കുകള്‍, മുഖം മുക്കാലും മറക്കുന്ന പ്രത്യേക വസ്ത്രം, ക്രാഷ് ഹെല്‍മെറ്റുകള്‍ എന്നിവയ്ക്കും പതുക്കെ നിയന്ത്രണം വരും. 2013-ല്‍ കൊണ്ടുവന്ന പ്രമേയത്തില്‍ വോട്ടെടുപ്പ് നടത്തിയ ശേഷം അതിന്റെ അടിസ്ഥാനത്തിലാണ് നിയമം തയ്യാറാക്കിയത്. പ്രമേയത്തെ അനുകൂലിച്ച് മൂന്നില്‍ രണ്ട് ഭാഗം ആളുകളും വോട്ടുചെയ്തു.

യൂറോപ്പിലാകമാനം പുറപ്പെടുവിച്ച തീവ്രവാദ ആക്രമണത്തിന്റെ ജാഗ്രതാനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബുര്‍ഖയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇസ്ലാം മതമൗലികവാദികള്‍ക്ക് ഒരു സന്ദേശമായിരിക്കും ഈ നിയന്ത്രണം എന്ന് നിയമത്തിന്റെ കരടു തയ്യാറാക്കിയ ജിയോര്‍ജിയോ ഗിരിങ്കെല്ലി പറഞ്ഞു. ഈ നിയമം അനുസരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് പ്രവിശ്യയിലേക്ക് വരാം. അല്ലാതെ മതവിശ്വാസത്തിന്റെ പേരില്‍ സമാന്തര സമുദായം ഉണ്ടാക്കാന്‍ നോക്കിയാല്‍ അവര്‍ക്ക് സ്വാഗതമില്ലെന്നും ജിയോര്‍ജിയോ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News